1. പിഎം കിസാൻ സമ്മാൻ നിധിയുടെ 14-ാം ഗഡുവിനായി ഇപ്പോൾ അപേക്ഷിക്കാം. രാജ്യത്തെ കർഷകർക്ക് ഓരോ നാല് മാസത്തിലും 2,000 രൂപ വീതം ലഭിക്കുന്ന പദ്ധതിയാണ് പിഎം കിസാൻ സമ്മാൻ നിധി യോജന. ഈ വർഷം ജൂലൈയിൽ 14-ാം ഗഡു ലഭിക്കുമെന്നാണ് സൂചന. ഇതിനായി www.pmkisan.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ നൽകേണ്ടത്. ‘Farmer's Corner’ എന്ന ഓപ്‌ഷൻ തിരഞ്ഞെടുത്ത്, New Farmer Registrationൽ ക്ലിക്ക് ചെയ്ത്, ആധാർ നമ്പർ നൽകി captchaയും പൂരിപ്പിക്കാം. ശേഷം, ആവശ്യമുള്ള വിവരങ്ങൾ നൽകി ‘Yes’ ക്ലിക്ക് ചെയ്യുക. ഈ വർഷം ഫെബ്രുവരിയിലാണ് എട്ട് കോടിയിലധികം കർഷകർക്ക് 13-ാം ഗഡു ലഭിച്ചത്. പദ്ധതി പ്രകാരം പ്രതിവർഷം 6,000 രൂപയാണ് കർഷകർക്ക് ലഭിക്കുക.
കൂടുതൽ വാർത്തകൾ: Ration കടകളിൽ പുഴുക്കലരിയ്ക്ക് ക്ഷാമം..കൂടുതൽ വാർത്തകൾ
2. കേരളത്തിലെ മൂല്യവർദ്ധിത കാർഷിക ഉത്പന്നങ്ങൾ ഇപ്പോൾ ഓൺലൈൻ വിപണിയിൽ. ഗുണമേന്മയുള്ള കാർഷിക ഉൽപന്നങ്ങൾ കൃഷിവകുപ്പിന്റെ നൂതന ബ്രാൻഡിങ്ങായ കേരളാഗ്രോ വഴി ഉപഭോക്താക്കളുടെ കൈകളിൽ എത്തും. ആമസോൺ, ഫ്ലിപ്കാർട്ട് സൈറ്റുകൾ വഴി ഓർഡർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് കൃഷിവകുപ്പിന്റെ വെബ്സൈറ്റ് keralaagriculture.gov.in/en/keral-agro സന്ദർശിക്കാം. സുഗന്ധ വ്യജ്ഞനങ്ങൾ,അരി, കാപ്പിപൊടി, തേൻ തുടങ്ങി 15 ഉൽപന്നങ്ങളാണ് വിപണിയിലുള്ളത്.
3. പാലക്കാട് തൃത്താലയിൽ വിഷു പ്രമാണിച്ച് ഒരാഴ്ച കൊണ്ട് സംഭരിച്ചത് 3,220 കിലോ പച്ചക്കറി. പച്ചക്കറിക്ക് ആവശ്യമായ വിപണി കണ്ടെത്തുന്നതിന്റെ ഭാഗമായി മുഴുവൻ പച്ചക്കറിയും ഹോർട്ടികോർപ് ഏറ്റെടുക്കുകയും ചെയ്തു. പച്ചക്കറി സംഭരണത്തിന്റെയും കൃഷിശ്രീ സെന്ററിന്റെയും ഉദ്ഘാടനം മന്ത്രി എംബി രാജേഷ് നിർവഹിച്ചു. കഴിഞ്ഞ 2 കൊല്ലത്തിനിടയിൽ തൃത്താലയിൽ 800 ലധികം ഹെക്ടറിലേക്ക് നെൽകൃഷി വ്യാപിപ്പിക്കുകയും, ലിഫ്റ്റ് ഇറിഗേഷൻ സ്കീമുകളിലൂടെ ജലസേചന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്തു.
