ലോകത്തിന്റെ ചില ഭാഗങ്ങളിൽ വർദ്ധിച്ചുവരുന്ന കോവിഡ് കേസുകൾ സംബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ഇന്ന് വെള്ളിയാഴ്ച സംസ്ഥാനങ്ങളിലെയും, കേന്ദ്രഭരണ പ്രദേശങ്ങളിലെയും ആരോഗ്യ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യയുടെ തയ്യാറെടുപ്പിനെക്കുറിച്ച് വ്യാഴാഴ്ച ഉപരിസഭയിൽ അദ്ദേഹം സ്വമേധയാ പ്രസ്താവന നടത്തി. 'ഞങ്ങൾ സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുവരികയാണ്. ചൈനയ്ക്കും ഇന്ത്യയ്ക്കും ഇടയിൽ നേരിട്ടുള്ള വിമാനങ്ങളൊന്നുമില്ല, പക്ഷേ ആളുകൾ മറ്റ് റൂട്ടുകളിലൂടെയാണ് വരുന്നത്,' കേന്ദ്ര ആരോഗ്യ മന്ത്രി പറഞ്ഞു.
'കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ലോകമെമ്പാടുമുള്ള കോവിഡ് 19 കേസുകളുടെ വർദ്ധിച്ചുവരുന്ന വാർത്തകൾ നമ്മൾ കാണുന്നുണ്ട്, എന്നാൽ മറുവശത്ത്, കഴിഞ്ഞ ഒരു വർഷമായി ഇന്ത്യയിൽ കേസുകൾ തുടർച്ചയായ കുറഞ്ഞുകൊണ്ടിരിക്കുന്നു. നിലവിൽ രാജ്യത്തുടനീളം ശരാശരി 153 പുതിയ കേസുകൾ ഇപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടുന്നു, എന്നാൽ ആഗോളതലത്തിൽ ഏകദേശം 5.87 ലക്ഷം പുതിയ കേസുകൾ ഇപ്പോഴും പ്രതിദിനം ശരാശരി റിപ്പോർട്ട് ചെയ്യപ്പെടുന്നു', ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു. വൈറസിന്റെ അജ്ഞാതമായ ഒരു വകഭേദവും, ഇന്ത്യയിൽ പ്രവേശിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അതേ സമയം ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് തടസ്സമില്ലെന്നും മന്ത്രി പറഞ്ഞു.
ചൈനയും മറ്റ് ചില രാജ്യങ്ങളിലും, കൊവിഡ് കേസുകളുടെ വർദ്ധനവിന് സാക്ഷ്യം വഹിക്കുന്നു. ജപ്പാൻ, യുണൈറ്റഡ് സ്റ്റേറ്റ്സ്, ദക്ഷിണ കൊറിയ, ഫ്രാൻസ്, ഗ്രീസ്, ഇറ്റലി എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ധാരാളം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. അതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും അലംഭാവത്തിനെതിരെ മുന്നറിയിപ്പ് നൽകി, കർശനമായ ജാഗ്രതയ്ക്ക് ആഹ്വാനം ചെയ്തു, നിലവിലുള്ള നിരീക്ഷണ നടപടികൾ, പ്രത്യേകിച്ച് അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ, ശക്തിപ്പെടുത്താൻ അദ്ദേഹം നിർദ്ദേശിച്ചു.
ഇന്നലെ പ്രധാന മന്ത്രി നടത്തിയ കോവിഡ്19 ഉന്നതതല അവലോകന യോഗത്തിൽ, 'കോവിഡ് ഇതുവരെ അവസാനിച്ചിട്ടില്ല' എന്ന് പ്രധാനമന്ത്രി മോദി ആവർത്തിച്ചു. തിരക്കേറിയ സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കാനും പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു. രാജ്യത്ത് കൊറോണ വൈറസിന്റെ ഏതെങ്കിലും പുതിയ വകഭേദം കടക്കാനുള്ള സാധ്യത കുറയ്ക്കുന്നതിന് ഡിസംബർ 24 മുതൽ വിമാനത്താവളങ്ങളിൽ ഓരോ രാജ്യാന്തര വിമാനത്തിലും എത്തിച്ചേരുന്ന യാത്രക്കാരിൽ രണ്ട് ശതമാനം പേർക്ക് റാൻഡം പോസ്റ്റ്-അറൈവൽ കോവിഡ് പരിശോധന ഉറപ്പാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സിവിൽ ഏവിയേഷൻ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
ബന്ധപ്പെട്ട വാർത്തകൾ: ഡൽഹിയിൽ 10 കോവിഡ്19 കേസുകൾ, പോസിറ്റീവ് നിരക്ക് 0.41% ആയി ഉയർന്നു