മലയാളിക്ക് ഓണാഘോഷമെന്നാല്‍ പ്രധാനമായും വിഭാവസമൃദ്ധമായ സദ്യതന്നെയാണ്. ഓണസദ്യ വാഴയിലയില്‍ തന്നെ ഉണ്ണുന്നതാണ് നമ്മുക്ക് ശീലം.പണ്ട് കാലങ്ങളിലെല്ലാം വീട്ടിലെ പറമ്പുകളില്‍ കൃഷി ചെയ്യുന്ന വാഴയിലകള്‍ ശേഖരിച്ച് ഓണമുണ്ണുന്ന മലയാളിക്ക് ഇന്ന് മറ്റെല്ലാ കാര്യത്തിലുമെന്നപോലെ ഇതിനും അന്യ സംസ്ഥാനക്കാരെ ആശ്രയിക്കേണ്ട അവസ്ഥയാണ്.. തമിഴ്‌നാട്ടില്‍ നിന്നാണ് കേരളത്തില്‍ സദ്യ വിളമ്പാനുള്ള വാഴയിലകളെത്തിക്കുന്നത്.അത്തം പിറക്കുന്നതോടെ വാഴയില വിപണിയില്‍ സജീവമാകും.മേട്ടുപ്പാളയം, തൂത്തുക്കുടി എന്നിവിടങ്ങളില്‍ നിന്നാണ് വാഴയിലയെത്തുന്നത്.
കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ തൂശനിലയ്ക്ക് ഇന്ന് രണ്ടുരൂപയാണ് വില. തിരുവോണത്തിനോട് അനുബന്ധിച്ച് വില ഉയരും. പരമാവധി ആറുരൂപാവരെയാണ് വില ഇതിന് മുന്‍പ് കൂടിയിട്ടുള്ളത്. നൂറെണ്ണത്തിന്റെ കെട്ടുകളാക്കിയാണ് വില്‍പന. ഗള്‍ഫ് നാടുകളിലെ ഓണസദ്യയ്ക്കുവേണ്ടിയും പാളയത്തുനിന്നാണ് ഇലകള്‍ കടല്‍ കടക്കുന്നത്.വിവിധ സ്ഥാപനങ്ങളും ഹോട്ടലുകളും ഓണനാളുകളില്‍ സദ്യ വാഴയിലയില്‍ വിളമ്പാന്‍ തീരുമാനിക്കുന്നതും വിപണിയെ സജീവമാക്കാറുണ്ട്.