എറണാകുളം: കൂനമ്മാവ് സെൻ്റ് ജോസഫ് ബോയ്സ് ഹോം അങ്കണത്തിൽ നടന്ന കുംഭച്ചുരയ്ക്ക വിളവെടുപ്പ് ജില്ലാ പഞ്ചായത്തംഗം അഡ്വ. യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം നിർവ്വഹിച്ചു.
എളുപ്പത്തിൽ നട്ടുവളർത്താവുന്നതും, നാട്ടിൻപുറങ്ങളിലെ തൊടികളിലും മറ്റും ധാരാളമായി കണ്ടുവരുന്ന പച്ചക്കറിയാണ് ചുരക്ക. ഇതിന്റെ തണ്ടിന് ധാരാളം ഔഷധ ഗുണങ്ങളുണ്ട്. ആയുർവേദ ഔഷധ നിർമാണത്തിൽ ഇത് ഉപയോഗിക്കുന്നുണ്ട്. ചുരക്ക പിഴിഞ്ഞെടുത്ത നീര് തലവേദനയ്ക്ക് നല്ല പരിഹാരമാണ്. വിനാഗിരി ചേർത്ത് പാകപ്പെടുത്തി പനി മാറുന്നതിനും ചുരക്ക ഉപയോഗിക്കുന്നു. ഇതിൻ്റെ തോട് ഉണക്കി അതിൽ വെള്ളം ചേർത്ത് 24 മണിക്കൂറിനു ശേഷം കുടിക്കുന്നത് പ്രമേഹം കുറയുന്നതിനും സഹായിക്കും. ഇത്രയേറെ ഔഷധ ഗുണമുള്ള ഒരു പച്ചക്കറിയാണ് കുംഭ ചുരയ്ക്ക.
വൃക്ഷായുർവേദ വിധിപ്രകാരമുള്ള ഹരിത കഷായം, ഗുണപജലം, ജീവാമൃതം മുതലായ വളക്കൂട്ടുകളും പ്രകൃതി കീടനാശിനികളായ നീമാസ്ത്രം, ബ്രഹ്മാസ്ത്രം എന്നിവയും ഉപയോഗിച്ചാണ് കൃഷി ചെയ്തത്. സുഭിക്ഷം സുരക്ഷിതം – ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ പ്രചരണാർത്ഥം പരീക്ഷണാടിസ്ഥാനത്തിൽ ചെയ്ത കൃഷിയിൽ നിന്നാണ് നൂറുമേനി വിളവെടുത്തത്.
ബോയ്സ് ഹോം ഡയറക്ടർ ഫാദർ സംഗീത് ജോസഫ്, കൃഷി അസിസ്റ്റൻ്റ് എസ്.കെ ഷിനു, വിദ്യാർത്ഥികൾ തുടങ്ങിയവർ വിളവെടുപ്പിൽ പങ്കെടുത്തു.