1. ഭാരത് അരിയ്ക്കും ആട്ടയ്ക്കും പിന്നാലെ ഭാരത് പരിപ്പും വിപണിയിലേക്ക്. കിലോയ്ക്ക് 93 രൂപ വിലയുള്ള ചുവന്ന പരിപ്പ് ഭാരത് ബ്രാൻഡിൽ 89 രൂപ നിരക്കിൽ വിൽക്കാനാണ് കേന്ദ്രസർക്കാർ നീക്കം. റേഷൻ കടകൾ, കേന്ദ്രീയ ഭണ്ഡാർ എന്നിവ വഴി അടുത്തയാഴ്ച മുതൽ വിൽപന ആരംഭിക്കാനാണ് ഭക്ഷ്യവകുപ്പ് ആലോചിക്കുന്നത്. നിലവിൽ ഭാരത് അരി കിലോയ്ക്ക് 29 രൂപയും, ഭാരത് ആട്ടയ്ക്ക് 27.50 രൂപയുമാണ് വില.
കൂടുതൽ വാർത്തകൾ: ഇരുട്ടടി!! പാചകവാതക സിലിണ്ടർ വില വീണ്ടും കൂട്ടി
2. പുത്തൂര്‍വയല്‍ എം.എസ് സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ വിത്തുത്സവത്തിന് തുടക്കം. പരിപാടിയുടെ ഭാഗമായി വിത്തുപുരയുടെയും പ്രദര്‍ശന ശാലകളുടെയും ഉദ്ഘാടനം ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചഞ്ചുറാണി നിർവഹിച്ചു. കാലാവസ്ഥ വ്യതിയാനത്തിന്റെ അടിസ്ഥാനത്തില്‍ കാര്‍ഷിക ജൈവ വൈവിധ്യം സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് മന്ത്രി ചടങ്ങിൽ പറഞ്ഞു. ആദിവാസി വികസന പ്രവര്‍ത്തക സമിതി, സീഡ് കെയര്‍ സംഘടന എന്നിവരുടെ സഹകരണത്തോടെ ‘സുസ്ഥിര കൃഷിക്ക് ആരോഗ്യമുള്ള വിത്തുകള്‍’ എന്ന ആശയം മുൻനിർത്തിയാണ് വിത്തുത്സവം സംഘടിപ്പിച്ചത്. പരിപാടിയിൽ വയനാടിന്റെ തനത് വിത്തുകള്‍ പ്രദര്‍ശിപ്പിക്കുകയും കര്‍ഷകര്‍ തങ്ങള്‍ സംരക്ഷിച്ചുവരുന്ന വിത്തുകള്‍ പരസ്പരം കൈമാറുകയും ചെയ്യും. പ്ലാന്റ് ജിനോം സേവിയര്‍ പുരസ്‌കാരങ്ങള്‍ നേടിയ എം.സുനില്‍കുമാര്‍, പ്രസീദ്കുമാര്‍ തയ്യില്‍, പി.എം സലീം, സിബി കല്ലിങ്കല്‍ സ്മാരക കര്‍ഷകോത്തമ അവാര്‍ഡ് ജേതാവ് കെ.എ റോയ് മോൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
3. ദിവസേന ഓൺലൈൻ തട്ടിപ്പിനിരയാകുന്നവർ നിരവധിയാണ്. അത്തരത്തിൽ കുറഞ്ഞ വിലയ്ക്ക് പശുക്കളെ വാങ്ങാം എന്ന പരസ്യംകണ്ട് സൈബർ തട്ടിപ്പുകാരുടെ ഇരയായത് ഗുരുഗ്രാം സ്വദേശിയായ ക്ഷീരകർഷകനാണ്. 95,000 രൂപ നിരക്കിൽ 4 പശുക്കൾ വിൽപന ചെയ്യുന്നു എന്ന പരസ്യം കണ്ടാണ് 50കാരനായ സുഖ്ബീർ തട്ടിപ്പുകാരുമായി ബന്ധപ്പെടുന്നത്. അവരുടെ നിർദേശപ്രകാരം നാല് ഗഡുക്കളായി 22,000 രൂപ അദ്ദേഹം അയച്ചു. പണം അയച്ചശേഷം സംഘത്തിന്റെ യാതൊരു വിവരവുമില്ല. ഇതോടെയാണ് പറ്റിക്കപ്പെട്ടുവെന്ന് മനസിലാകുന്നത്.
4. 'പൂക്കൾ നിറഞ്ഞൊരു ഗ്രാമം' എന്ന ആശയവുമായി നെന്മേനി ഗ്രാമ പഞ്ചായത്തിൽ നഴ്സറി ഗ്രാമം പദ്ധതിയ്ക്ക് തുടക്കം. 12 നഴ്സറികളിലായാണ് പദ്ധതിയുടെ ഭാഗമായി കൃഷി ആരംഭിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷീല പുഞ്ചവയൽ നിർവഹിച്ചു. പൂച്ചെടികളുടേയും ഫലവൃക്ഷ തൈകളുടേയും ഉൽപ്പാദനം, ബഡ്ഡിംഗ് ഗ്രാഫ്റ്റിംഗ്, പരിപാലനം എന്നിവയിൽ പ്രത്യേക പരിശീലനം ലഭിച്ച വനിതകൾക്കാണ് നഴ്സറികളുടെ മേൽനോട്ടം. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വിവിധ നഴ്സറികൾക്ക് മൊത്തവിലയിൽ ഇവിടെനിന്നും ചെടികൾ ലഭ്യമാക്കും.