പ്ലാസ്റ്റിക് നിരോധനത്തിൽ നിന്ന് ബ്രാൻഡഡ് ഉൽപന്നങ്ങളുടെ പായ്ക്കറ്റുകളെയെല്ലാം സംസ്ഥാന സർക്കാർ ഒഴിവാക്കി. പകരം ഇവയുടെ ഉൽപാദകരും വിൽപനക്കാരും ഇറക്കുമതിക്കാരും ബ്രാൻഡഡ് ഉൽപന്ന പാക്കറ്റുകൾ ഉപഭോക്താക്കളിൽ നിന്നു തിരികെ ശേഖരിക്കാനുള്ള പദ്ധതി തയാറാക്കി മലിനീകരണ നിയന്ത്രണ ബോർഡിനു സമർപ്പിക്കണം.അവർ അത് പാലിക്കുകയും വേണം.സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് നിരോധിച്ചു കൊണ്ട് കഴിഞ്ഞ 27ന് സർക്കാർ പുറത്തിറക്കിയ ഉത്തരവ്.ഭേദഗതി ചെയ്തുകൊണ്ടുള്ള പുതിയ ഉത്തരവിലാണ് അധിക ഇളവുകളും നിയന്ത്രണങ്ങളും. ജനുവരി 1 മുതലാണ് സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം പ്രാബല്യത്തിലാകുക. മത്സ്യം, ഇറച്ചി, ധാന്യങ്ങൾ എന്നിവ തൂക്കം നിർണയിച്ച ശേഷം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു വച്ചു വിൽക്കുന്നതിനു വിലക്കില്ല.
എന്നാൽ, ചില്ലറ വിൽപന ശാലകളും വഴിയോര കച്ചവടക്കാരും പഴങ്ങളും പച്ചക്കറികളും പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു വിൽക്കുന്നതിനു നിരോധനമുണ്ട്. അര ലീറ്ററിൽ താഴെയുള്ള പെറ്റ് ബോട്ടിലുകൾ നിരോധിച്ചതും ഒഴിവാക്കി. എന്നാൽ അര ലീറ്ററിൽ താഴെയുള്ള കുടിവെള്ള കുപ്പികൾ പാടില്ല. എല്ലാ വലിപ്പത്തിലുമുള്ള .ബ്രാൻഡഡ് ജ്യൂസ് ബോട്ടിലുകളും ജ്യൂസ് പായ്ക്കറ്റുകളും അര ലീറ്ററും അതിനു മുകളിലുള്ളതുമായ കുപ്പിവെള്ള ബോട്ടിലുകളും വിൽക്കാം. എന്നാൽ ഇവ തിരികെ ശേഖരിക്കണം.
നിരോധിച്ച പ്ലാസ്റ്റിക് ഷീറ്റുകളുടെ പട്ടികയിൽ നിന്ന് ക്ലിങ് ഫിലിമിനെ ഒഴിവാക്കി. ഭക്ഷണവും പഴങ്ങളും പച്ചക്കറിയും മറ്റും പൊതിയാൻ ഉപയോഗിക്കുന്ന നേർത്ത സുതാര്യമായ ഷീറ്റാണ് ക്ലിങ് ഫിലിം.പ്ലാസ്റ്റിക് കുപ്പിയിലും കവറുകളിലും ഉൽപന്നങ്ങൾ വിൽക്കുന്ന ബവ്റിജസ് കോർപറേഷൻ, കേരഫെഡ്, മിൽമ,.ജല അതോറിറ്റി, മറ്റു പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവരും പ്ലാസ്റ്റിക് തിരികെ ശേഖരിക്കണം. കലക്ടർ, , സബ് ഡിവിഷനൽ മജിസ്ട്രേട്ട്, മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ, തദ്ദേശസ്ഥാപന സെക്രട്ടറിമാർ എന്നിവർക്കാണ് നിരോധനം കർശനമായി നടപ്പാക്കാനുള്ള ചുമതല.
ഏപ്രിൽ 1 മുതൽ മദ്യം പ്ലാസ്റ്റിക് കുപ്പിയിൽ വിൽക്കുന്നത് പരമാവധി ഒഴിവാക്കുമെന്ന് ബവ്റിജസ് കോർപറേഷൻ മാനേജിങ് ഡയറക്ടർ ജി. സ്പർജൻ കുമാർ. മദ്യക്കമ്പനികളിൽനിന്നു ടെൻഡർ ക്ഷണിക്കുമ്പോൾ ഈ വ്യവസ്ഥ കൂടി ഉൾപ്പെടുത്തും. ഇപ്പോൾ വിൽക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ തിരികെ ശേഖരിക്കാൻ ക്ലീൻ കേരള കമ്പനിയുമായി കരാറൊപ്പിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.