തൃശ്ശൂർ: സുസ്ഥിര മത്സ്യബന്ധന രീതികൾ അവലംബിക്കുന്നതിനും മത്സ്യത്തൊഴിലാളികളുടെ തൊഴിൽ സുരക്ഷിത്വം ഉറപ്പ് വരുത്തുന്നതിനുമായി ജില്ലയിൽ അഴീക്കോട് ഫിഷറീസ് വില്ലേജ് മാനേജ്‌മെൻ്റ് കൗൺസിലിൻ്റെ (എഫ് വിഎംസി) ആഭ്യമുഖ്യത്തിൽ 'സുസ്ഥിര മത്സ്യബന്ധനവും കടൽസുരക്ഷയും' വിഷയത്തിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.
അഴീക്കോട്, പുത്തൻപള്ളി 4 സീസൺസ് ഹാളിൽ നടന്ന പരിപാടി എറിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പി. രാജൻ ഉദ്ഘാടനം ചെയ്തു. എറിയാട് ഗ്രാമപഞ്ചായത്ത് മെമ്പർ പ്രസീന റാഫി അധ്യക്ഷയായി. മതിലകം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നൗഷാദ് കറുകപ്പാടത്ത് മുഖ്യാതിഥിയായി.
കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം, ഫിഷറീസ് വകുപ്പിൻ്റെ വിവിധ പദ്ധതികൾ, കേന്ദ്ര- സംസ്ഥാന സുരക്ഷാ ഏജൻസികളുടെ സുരക്ഷാ നിർദ്ദേശങ്ങൾ എന്നി വിഷയങ്ങളെ കുറിച്ച് കൊച്ചി സിഐഎഫ്എൻഇടി (CIFNET) ലെ ശാസ്ത്രഞ്ജൻ കെ.പ്രദീപ്, അഴിക്കോട് ഫിഷറീസ് സ്റ്റേഷൻ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്‌ടർ എം.എഫ് പോൾ, കൊടുങ്ങല്ലൂർ എം.എഫ്. ഫയർ ആൻ്റ് സേഫ്റ്റി ഓഫീസർ റീനിഷ് എന്നിവർ ക്ലാസ്സുകൾ നയിച്ചു.
അഴീക്കോട് ഫിഷ് ലാൻറിങ്ങ് സെൻറർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മത്സ്യതൊഴിലാളികൾ , കോസ്റ്റൽ പോലീസ്, ബോട്ട് ഉടമകൾ, ബോട്ട് ഓണേഴ്സ് അസോസിയേഷൻ പ്രതിനിധികൾ, കടലോര ജാഗ്രതാ സമിതി അംഗങ്ങൾ, എഫ്എൽസി മനേജ്മെൻറ് കമ്മറ്റി പ്രതിനിധികൾ, മറ്റ് മത്സ്യ മേഖല പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. മറൈൻ എൻഫോഴ്‌സ് മെൻ്റ് ആൻ്റ് വിജിലൻസ് വിങ്ങിലെ ഓഫീസർമാരായ വി.എൻ പ്രശാന്ത് കുമാർ, ഇ.ആർ ഷിനിൽകുമാർ, വി എം ഷൈബു എന്നിവർ നേതൃത്വം നൽകി. എഎഫ്ഇഒ സംന ഗോപൻ നന്ദി പറഞ്ഞു. ഫിഷറീസ് വകുപ്പ് സ്റ്റേറ്റ് ഫിഷറീസ് മാനേജ്മെൻ്റ് കൗൺസിൽ വഴി വിവിധ പ്രവർത്തനങ്ങൾ നടത്തി വരുന്നതിൻ്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.