4. വനാശ്രിത പട്ടികവര്‍ഗ്ഗ സമൂഹത്തിനായി നിരവധി പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെന്ന് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ. പാലക്കാട് കാഞ്ഞിരപ്പുഴയിൽ സംഘടിപ്പിച്ച വനസൗഹൃദ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട 60 പേര്‍ക്ക് ബീറ്റ് ഫോറസ്റ്റ് തസ്തികയില്‍ ജോലി നല്‍കാനുള്ള നടപടി സ്വീകരിച്ച് വരികെയാണെന്നും ഇവർക്കായി പഠനമുറികള്‍, പി.എസ്.സി പരിശീലനം, തേന്‍ സംസ്‌കരണ യൂണിറ്റ്, വനവിഭവങ്ങള്‍ക്ക് താങ്ങുവില തുടങ്ങിയ നിരവധി പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
5. ജനകീയ ജലബജറ്റ് പ്രകാശനവും ‘ഇനി ഞാനൊഴുകട്ടെ’ പദ്ധതിയുടെ മൂന്നാം ഘട്ടവും ഈ മാസം 17 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. രാജ്യത്താദ്യമായാണ് തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ ജനകീയ ജലബജറ്റ് തയ്യാറാക്കുന്നത്. 94 ഗ്രാമപഞ്ചായത്തുകളിൽ തയ്യാറാക്കിയ ജലബജറ്റിന്റെ പ്രകാശനമാണ് സംഘടിപ്പിക്കുന്നത്. നവകേരളം കർമപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ ജനകീയ പങ്കാളിത്തത്തോടെയാണ് ജലബജറ്റ് തയ്യാറാക്കിയത്.
6. ഓഗസ്റ്റ് 12 മുതൽ 16 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ഫ്രീഡം ഫെസ്റ്റിന്റെ വെബ്‌സൈറ്റ് വ്യവസായ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. ഓഗസ്റ്റ് 12 മുതൽ 16 വരെ തിരുവനന്തപുരത്താണ് ഫെസ്റ്റ് നടക്കുക. ഫെസ്റ്റിന്റെ ഭാഗമായി ഡിജിറ്റൽ ടെക്‌നോളജി,സ്റ്റാർട്ടപ്പുകൾ, ഇന്നൊവേഷനുകൾ, ഇന്നൊവേഷനും സമൂഹവും,മെഡിടെക്, എഡ്യൂടെക്,മീഡിയാടെക്, ഇ-ഗവേണൻസ്,ഓപ്പൺ ഹാർഡ്‌വെയർ, ടെക്‌നോ-ലീഗൽ ഫ്രെയിംവർക്ക്, അഗ്രിടെക്,ഫിൻടെക്, ഇന്റർനെറ്റ് ഗവേണൻസ് തുടങ്ങിയ വിവിധ മേഖലകളെക്കുറിച്ച് സെമിനാറുകളും ചർച്ചകളും പ്രദർശനങ്ങളും സംഘടിപ്പിക്കും.
7. കേരളത്തിൽ കാപ്പിയ്ക്ക് റെക്കോർഡ് വില. 1 ക്വിന്റൽ കാപ്പി പരിപ്പിന് 21,500 രൂപയാണ് വില. 2 ആഴ്ചക്കിടെ 1500 രൂപയാണ് വർധിച്ചത്. ഉണ്ടക്കാപ്പിയ്ക്ക് 54 കിലോഗ്രാമിന് 6500 രൂപയാണ് വില. വയനാട്ടിലും, കർണാടകയിലും കാപ്പി ഉൽപാദക രാജ്യങ്ങളായ ബ്രസീൽ, കൊളംബിയ, ഇന്തൊനേഷ്യ എന്നിവിടങ്ങളിലും കാപ്പി ഉൽപാദനം കുറഞ്ഞതാണ് വില വർധവിന്റെ പ്രധാന കാരണം.
8. മത്സ്യമേഖലയുടെ പ്രോത്സാഹനത്തിനായി 80 ശതമാനം സബ്‌സിഡി നൽകുമെന്ന് ഹിമാചൽ ഹോർട്ടികൾച്ചർ മന്ത്രി ജഗത് സിംഗ് നേഗി. ഏപ്രിൽ 15ന് ഹിമാചൽ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി ബിലാസ്പൂരിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1948 ഏപ്രിൽ 15നാണ് ഹിമാചൽ പ്രദേശ് ഇന്ത്യയുടെ സംസ്ഥാനമായി മാറുന്നത്. ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്കിന്റെ സഹായത്തോടെ കാൻഗ്രയെ സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കുമെന്നും മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കുന്നതിന് 80% വരെ സബ്‌സിഡി നൽകുമെന്നും ചടങ്ങിൽ മന്ത്രി പറഞ്ഞു.
9. കേരളത്തിൽ ഉയർന്ന ചൂട് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പാലക്കാട് ജില്ലയിലും കരിപ്പൂർ വിമാനത്താവളത്തിലും 39 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. ഇതിനുമുമ്പ് കണ്ണൂരിൽ 38.6 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. തൃശൂർ, പാലക്കാട്, കണ്ണൂർ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.