1. രാജ്യത്തെ വിലക്കയറ്റം തടയാൻ 29 രൂപ നിരക്കിൽ ഭാരത് അരി (Bharat Rice) വിപണിയിലെത്തിക്കുമെന്ന് കേന്ദ്ര സർക്കാർ. നാഫെഡ്, എൻ.സി.സി.എഫ്, കേന്ദ്രീയ ഭണ്ഡാർ എന്നിവയിലൂടെ അടുത്ത ആഴ്ചമുതൽ അരി വിതരണം ചെയ്യുമെന്ന് കേന്ദ്രഭക്ഷ്യ സെക്രട്ടറി സഞ്ജീവ് ചോപ്ര അറിയിച്ചു. 5 കിലോഗ്രാം, 10 കിലോഗ്രാം വീതം പാക്കറ്റുകളിലാണ് അരി ലഭിക്കുക. നിലവിൽ 27.50 രൂപയ്ക്ക് ഭാരത് ആട്ടയും (Bharat Atta), 60 രൂപയ്ക്ക് ഭാരത് പരിപ്പും (Bharat Daal) സർക്കാർ വിതരണം ചെയ്യുന്നുണ്ട്. ഇതേ രീതിയിൽ ഭാരത് റൈസും വിതരണം ചെയ്യാനാണ് കേന്ദ്ര സർക്കാർ തീരുമാനം. ഇ-കൊമേഴ്സ് വെബ്സൈറ്റുകളിലും അരി ലഭ്യമാക്കും. 5 ലക്ഷം ടൺ അരി ആദ്യഘട്ടത്തിൽ വിപണിയിലെത്തിക്കും.
2. കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിൽ ഒരുക്കുന്ന ശീതീകരിച്ച പച്ചക്കറി സംഭരണ വിപണന കേന്ദ്രത്തിന്റെ നിർമാണോദ്ഘാടനം മന്ത്രി നിർവഹിച്ചു. കാർഷിക വിളകൾക്ക് ന്യായമായ വില ഉറപ്പാക്കി ഉൽപ്പന്നങ്ങൾക്ക് താങ്ങുവിലയെക്കാൾ കുറഞ്ഞ വില വരുന്ന സാഹചര്യം ഇല്ലാതാക്കുകയാണ് സംഭരണ വിപണന കേന്ദ്രത്തിലൂടെ ലക്ഷ്യമിടുന്നത്. അധികമായിവരുന്ന കാർഷിക ഉൽപ്പന്നങ്ങളെ മൂല്യവർദ്ധിത വസ്തുക്കളാക്കി കൂടുതൽ ആദായകരമായ രീതിയിൽ വരുമാനം കണ്ടെത്താനും ഇതിലൂടെ സാധിക്കും. കർഷകർക്കായി സംഭരണ വിപണന കേന്ദ്രം ഒരുക്കാൻ തീരുമാനിച്ച വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയെയും മന്ത്രി അഭിനന്ദിച്ചു.
3. കൊല്ലം ജില്ലയിൽ കുഞ്ഞുകൈകളില്‍ കോഴിക്കുഞ്ഞ് പദ്ധതിയ്ക്ക് തുടക്കം. സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം കടയ്ക്കല്‍, കുമ്മിള്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം മനോജ്കുമാര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. എട്ടാം ക്ലാസ്സിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സൗജന്യമായി അഞ്ച് മുട്ടക്കോഴി കുഞ്ഞുങ്ങളും ഒരു കിലോ തീറ്റയും മരുന്നുമാണ് വിതരണം ചെയ്തത്. വിദ്യാര്‍ഥികളുടെ ആരോഗ്യ സംരക്ഷണവും സംരംഭകശീലം വളര്‍ത്തുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
4. പുന്നപ്ര തെക്ക് പഞ്ചായത്തില്‍ തരിശുരഹിത കേരളം പദ്ധതിയ്ക്ക് തുടക്കം. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.ജി.സൈറസ് നിര്‍വഹിച്ചു. കര്‍ഷകര്‍ക്ക് കിഴങ്ങുവര്‍ഗ്ഗ കിറ്റ്, കുറ്റികുരുമുളക്, ടിഷ്യു കള്‍ച്ചര്‍ വാഴ, റെഡ് ലേഡി പപ്പായ എന്നിവ വിതരണം ചെയ്തു. 600 കര്‍ഷകര്‍ക്ക് ചേന, ചേമ്പ്, കാച്ചില്‍, ഇഞ്ചി, മഞ്ഞള്‍ എന്നിവയടങ്ങുന്ന കിറ്റിനൊപ്പം പത്ത് കിലോ വേപ്പിന്‍ പിണ്ണാക്കും, സ്ഥലപരിമിതിയുള്ള കര്‍ഷകർക്ക് അഞ്ച് കുറ്റികുരുമുളക് അടങ്ങുന്ന 510 യൂണിറ്റും നല്‍കി. പദ്ധതിയിലൂടെ ഗ്രാമപഞ്ചായത്തിലെ 1838 കര്‍ഷകര്‍ക്ക് ആനുകൂല്യം നല്‍കാന്‍ കഴിഞ്ഞതായി പി.ജി.സൈറസ് അറിയിച്ചു.