1. കർഷകർക്കും കൃഷി അധിഷ്ടിത സംരംഭങ്ങൾ നടത്തുന്നവർക്കും 3% പ്രതിവർഷ പലിശ ഇളവോട് കൂടി 2 കോടി രൂപ വരെ വായ്പ്പ. നാഷനല്‍ അഗ്രിക്കൾച്ചറൽ ഇന്‍ഫ്രാ ഫിനാന്‍സിങ് ഫെസിലിറ്റി എന്ന പദ്ധതിയിലൂടെയാണ് രണ്ടു കോടി രൂപ വരെയുള്ള വായ്പ്പയ്ക്ക് പലിശയിളവ് ലഭിക്കുന്നത്, പരമാവധി ഏഴു വര്‍ഷം വരെയാണ് 3% പലിശയിളവ് ലഭിക്കുക. കമ്യൂണിറ്റി ഫാമിങ് വികസന പദ്ധതികള്‍, സ്മാര്‍ട് അഗ്രിക്കള്‍ച്ചര്‍ സംവിധാനങ്ങള്‍, പാക്കിങ് യൂണിറ്റ്, സംസ്‌കരണ യൂണിറ്റ് അടക്കമുള്ള അടിസ്ഥാന സൗകര്യ വികസനത്തിനാണ് പദ്ധതിയുടെ കീഴിൽ അപേക്ഷ സമർപ്പിക്കാനാകുക. വിവിധ പ്രദേശങ്ങളിലായി രണ്ടു കോടി രൂപ വരെ വായ്പ ലഭിക്കുന്ന 25 പദ്ധതികൾക്ക് വരെ ഒരു വ്യക്തിക്ക് അപേക്ഷ സമര്‍പ്പിക്കാം. കൂടുതൽ വിവരങ്ങൾക്കും റജിസ്റ്റർ ചെയ്യുന്നതിനും agriinfra.dac.gov.in സന്ദർശിക്കുക.
2. കേരളത്തിലെ അരി വില നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി ആരംഭിച്ച സപ്ലൈകോയുടെ അരി വണ്ടികള്‍, ഒരാഴ്ച്ചകൊണ്ട് സബ്‌സിഡി നിരക്കിൽ വിതരണം ചെയ്‌തത് 1,31,464 കിലോ അരി. നവംബർ രണ്ടിനാണ് അരിവണ്ടികള്‍, മന്ത്രി ജി ആർ അനിൽ ഫ്ലാഗ് ഓഫ് ചെയ്‌തത്. ആദ്യ ദിവസം തന്നെ 9112 കിലോ അരി വിതരണം നടത്തി. ഒറ്റ ദിവസം ഏറ്റവും കൂടുതൽ സബ്സിഡി അരി വിതരണം ചെയ്‌തത് പുനലൂർ ഡിപ്പോയിൽ ആണ്. നവംബർ അഞ്ചിന് 8135 കിലോ അരിയാണ് പുനലൂർ ഡിപ്പോയിൽ അരിവണ്ടിയിലൂടെ മാത്രം നല്‍കിയത്.17 അരിവണ്ടികളാണ് വിവിധ സ്ഥലങ്ങളിലായി ഏർപ്പെടുത്തിയിരിക്കുന്നതെന്ന് സപ്ലൈകോ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോക്ടർ സഞ്ജീബ് പട്‌ജോഷി പറഞ്ഞു. സപ്ലൈകോ സ്റ്റോറുകൾ ഇല്ലാത്ത മേഖലകളിലാണ് അരിവണ്ടി സഞ്ചരിക്കുന്നത്.
3. സംസ്ഥാനത്തെ കൃഷിഭവനുകൾ സ്‌മാർട്ട് കൃഷിഭവനുകളാക്കി ഉയർത്താനുള്ള തീരുമാനത്തിന്റെ ഭാഗമായി ഈ വർഷം സ്മാർട്ട് ആവുന്ന കൃഷിഭവനുകളിൽ ആലങ്ങാടും ഉൾപ്പെടുമെന്ന് കൃഷി മന്ത്രി പി. പ്രസാദ് അറിയിച്ചു. സ്മാർട്ട് ആകുന്നതോടെ വിളകളുടെ ആരോഗ്യകേന്ദ്രമെന്നനിലയിൽ കൃഷി ഭവനുകൾ മാറും. ഇക്കോ ഷോപ്, ബയോ ഫാർമസി, അടിസ്ഥാന സൗകര്യ വികസന ഉപദേശക ഇടങ്ങൾ, അഗ്രോ സർവീസ് സെന്റർ എന്നിവ ഇതിന്റെ ഭാഗമാകും. സ്‌മാർട്ട് കൃഷിഭവനുകളിൽ കോൾ സെന്ററും ഉന്നതതല പരിശീലന സംവിധാനങ്ങളുമുണ്ടാകും. കർഷകന് തിരിച്ചറിയൽ കാർഡും സ്മാർട്ട് കാർഡും ലഭ്യമാക്കും.
