Updated on: 12 August, 2022 10:20 AM IST

1. സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റില്‍ ഇത്തവണയും ഏലയ്ക്ക ഉൾപ്പെടുത്തും. ഒരു കിറ്റിൽ 20 ഗ്രാം ഏലയ്ക്ക ഉണ്ടാകും. കഴിഞ്ഞ വര്‍ഷമാണ് ഓണക്കിറ്റില്‍ ആദ്യമായി ഏലയ്ക്ക ഉള്‍പ്പെടുത്തിയത്. തീരുമാനം ഏലം വിപണിയില്‍ ഉണര്‍വുണ്ടാക്കുമെന്നാണ് പ്രതീക്ഷ. 88 ലക്ഷത്തോളം റേഷൻ കാര്‍ഡ് ഉടമകളാണ് സംസ്ഥാനത്തുള്ളത്. ഇവർക്കായി രണ്ട് ലക്ഷം കിലോയോളം ഏലയ്ക്ക ശേഖരിക്കാനാണ് സർക്കാർ തീരുമാനം.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (11/08/2022)

2. ദേശീയ ഗായികാപുരസ്കാരം നേടിയ നഞ്ചിയമ്മയെ മുഖ്യമന്ത്രി പിണറായി വിജയൻ ആദരിച്ചു. സംസ്ഥാന പട്ടികവർഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാചരണം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് സാമൂഹിക, സാമ്പത്തിക സമത്വം നടപ്പിലാക്കാൻ കഴിഞ്ഞിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞു.

3. 'തൊഴിലിടങ്ങളില്‍ ശിശു പരിപാലന കേന്ദ്രം' പദ്ധതിയ്ക്ക് തുടക്കം. പദ്ധതിയുടെ ഭാഗമായി പി.എസ്.സി ഓഫീസില്‍ സജ്ജമാക്കിയ ആദ്യ ക്രഷ് ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു. സുരക്ഷിതമായ മുലയൂട്ടല്‍ സൗകര്യങ്ങള്‍ തൊഴിലിടങ്ങളില്‍ ഒരുക്കാനാണ് പദ്ധതി നടപ്പിലാക്കുന്നത്. വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സര്‍ക്കാര്‍, പൊതുമേഖല ഓഫീസുകളില്‍ ഈ വര്‍ഷം 25 ക്രഷുകൾ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു. ഈ പദ്ധതിയ്ക്കായി അധിക സൗകര്യങ്ങളൊരുക്കുന്നതിന് 50 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്.

4. ഭവനരഹിതര്‍ക്ക് വീട് വയ്ക്കാൻ ഭൂമി സമാഹരിക്കുന്നതിനുള്ള 'മനസോടിത്തിരി മണ്ണ്' ക്യാമ്പയിന്‍റെ ഭാഗമായി ഫെഡറല്‍ ബാങ്ക്. 1.56 ഏക്കര്‍ ഭൂമിയാണ്‌ ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി പഞ്ചായത്തുകളുടെ പേരില്‍ ബാങ്ക് രജിസ്റ്റര്‍ ചെയ്തത്‌. രേഖകള്‍ ഫെഡറല്‍ ബാങ്ക് ചെയര്‍മാൻ സി. ബാലഗോപാല്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. എറണാകുളം ആയവന പഞ്ചായത്തിലെ 150.9 സെന്‍റും, തൃശൂര്‍ വരന്തരപ്പിള്ളി പഞ്ചായത്തിലെ 5.5 സെന്‍റ് സ്ഥലവുമാണ് മുഖ്യമന്ത്രിയ്ക്ക് കൈമാറിയത്. നാഷണല്‍ ക്രഷ് സ്‌കീം അനുസരിച്ച് ശിശുക്ഷേമ സമിതി മുഖേനയാണ് ക്രഷ് പ്രവര്‍ത്തിക്കുക.

5. പ്രകൃതി ക്ഷോഭങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ വനവത്ക്കരണ പ്രവർത്തനങ്ങൾ സമരപ്രക്രിയയായി ഏറ്റെടുക്കണമെന്ന് വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി വനംവകുപ്പ് സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ ഓരോ ഇടങ്ങളിലും 75 വൃക്ഷത്തൈകൾ വീതം നട്ട് ഫലപ്രദമായ രീതിയിൽ പരിപാലിക്കാനാണ് വനംവകുപ്പ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി അറിയിച്ചു. സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75 വർഷം പൂർത്തിയാകുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ ഏഴ് നഗര കേന്ദ്രീകൃത മേഖലകളിൽ സ്മൃതി വനങ്ങൾ ഒരുക്കുന്നത് വലിയ ഗുണം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

6. കടലും കടൽതീരവും പ്ലാസ്റ്റിക് മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച 'ശുചിത്വസാഗരം സുന്ദരതീരം' പദ്ധതിയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നവരെ സ്വാഗതം ചെയ്ത് മന്ത്രി വി അബ്ദുറഹിമാൻ. സെപ്റ്റംബർ എട്ടിനാണ് ഏകദിന ശുചിത്വ യഞ്ജം നടക്കുന്നത്. മത്സ്യത്തൊഴിലാളികള്‍, ബോട്ടുടമകള്‍, സംഘടനകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, ഏജന്‍സികള്‍ തുടങ്ങിയവരുടെ സഹകരണത്തോടെയാകും പദ്ധതി നടപ്പിലാക്കുക.

താൽപര്യമുള്ളവർക്ക് volunteers.fisheries.kerala.gov.in എന്ന പോര്‍ട്ടലിൽ രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്ന വോളന്റിയര്‍മാരെ ചേര്‍ത്ത് കേരള കടൽ തീരത്തെ ഓരോ കിലോ മീറ്ററിലും ഓരോ ആക്ഷന്‍ഗ്രൂപ്പ് വീതം രൂപീകരിക്കും. ഓരോ ആക്ഷന്‍ഗ്രൂപ്പിലും 25 പേര്‍ അംഗങ്ങളാകും. എല്ലാ പ്രായത്തിലുള്ളവര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെല്ലാം സന്നദ്ധസേനയില്‍ അംഗമാകാം.

7.തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിലെ ദേശീയ ഹരിത സേന റവന്യു ജില്ലാതല ഇക്കോ ക്ലബിന്റെ ഉദ്ഘാടനം കൃഷിമന്ത്രി പി പ്രസാദ് നിർവഹിച്ചു. പരിപാടിയുടെ ഭാഗമായി വിദ്യാർഥികൾ ചേർന്ന് ഓർഗാനിക് വെജിറ്റബിൾ തോട്ടത്തിൽ കൃഷിയിറക്കി.

8. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി 'പാർട്ടീഷൻസ് ഹൊറർസ് റിമമ്പറൻസ്'എന്ന പേരിൽ പ്രദർശനം സംഘടിപ്പിച്ച് ഐസിഎആർ. ഓഗസ്റ്റ് 10 മുതൽ 14 വരെയാണ് പ്രദർശനം നടക്കുക. ഐസിഎആർ-ഐഎആർഐ ഡയറക്ടർ ഡോ. എ കെ സിംഗ് പ്രദർശനം ഉദ്ഘാടനം ചെയ്തു.


9. ഹര്‍ ഘര്‍ തിരംഗയുടെ ഭാഗമായി ധനുക അഗ്രിടെക് ലിമിറ്റഡ് സ്ഥാപകനും ചെയർമാനുമായ ആർ.ജി അഗർവാളും FAD 3 And ADG, ICAR ചെയർമാൻ പി.കെ ചക്രബർത്തിയും കൃഷി ജാഗരൺ സന്ദർശിച്ചു. കൃഷി ജാഗരൺ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ എം.സി ഡൊമിനിക്കും ഡയറക്ടർ ഷൈനി ഡൊമിനിക്കും ഇരുവരെയും സ്വാഗതം ചെയ്തു. 10 ദശലക്ഷത്തിലധികം കർഷകർക്ക് പരിസ്ഥിതി സൗഹാർദവും ഉയർന്ന നിലവാരമുള്ളതുമായ വിള പരിപാലന ഉൽപന്നങ്ങൾ ലഭ്യമാക്കുന്ന കമ്പനിയാണ് ധനുക ലിമിറ്റഡ്.

10. ഇന്ത്യൻ കാർഷിക ഉൽപന്നങ്ങളുടെ കയറ്റുമതി 31 ശതമാനം വർധിച്ചതായി റിപ്പോർട്ട്. രാജ്യാന്തര വിപണിയിൽ 55,683 കോടിയുടെ കയറ്റുമതിയാണ് ഈ സാമ്പത്തിക വർഷത്തിൽ നടന്നത്. മുൻ വർഷങ്ങളിലെ കയറ്റുമതിയെക്കാൾ കൂടുതൽ വരുമാനം ഇന്ത്യയ്ക്ക് ലഭിച്ചു. ഇന്ത്യയുടെ ഡയറക്ടർ ജനറൽ ഓഫ് കൊമേഴ്സ്യൽ ആൻഡ് സ്റ്റാറ്റിസ്റ്റിക്സിന്റെ റിപ്പോർട്ട് അനുസരിച്ച് യുഎഇ ദേശീയ വാർത്താ ഏജൻസിയാണ് വിവരം പുറത്തുവിട്ടത്.

11. വിഴിഞ്ഞം മുതല്‍ കാസർകോട് വരെയുള്ള കേരളതീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു. ബീച്ചിലേക്കുള്ള യാത്രകൾ പൂർണമായും ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

English Summary: cardamom will get ration card holders with Onam kit
Published on: 11 August 2022, 03:37 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now