1. കണ്ണൂർ കൃഷിവിജ്ഞാനകേന്ദ്രത്തിൽ സംസ്ഥാന ഹോർട്ടികൾച്ചർ മിഷന്റെ സഹായത്തോടെ നിർമിച്ച ബയോ കൺട്രോൾ ലാബ് കൃഷിമന്ത്രി ശ്രീ.പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. എം വി ഗോവിന്ദൻ എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ വച്ച് കൃഷിവിജ്ഞാനകേന്ദ്രം പുറത്തിറക്കിയ
പരിസ്ഥിതി സൗഹൃദ സസ്യസംരക്ഷണം കൈപ്പുസ്തകവും ലഘുരേഖകളും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ പ്രകാശനാം ചെയ്തു. ഉന്നതമൂല്യമുള്ള വിളകളുടെയും മൂല്യവർധിത കൃഷിയുടെയും പ്രോത്സാഹനം ഉറപ്പാക്കുമെന്നും കർഷകരെ ബാധിക്കുന്ന കാലാവസ്ഥാവ്യതിയാനം, കാട്ടുപന്നി, കീടങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരമായി മെച്ചപ്പെട്ട വിത്തിനങ്ങളും കീടനാശിനികളും നൽകി ഇത്തരം സാഹചര്യങ്ങളിൽ കർഷകനെ സഹായിക്കാൻ ലബോറട്ടറി സംവിധാനത്തിന് കഴിയുമെന്നും ഉദ്‌ഘാടനവേളയിൽ മന്ത്രി പറഞ്ഞു. ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടിയ കർഷകരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എം കൃഷ്ണൻ ആദരിച്ചു. കൃഷി ജാഗരൺ സംഘടിപ്പിച്ച MFOI 2023 ലെ മില്യണയർ ഫാർമറായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ.രാഹുൽ ഗോവിന്ദ് കൃഷിമന്ത്രിയിൽ നിന്നും ആദരവ് ഏറ്റുവാങ്ങി.
2. ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി നടത്തിവരുന്ന 16-ാമത് അക്ഷയശ്രീ അവാർഡിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനതലത്തിൽ ഏറ്റവും നല്ല ജൈവകർഷകന് രണ്ടു ലക്ഷം (Rs. 2,00,000) രൂപയും ജില്ലാതലത്തിൽ 50,000/- രൂപാ വീതമുള്ള 13 അവാർഡുകളും മട്ടുപ്പാവ്, സ്കൂൾ, കോളേജ്, വെറ്ററൻസ്, ഔഷധസസ്യങ്ങൾ എന്നീ മേഖലകൾക്കായി 10,000/- രൂപ വീതമുള്ള 33 പ്രോത്സാഹന അവാർഡുകളും നൽകും. മൂന്നു വർഷത്തിനു മേൽ പൂർണമായും ജൈവഭക്ഷണകൃഷി ചെയ്യുന്ന കേരളത്തിലെ കർഷകർക്ക് അപേക്ഷിക്കാം. വെള്ളക്കടലാസിൽ കൃഷിയുടെ ലഘുവിവരണവും പൂർണ മേൽവിലാസവും വീട്ടിൽ എത്തിച്ചേരാനുള്ള വഴിയും 2 ഫോൺ നമ്പരുകളും, ജില്ലയും അപേക്ഷയിൽ എഴുതിയിരിക്കണം. പൂർണ വിവരങ്ങൾ അടങ്ങിയ അപേക്ഷ കെ. വി. ദയാൽ, അവാർഡ് കമ്മറ്റി കൺവീനർ, ശ്രീകോവിൽ, മുഹമ്മ പി.ഒ. ആലപ്പുഴ - 688525 എന്ന മേൽവിലാസത്തിൽ നവംബർ 30 നകം അയയ്‌ക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9447152460, 9447249971 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
3. സംസ്ഥാനത്ത് മഴ കനക്കുമെന്ന് കാലാവസ്ഥാകേന്ദ്രത്തിൻറെ മുന്നറിയിപ്പ്. തെക്കന്‍ കേരളത്തിന് മുകളില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി മാറുന്ന സാഹചര്യത്തിലാണ് കേരളത്തില്‍ മഴ കനക്കുന്നത്. ഈ സാഹചര്യത്തിൽ അടുത്ത മൂന്ന് ദിവസത്തേക്ക് വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലും നാളെ ഇടുക്കിയിലും വ്യാഴാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും പതിനൊന്നാം തീയതി തിരുവനന്തപുരം, കൊല്ലംജില്ലകളിലുമാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതിശക്ത മഴക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കൂടാതെ ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലും നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ലക്ഷദ്വീപ് മുതൽ തെക്കൻ കേരള തീരം വരെ ന്യൂനമാർദ പാത്തി നിലനിൽക്കുന്നതിനാൽ തീരപ്രദേശങ്ങളിൽ കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.