4. കുഴുപ്പിള്ളി കൃഷിഭവന്റെ നേതൃത്വത്തിൽ ജൈവ പച്ചക്കറി കർഷകരുടെ കൂട്ടായ്മ ആഴ്ച ചന്ത സംഘടിപ്പിക്കുന്നു. ജീവനി കാർഷിക വിപണിയാണ് എല്ലാ ബുധനാഴ്ച യും ആഴ്ച്ച ചന്ത സംഘടിപ്പിക്കുന്നത്. കൃഷിവകുപ്പ് പദ്ധതി ആയി ആരംഭിച്ച ആഴ്ച ചന്ത പിന്നീട് വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി വിപുലീകരിക്കുകയുണ്ടായി. ഗ്രാമപഞ്ചായത്ത് ഓഫീസിനോട് ചേർന്ന് പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൽ നിന്നും ബുധനാഴ്ച കളിൽ കർഷകരുടെ ഓർഗാനിക് ഉൽപ്പന്നങ്ങൾ വിശ്വസിച്ചു വാങ്ങുന്നതിന് സാധിക്കുമെന്ന് കൃഷി അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു.
5. നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനയുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിൽ പരിശോധന കടുപ്പിച്ച് സ്പെഷ്യല്‍ സ്ക്വാഡ്. നിത്യോപയോഗ സാധനങ്ങളുടെ പ്രത്യേകിച്ച്, അരിയുടെ വിലവർദ്ധന കണക്കിലെടുത്ത് ഭക്ഷ്യധാന്യങ്ങളുടെ കരിഞ്ചന്ത, പൂഴ്ത്തി വെപ്പ്, കൃത്രിമ വിലക്കയറ്റം എന്നിവ തടയുന്നതിനായി ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ രൂപീകരിച്ച സ്പെഷ്യല്‍ സ്ക്വാഡ് ജില്ലയിലെ 231 മൊത്ത, ചില്ലറ വ്യാപാര കേന്ദ്രങ്ങളിലാണ് ഇതുവരെ പരിശോധന നടത്തിയത്. ക്രമക്കേടുകളെ തുടര്‍ന്ന് 54 കച്ചവട സ്ഥാപനങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാതിരിക്കുക, പര്‍ച്ചേസ് ബിൽ, ഇന്‍വോയ്‌സ് എന്നിവ ഇല്ലാതെ അനധികൃതമായി ഭക്ഷ്യധാന്യങ്ങള്‍ സംഭരിക്കുക, സാധനങ്ങള്‍ വാങ്ങിയ വിലയിലും വില്പന വിലയിലും ക്രമാതീതമായ വ്യത്യാസം കാണുക, അളവ് തൂക്ക ഉപകരണങ്ങള്‍ മുദ്ര പതിപ്പിക്കാതിരിക്കുക തുടങ്ങിയ ക്രമക്കേടുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ കർശന നടപടി സ്വീകരിക്കുമെന്നും പരിശോധന വരും ദിവസങ്ങളിലും തുടരുമെന്നും ജില്ലാ കലക്ടർ ഡോ.എൻ. തേജ് ലോഹിത് റെഡ്ഢി അറിയിച്ചു.
6. സംസ്ഥാനത്തെ കൈത്തറി മേഖലക്ക് ഉണർവേകുക എന്ന ലക്ഷ്യത്തോടെ കൈത്തറി വകുപ്പിന്റെ നേതൃത്വത്തിൽ ദേശീയ കൈത്തറി മഹോത്സവം സംഘടിപ്പിക്കും. തിരുവനന്തപുരത്ത് ചേർന്ന കൈത്തറി ഉപദേശകസമിതി യോഗത്തിന്റെ തീരുമാനപ്രകാരമാണിത് സംഘടിപ്പിക്കുക. രാജ്യത്തിനകത്തും പുറത്തും നിന്നുമായി ഡിസൈനർമാർ, വ്യാപാരികൾ തുടങ്ങിയവരുൾപ്പെടെ പങ്കെടുക്കുന്ന അതിവിപുലമായ മേളയാക്കി കൈത്തറി മഹോത്സവത്തെ മാറ്റും. സ്ഥലവും തീയതിയും പിന്നീട് തീരുമാനിക്കും.കൈത്തറി മേഖലയുടെ സാധ്യതകളും പ്രശ്നങ്ങളും പഠിച്ച് റിപ്പോർട്ട് നൽകാനായി വിദഗ്ധ സമിതിയെ നിയോഗിച്ചതായി അധ്യക്ഷനും മന്ത്രിയുമായ പി.രാജീവ് പറഞ്ഞു. കേരള കൈത്തറി ബ്രാന്റ് രജിസ്ട്രേഷൻ നടപടികൾ വേഗത്തിലാക്കാനും യോഗം തീരുമാനിച്ചു.
