തൃശ്ശൂർ: ജില്ലയിലെ മുഴുവന്‍ പോളിങ് ബൂത്തുകളിലും വോട്ടര്‍മാര്‍ക്കും പോളിങ് ഉദ്യോഗസ്ഥര്‍ക്കും കമ്മീഷന്‍ നിഷ്‌കര്‍ഷിച്ച പ്രകാരമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കും. വേനല്‍ കണക്കിലെടുത്ത് വോട്ടര്‍മാര്‍ക്ക് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ പോളിങ് സ്റ്റേഷനുകളില്‍ തണല്‍പന്തല്‍ ഒരുക്കും.
പോളിങ് ബൂത്തുകളുടെ സ്ഥാനം, ലഭ്യമായ സൗകര്യങ്ങള്‍, വോട്ടര്‍ അസിസ്റ്റന്‍സ് ബൂത്ത് എന്നിവയെക്കുറിച്ച് മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതിന് ശരിയായ അടയാളങ്ങള്‍ സ്ഥാപിക്കും. പ്രത്യേകം ശൗചാലയങ്ങളും ഒരുക്കും. ആവശ്യത്തിന് കുടിവെള്ളം സജ്ജമാക്കും. വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും റാമ്പ് സൗകര്യം ഉറപ്പാക്കും.
തിരഞ്ഞെടുപ്പ് പ്രകൃതിസൗഹൃദമാക്കുന്നതിന് സമ്പൂര്‍ണ ഹരിതചട്ടം പാലിക്കും. ഒറ്റത്തവണ ഉപയോഗിക്കുന്ന നിരോധിത വസ്തുക്കള്‍ (ഡിസ്‌പോസബിള്‍ ഗ്ലാസുകള്‍, പാത്രങ്ങള്‍, പ്ലാസ്റ്റിക്, കുപ്പിവെള്ളം, പ്ലാസ്റ്റിക് കവറുകള്‍ മുതലായവ) പോളിങ് ബൂത്തില്‍ പൂര്‍ണമായും ഒഴിവാക്കണമെന്നാണ് നിര്‍ദേശം.
കുടിവെള്ള ഡിസ്‌പെന്‍സറുകള്‍ തയ്യാറാക്കണം. വെള്ളമെടുത്ത് കുടിക്കാനും ലഘു ഭക്ഷണങ്ങള്‍ നല്‍കുന്നതിനും സ്റ്റീല്‍/കുപ്പി ഗ്ലാസുകള്‍, പാത്രങ്ങള്‍ എന്നിവ ഒരുക്കണം. മാലിന്യം തരംതിരിച്ച് നിക്ഷേപിക്കാന്‍ ബിന്നുകള്‍ സ്ഥാപിക്കും. മാലിന്യനീക്കം ഹരിത കര്‍മസേന വഴി നടപ്പാക്കും. പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള ഭക്ഷണം പ്ലാസ്റ്റിക് കണ്ടെയ്‌നറുകളിലും സഞ്ചികളിലും വിതരണം ചെയ്യരുത്.