പാലക്കാട്: ആലത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ കാര്‍ബണ്‍ ന്യൂട്രല്‍ കൃഷിയ്ക്ക് തുടക്കം. കാലാവസ്ഥാ അതിജീവനകൃഷി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി ആരംഭിച്ചത്. മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി ആലത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ വികേന്ദ്രീകൃതാസൂത്രണ പദ്ധതി 2023-24 ല്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.
കൂടുതൽ വാർത്തകൾ: ക്ഷേമപെൻഷൻ വിതരണം ജൂൺ 8 മുതൽ; 1 മാസത്തെ കുടിശിക ലഭിക്കും
വീട്ടുവളപ്പിലെ ജൈവ പച്ചക്കറി കൃഷിയ്ക്കായി ആലത്തൂര്‍ കൃഷിഭവനിൽ നിന്നും പച്ചക്കറി തൈകളും ജൈവവളങ്ങളും അടങ്ങുന്ന കിറ്റുകള്‍ വിതരണം ചെയ്യും. കാര്‍ബണ്‍ ന്യൂട്രല്‍ കൃഷി, സമഗ്ര പച്ചക്കറി വികസന പദ്ധതികള്‍ പ്രകാരം ആലത്തൂര്‍ ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി നടപ്പാക്കുന്ന വീട്ടുവളപ്പിലെ ജൈവപച്ചക്കറി കൃഷിക്കായി സബ്‌സിഡി നിരക്കില്‍ തൈകള്‍, ജൈവവളം, ജൈവകീടനാശിനി എന്നിവയും കൃഷിഭവനില്‍ വിതരണം ചെയ്യുന്നുണ്ട്.
പദ്ധതിയുടെ ലക്ഷ്യങ്ങൾ
ഓരോ വീടും മാലിന്യമുക്തമാവുക, ജൈവ കൃഷിക്കായി ഭൂവിനിയോഗം കാര്യക്ഷമമാക്കുക, അഗ്രോ ഇക്കോളൊജിക്കല്‍ കൃഷിരീതികള്‍ നടപ്പാക്കി ഉത്പാദനത്തിലും ഉത്പാദനക്ഷമതയിലും വര്‍ധനവ് ഉണ്ടാക്കുക, കാര്‍ബണ്‍ സംഭരണ കേന്ദ്രമായി മണ്ണിനെ മാറ്റിയെടുക്കുന്നതിനുള്ള കാര്‍ഷിക പ്രവര്‍ത്തികള്‍ നടപ്പാക്കുക, ഹരിതഗൃഹവാതകങ്ങളുടെ പുറംതള്ളല്‍ പരമാവധി കുറച്ചുകൊണ്ട് മണ്ണിലെ കാര്‍ബണ്‍ ശേഖരം വര്‍ധിപ്പിക്കുക, ഗുണമേന്മയുള്ള കാര്‍ഷിക ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്നതിലൂടെ കുടുംബങ്ങളുടെ ആരോഗ്യം വര്‍ധിപ്പിക്കുക.
പയര്‍ (വി.യു 5), വഴുതന (ഹരിത), മുളക് (സിയേറ), കൊത്തമര, വെണ്ട (സാഹിബ), ചെണ്ടുമല്ലി തൈകള്‍ എന്നിവയ്ക്ക് പുറമെ ജൈവവളങ്ങളായ ട്രൈക്കോടെര്‍മ, സമ്പുഷ്ടീകരിച്ച ജൈവവളം, ചകിരിച്ചോര്‍ കമ്പോസ്റ്റ്, എല്ല്‌പൊടി, സ്യൂഡോമോണാസ്, ഫിഷ് അമിനോ ആസിഡ്, വൃക്ഷായുര്‍വേദ ജൈവവളക്കൂട്ടായ കുണപജല, മണ്ണിര കമ്പോസ്റ്റ് എന്നിവയും സബ്സിഡി നിരക്കില്‍ പദ്ധതിയിലൂടെ കുടുംബങ്ങള്‍ക്ക് ലഭ്യമാക്കുന്നുണ്ട്. ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡ് കുമ്പളക്കോട് നടന്ന പരിപാടി കെ.ഡി പ്രസേനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആലത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷൈനി അധ്യക്ഷയായി. വാര്‍ഡംഗം രമ രാജശേഖരന്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ കെ. മേരി വിജയ, കൃഷി ഓഫീസര്‍ എം.വി രശ്മി തുടങ്ങിയവര്‍ പങ്കെടുത്തു.