Updated on: 2 July, 2022 10:20 AM IST
പേവിഷബാധ ഉണ്ടാകുന്ന നാല്‍പത് ശതമാനം ആളുകളും 15 വയസിന് താഴെ പ്രായമുള്ളവരാണ്

അതീവ ഗൗരവത്തോടെ കാണേണ്ട ഒരു രോഗമാണ് പേവിഷബാധയെന്നും രോഗം വരാതിരിക്കാന്‍ പ്രതിരോധ കുത്തിവയ്പ് അടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കണമെന്നും പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍. അനിതകുമാരി അറിയിച്ചു. ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ 7209 പേരും ജൂണ്‍ മാസം മാത്രം 1261 പേരും വിവിധ മൃഗങ്ങളുടെ കടിയേറ്റ് ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്. പേവിഷബാധയുള്ള മൃഗങ്ങള്‍ നക്കുകയോ, മാന്തുകയോ, കടിക്കുകയോ ചെയ്യുമ്പോഴാണ് രോഗമുണ്ടാകുന്നത്. തലച്ചോറിനെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണിത്. 99 ശതമാനം പേവിഷബാധയും ഉണ്ടാകുന്നത് നായ്ക്കള്‍ മുഖേനയാണ്. വളര്‍ത്തുമൃഗങ്ങളായ പൂച്ച, പശു, ആട് എന്നിവ കൂടാതെ മലയണ്ണാന്‍, കുരങ്ങ് എന്നീ വന്യമൃഗങ്ങളില്‍ നിന്നും പേവിഷബാധ ഉണ്ടാകാം. പേവിഷബാധ ഉണ്ടാകുന്ന നാല്‍പത് ശതമാനം ആളുകളും 15 വയസിന് താഴെ പ്രായമുള്ളവരാണ്.

ലക്ഷണങ്ങള്‍

തലവേദന, ക്ഷീണം, പനി, കടിയേറ്റ ഭാഗത്തുണ്ടാകുന്ന വേദനയും തരിപ്പും എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. തുടര്‍ന്ന് വെളിച്ചം, വായു, വെള്ളം എന്നിവയോടുള്ള ഭയം ഉണ്ടാകുന്നു. സാധാരണ ഗതിയില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുവാന്‍ രണ്ട് മുതല്‍ മൂന്ന് മാസം വരെ എടുക്കും. ചിലപ്പോള്‍ അത് ഒരാഴ്ച മുതല്‍ ഒരു വര്‍ഷം വരെ ആകാം.

മൃഗങ്ങള്‍ നക്കുകയോ കടിക്കുകയോ മാന്തുകയോ ചെയ്താല്‍ മുറിവുള്ള ഭാഗത്ത് സോപ്പും വെള്ളവും ഉപയോഗിച്ച് 15 മിനിട്ട് നേരം കഴുകി മുറിവ് വൃത്തിയാക്കുക. ഇത് അപകട സാധ്യത 90 ശതമാനം വരെ കുറയ്ക്കും.
എത്രയും വേഗം ആശുപത്രിയിലെത്തി ഡോക്ടറുടെ നിര്‍ദേശ പ്രകാരം പ്രതിരോധ ചികിത്സ തേടുക. ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ വേണ്ടി കാത്തുനില്‍ക്കരുത്.

എങ്ങനെ പ്രതിരോധിക്കാം

  • വളര്‍ത്ത് മൃഗങ്ങള്‍ക്ക് യഥാസമയം പ്രതിരോധ കുത്തിവയ്പ് നല്‍കുക. നായ്ക്കള്‍ ജനിച്ച് മൂന്നാം മാസം കുത്തിവയ്പ് നല്‍കുകയും അതിന് ശേഷം എല്ലാ വര്‍ഷവും ബൂസ്റ്റര്‍ ഡോസും നല്‍കേണ്ടതാണ്. 

  • മൃഗങ്ങളോട് കരുതലോടെ ഇടപെടുക. ഉപദ്രവിക്കുകയോ ശല്യപ്പെടുത്തുകയോ ചെയ്യരുത്.

  • മൃഗങ്ങള്‍ കടിക്കുകയോ മാന്തുകയോ നക്കുകയോ ചെയ്താല്‍ ആ വിവരം യഥാസമയം വേണ്ടപ്പെട്ടവരെ അറിയിക്കണം എന്ന സന്ദേശം കുട്ടികള്‍ക്ക് നല്‍കുക.

  • മൃഗങ്ങളെ പരിപാലിക്കുന്ന വ്യക്തികളും പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുക. പേവിഷബാധ മാരകമാണ്. കടിയേറ്റാല്‍ ഉടനെയും തുടര്‍ന്ന് 3, 7, 28 എന്നീ ദിവസങ്ങളിലും പ്രതിരോധ കുത്തിവെയ്പ്പ് എടുക്കണം. മൃഗങ്ങളുടെ കടിയേറ്റാല്‍ പരമ്പരാഗത ഒറ്റമൂലി ചികിത്സകള്‍ തേടരുത്. പ്രഥമശുശ്രൂഷയും എത്രയും വേഗം വാക്സിന്‍ സ്വീകരിക്കുന്നതും വളരെ പ്രധാനമാണ്.

പേവിഷബാധക്കെതിരെയുള്ള ഐ.ഡി.ആര്‍.വി പത്തനംതിട്ട ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാണെന്നും മുറിവിനു ചുറ്റും എടുക്കുന്ന ഇമ്മ്യൂണോഗ്ലോബുലിന്‍ (എറിഗ് വാക്സിന്‍) ജില്ലാ ആശുപത്രി കോഴഞ്ചേരി, ജനറല്‍ ആശുപത്രി പത്തനംതിട്ട, ജനറല്‍ ആശുപത്രി അടൂര്‍, താലൂക്ക് ആശുപത്രി റാന്നി, താലൂക്ക് ആശുപത്രി തിരുവല്ല എന്നിവിടങ്ങളില്‍ സൗജന്യമായി ലഭ്യമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

English Summary: Be afraid of rabies and need protection against the infected dogs
Published on: 02 July 2022, 09:28 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now