തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി മന്ത്രി കെ. രാജു. ആലപ്പുഴയിൽ 12,000 താറാവുകൾ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി ബാധിച്ചാണെന്ന് ഇതോടെ സ്ഥിരീകരിച്ചു. ഇവിടെ നിന്നും ശേഖരിച്ച സാമ്പിളുകളിൽ നടത്തിയ പരിശോധനയിലാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.
രോഗവ്യാപനത്തെ സംബന്ധിച്ച് ആശങ്ക വേണ്ടെന്നും ജാഗ്രത പുലർത്തണമെന്നും മന്ത്രി കെ രാജു അറിയിച്ചു. കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ആലപ്പുഴ ജില്ലയിലെ നെടുമുടി, തകഴി,പള്ളിപ്പാട്, കരുവാറ്റ, തലവടി, എടത്വ എന്നിവിടങ്ങളിലും കോട്ടയം ജില്ലയിലെ നീണ്ടൂരിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. എച്ച് 5 എൻ 8 വൈറസാണ് പക്ഷികളെ ബാധിച്ചിരിക്കുന്നത്.
രോഗം റിപ്പോർട്ട് ചെയ്‌ത പ്രദേശത്തിന്റെ ഒരു മീറ്റർ ചുറ്റളവിലുള്ള കോഴികൾ, താറാവുകൾ, അലങ്കാര പക്ഷികൾ ഉൾപ്പടെയുള്ള എല്ലാ പക്ഷികളെയും കൊന്നൊടുക്കാൻ ദ്രുതകർമ്മ സേനയ്ക്ക് സർക്കാർ നിർദേശം നൽകി കഴിഞ്ഞു. 38,000 താറാവുകളെ ഇതോടെ കൊന്നൊടുക്കേണ്ടതായി വരും.
വൈറസിനുണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ച് ഇതമനുഷ്യരിലേക്ക് പകരാൻ സാധ്യതയുണ്ട്. എന്നാൽ, ഇതുവരെ മനുഷ്യരിലേക്ക് ഇത് പകർന്നിട്ടില്ല എന്നാണ് വിദഗ്ദ്ധർ പറയുന്നത്. രോഗം സ്ഥിരീകരിച്ചതോടെ ഇരു ജില്ലകളിലെയും കളക്ടർമാരുടെ നേതൃത്വത്തിൽ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി. ഇരു ജില്ലകളിലും കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.