7. കൊയിലാണ്ടി നഗരസഭയിൽ കൃഷിഭവന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന കേരരക്ഷാ വാരാചരണത്തിന്റെ ഭാഗമായി സൗജന്യ പയർ വിത്ത് വിതരണവും ശീമക്കൊന്ന ഉപയോഗിച്ചുള്ള ജൈവവേലി പദ്ധതിയും ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് നിർവഹിച്ചു. തെങ്ങുകൾക്ക് പച്ചിലവളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ശീമക്കൊന്ന കമ്പ് വിതരണം ചെയ്യുന്നത്. തിരഞ്ഞെടുത്ത കേര കർഷകർക്കാണ് പയർവിത്തും ശീമക്കൊന്ന കമ്പും വിതരണം ചെയ്യുന്നത്. വികസനകാര്യ സ്റ്റാൻറിങ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിര ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് കൗൺസിലർ പ്രീജിഷ, കൃഷി ഓഫീസർ പി.വിദ്യ, കൃഷി അസിസ്റ്റൻറ് പി.കെ അംന, കാർഷിക വികസന സമിതി അംഗങ്ങൾ, വിവിധ പാടശേഖര സമിതി അംഗങ്ങൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.
8. തിരുവള്ളൂർ ഗ്രാമ പഞ്ചായത്തിൽ മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ മാസ്റ്റർ പ്ലാൻ തയ്യാറാകുന്നു. ഗ്രാമ പഞ്ചായത്തിലെ ചെറുതും വലുതുമായ ആറ് നീർത്തടങ്ങളെ അടിസ്ഥാനമാക്കിയാണ് പദ്ധതി ആവിഷ്കരിക്കുന്നത്. ഇതോടെ പ്രദേശത്തെ തൊഴിൽ സാധ്യത വർദ്ധിക്കുന്നതിനോടൊപ്പം തന്നെ മണ്ണു ജല സംരക്ഷണവും ജൈവ സുരക്ഷയും സാധ്യമാകും. പദ്ധതിയുടെ ജനകീയ വിളംബരത്തിന്റെ ഭാഗമായി നടന്ന നീർത്തട നടത്തം പ്രസിഡന്റ് സബിത മണക്കുനി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വൈസ് പ്രസിഡന്റ് F.M മുനീർ അധ്യക്ഷത വഹിച്ചു.
9. കേരളത്തിൽ പേവിഷബാധ സംബന്ധിച്ച് പഠിക്കുവാൻ നിയോഗിച്ച മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന് അന്തിമ റിപ്പോർട്ട് കൈമാറി. വിശദമായ പഠനങ്ങൾക്ക് ശേഷമാണ് സമിതി അന്തിമ റിപ്പോർട്ട് നൽകിയത്. 2022 ജനുവരി മുതൽ സെപ്തംബർ വരെ പേവിഷബാധ മൂലം നടന്നിട്ടുള്ള 21 മരണങ്ങളെക്കുറിച്ച് സമിതി വിശദമായ അവലോകനം നടത്തുകയുണ്ടായി. റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.വാക്സിൻ, ഇമ്മ്യൂണോഗ്ലോബുലിൻ എന്നിവ കേന്ദ്ര ലബോറട്ടറിയിലെ പരിശോധനയിൽ ഗുണനിലവാരമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ വാക്സിൻ എടുത്ത വ്യക്തികളിൽ പ്രതിരോധ ശേഷി കൈവരുത്തുന്ന ആന്റിബോഡികളുടെ സാന്നിധ്യം ആവശ്യമുള്ള തോതിൽ ഉണ്ടെന്ന് ബംഗലൂരു നിംഹാൻസിൽ നടത്തിയ പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്.
10. PMFAI യുടെ 54ാമത് വാർഷിക ജനറൽ യോഗം ഇന്ന് 5.30 മണിക്ക് മുബൈയിലെ sun n sand ഹോട്ടലിലെ ജൂബിലി ഹാളിൽ വെച്ച് നടന്നു. PMFAIയുടെ പ്രസിഡൻ്റ് പ്രദീപ് ദാവേ സ്വാഗത പ്രസംഗം നിർവഹിച്ചു. ചടങ്ങിൽ കൃഷി ജാഗരൺ പങ്കാളികളായി
11. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം അടുത്ത 48 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിക്കാനും നവംബര്‍ 12 വരെ വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ച് തമിഴ്‌നാട് - പുതുച്ചേരി തീരത്തേക്ക് നീങ്ങാനും സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഫലമായി കേരളത്തില്‍ നവംബര്‍ 12, 13 തീയതികളില്‍ വ്യാപകമായ മഴയ്ക്ക് സാധ്യത.കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുതെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു.