കൊല്ലം: ടാന്‍സാനിയയില്‍ നിന്നും തോട്ടണ്ടി എത്തിയതോടെ കാഷ്യൂ കോര്‍പ്പറേഷന്‍ ഫാക്ടറികള്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു.
പുതുക്കിയ 23 ശതമാനം കൂലി വര്‍ധന കൂടി പ്രാബല്യത്തില്‍ വന്നതും തൊഴിലാളികളെ ആവേശഭരിതരാക്കി. ഈ വര്‍ഷം മുടക്കമില്ലാതെ തുടര്‍ച്ചയായി ജോലി ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി ചെയര്‍മാന്‍ എസ് ജയമോഹന്‍ പറഞ്ഞു.
തൂത്തുക്കുടി പോര്‍ട്ടില്‍ നിന്നും എത്തിയ ടാന്‍സാനിയ ഗുണമേന്മയുള്ള തോട്ടണ്ടി ഉപയോഗിച്ചാണ് ഫാക്ടറികള്‍ തുറന്ന് പ്രവര്‍ത്തനം പുനരാരംഭിച്ചത്. ഘാന, ഐവറികോസ്റ്റ് എന്നീ രാജ്യങ്ങളില്‍ നിന്നുമുള്ള 12000 മെട്രിക്ക് ടണ്‍ തോട്ടണ്ടി കൂടി ഉടന്‍ എത്തുന്നതോടെ ഈ വര്‍ഷം തുടര്‍ച്ചയായി ജോലി നല്‍കാന്‍ സാധിക്കും.
14,000 ല്‍ അധികം തൊഴിലാളികളാണ് കോര്‍പ്പറേഷന്‍ ഫാക്ടറികളിലെ വിവിധ സെക്ഷനുകളില്‍ ജോലി ചെയ്യുന്നത്. ഷെല്ലിങ് ജോലിയാണ് ഇന്ന് ആരംഭിച്ചത്. തുടര്‍ന്ന് പീലിംങ്, ഗ്രേഡിങ് സെക്ഷനുകള്‍ കൂടി ആരംഭിക്കുന്നതോടെ ഫാക്ടറികള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാകും.