അടയ്ക്കയുടെ വില കഴിഞ്ഞ 5 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിൽ. കാലാവസ്ഥാ വ്യതിയാനവും കോവിഡ് ബാധയും മൂലം പ്രതിസന്ധിയിലായ കർഷകർക്ക് ഇത് വലിയൊരു ആശ്വാസമാണ് നൽകുന്നത്.(The payout price of arecanut is the highest in the last 5 years. This is a great relief for the farmers who have been affected by climate change and the Covid impact). ഒരു കിലോഗ്രാം പുതിയ അടയ്ക്കയുടെ വില 325 രൂപയാണ് ,പഴയ അടയ്ക്കയുടേത് 340 ഉം. ഒരാഴ്ചയായി വില മാറ്റമില്ലാതെ നിൽക്കുന്നു. കഴിഞ്ഞ വർഷം ഈ സമയത്ത് പുതിയ അടയ്ക്കയ്ക്ക് 230 ഉം പഴയതിന് 290 രൂപയുമായിരുന്നു വില. കഴിഞ്ഞ 5 വർഷത്തിനിടെ ആദ്യമായാണ് പുതിയ അടയ്ക്കയ്ക്ക് വില കിലോഗ്രാമിന് 325ൽ എത്തുന്നത് .നേരത്തെ 350 രൂപ വരെ ലഭിച്ചിട്ടുണ്ട്. കോവിഡ് രോഗബാധയെ തുടർന്നുള്ള ലോക്ഡൗണിനു ശേഷം ഒരു കിലോഗ്രാം അടക്കയ്ക്ക് 60 രൂപയാണ് വർധിച്ചത്. മറ്റു രാജ്യങ്ങളിൽ നിന്നുള്ള അടയ്ക്കയുടെ വരവ് നിലച്ചതാണ് വില ഉയരാൻ കാരണം. സമ്പൂർണ ലോക്ഡൗണിനു മുൻപ് 265 രൂപയായിരുന്നു വില.
ലോക്‌ഡൗൺ ഇളവ് പ്രഖ്യാപിച്ച ശേഷം 250 രൂപയ്ക്കാണ് കച്ചവടം തുടങ്ങിയത്. എന്നാൽ പിന്നീട് വില കുതിക്കുകയായിരുന്നു. മ്യാൻമർ, ഇന്തൊനീഷ്യ മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നു ഗുണനിലവാരം കുറഞ്ഞ അടയ്ക്ക അനധികൃതമായി വരുന്നതായിരുന്നു മുൻപ് വില കുറയാൻ കാരണം. എന്നാൽ ഇപ്പോൾ അത് നിലച്ചതോടെ കർഷകർക്കു നേട്ടമായി. കാസർകോട് ജില്ലയിൽ 19000 ഹെക്ടറിലധികം പ്രദേശത്ത് കമുക് കൃഷിയുണ്ട്. കനത്ത ചൂട് കാരണം കഴിഞ്ഞ 2 വർഷങ്ങളിൽ ജില്ലയിൽ വൻ തോതിൽ കമുക് കൃഷി നശിച്ചിരുന്നു. ചൂട് കാരണം പൂക്കുല കരിഞ്ഞ് ഉൽപാദനം കുറയുകയും ചെയ്തു. ഏറ്റവും കൂടുതൽ അടയ്ക്ക സംഭരിക്കുന്ന കാംപ്കോയുടെ ഇടപെടലാണ് വില താഴാതെ നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്.