തൃശൂർ ജില്ലാ വ്യവസായ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ഈറ്റ, മുള സംരംഭകർക്ക് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. വ്യവസായ കേന്ദ്രം കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത മേഖലയിൽ പുതിയ കാലത്തിനനുസരിച്ച് മാറ്റം വരണമെന്നും അവർ നേരിടുന്ന വെല്ലുവിളികളും പ്രശ്നങ്ങളും മനസിലാക്കി പരിഹരിക്കാൻ കഴിയണമെന്നും ഡേവിസ് മാസ്റ്റർ പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: ഇലക്ഷന് കൂടുതൽ ഉപയോഗിക്കേണ്ടത് തെങ്ങിന്റെയും മുളയുടേയും ഉത്പന്നങ്ങൾ - ഹരിത കേരളം മിഷൻ
ഈറ്റ, മുള മേഖലയിൽ പ്രവർത്തിക്കുന്നവർ നേരിടുന്ന വെല്ലുവിളികളായ അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവ്, നൂതന പരിശീലനത്തിൻ്റെ അഭാവം, മാർക്കറ്റിങ് പ്രശ്നങ്ങൾ, വിപണി കണ്ടെത്താനുള്ള ബുദ്ധിമുട്ട് എന്നിവയെക്കുറിച്ചും പരിഹാര മാർഗങ്ങളെക്കുറിച്ചും കില ഫാക്കൽറ്റി സുരേഷ് നാരായണൻ ക്ലാസെടുത്തു. മുളയുടെ പ്രത്യേകതകളെക്കുറിച്ചും സാധ്യതകളെക്കുറിച്ചും മുളയിൽ നിന്ന് ലോകത്താകമാനം ലഭ്യമാകുന്ന പ്രകൃതി സൗഹൃദ ഉൽപന്നങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: ഭൂ സംരക്ഷണത്തിന് വിളയായി മുള
ലോകം ഇക്കോ ഫ്രണ്ട്ലി ഉൽപന്നങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുമ്പോൾ ഈറ്റ, മുള ഉൽപന്നങ്ങൾക്ക് പ്രാധാന്യം കൂടി വരികയാണെന്നും ഇത് പ്രയോജനപ്പെടുത്താൻ നമുക്ക് കഴിയണമെന്നും മുഖ്യ പ്രഭാഷണം നടത്തിയ കേരള സ്റ്റേറ്റ് ബാംബൂ കോർപറേഷൻ ചെയർമാൻ ടി കെ മോഹനൻ പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: ഈറ്റയിലും മുളയിലും ഓഫീസ് സ്‌റ്റേഷനറി ഉത്പന്നങ്ങൾ നിർമ്മിച്ചു ബാംബൂ കോര്‍പറേഷന്‍
പരമ്പരാഗത തൊഴിലുകൾ നിലനിർത്തി കാലാനുസൃതമായി പരിഷ്ക്കരിച്ച് വൈദഗ്ധ്യവും പ്രോത്സാഹനവും നൽകി ആ മേഖലയെ പുഷ്ടിപ്പെടുത്താൻ കഴിയണമെന്ന് ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ഡോ കെ എസ് കൃപകുമാർ അറിയിച്ചു. ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയുള്ള വിപണി സാധ്യതകൾ ഉപയോഗപ്പെടുത്തേണ്ടതിൻ്റെ പ്രാധാന്യവും അദ്ദേഹം വ്യക്തമാക്കി. ഈറ്റ, മുള മേഖലയിൽ പ്രവർത്തിക്കുന്നവരും സംരംഭകരും അവരുടെ ആവശ്യങ്ങളും പ്രശ്നങ്ങളും പങ്കുവെച്ചു.
ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ കെ എസ് ജയ അധ്യക്ഷത വഹിച്ച പരിപാടിയിൽ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ വി നഫീസ, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ എം അഷ്റഫ്, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ കെ എ ജിഷ എന്നിവർ പങ്കെടുത്തു.