കേന്ദ്രഗവണ്‍മെന്റ് ജീവനക്കാര്‍ക്കുള്ള ക്ഷാമബത്തയും പെന്‍ഷന്‍കാര്‍ക്കുള്ള ക്ഷാമാശ്വാസവും
വര്‍ദ്ധിപ്പിക്കാന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ സമിതി അംഗീകാരം നല്‍കി. 2021 ജൂലൈ ഒന്നുമുതല്‍ ഇതിന് പ്രാബല്യമുണ്ടാകും. അടിസ്ഥാന ശമ്പളത്തിന്റെ/പെന്‍ഷന്റെ നിലവിലുള്ള 17%ല്‍ നിന്നും 28 ശതമാനമായി ഉയര്‍ത്താനാണ് അംഗീകാരം നല്‍കിയത്. നിലവിലുള്ള നിരക്കില്‍ നിന്നും 11%ന്റെ വര്‍ദ്ധനയാണുണ്ടാകുക.
കോവിഡ് 19 മഹാമാരി മൂലം ഇന്നുവരെ ഉണ്ടാകാതിരുന്ന സാഹചര്യം ഉയര്‍ന്നുവന്നതിന്റെ അടിസ്ഥാനത്തില്‍ 2020 ജനുവരി ഒന്ന്, 2020 ജൂലൈ ഒന്ന്, 2021 ജനുവരി 1 എന്നീ കാലങ്ങളില്‍ ലഭിക്കേണ്ടിയിരുന്ന കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാരുടെ ക്ഷാമബത്തയുടെയും (ഡി.എ) പെന്‍ഷന്‍കാരുടെ ക്ഷാമാശ്വാസത്തിന്റെയും(ഡി.ആര്‍) മൂന്ന് അധിക ഗഡുക്കള്‍ മരവിപ്പിച്ചിരുന്നു.
നിലവില്‍ കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാരുടെ ക്ഷാമബത്തയും പെന്‍ഷന്‍കാരുടെ ക്ഷാമാശ്വാസവും 2021 ജൂലൈ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്ന തരത്തില്‍ വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് തീരുമാനിച്ചു. അടിസ്ഥാന ശമ്പളം/പെന്‍ഷന്‍ എന്നിവയുടെ 17% എന്നതില്‍ നിന്ന് 28% മായാണ് വര്‍ദ്ധിപ്പിക്കുന്നത്. പതിനൊന്ന് ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഇതിലൂടെ ഉണ്ടാകുന്നത്. 2020 ജനുവരി ഒന്ന്, 2020 ജൂലൈ ഒന്ന്, 2021 ജനുവരി 1 എന്നീ ഗഢുക്കളാണ് ഈ വര്‍ദ്ധനവില്‍ പ്രതിഫലിക്കുന്നത്.
2020 ജനുവരി ഒന്നുമുതല്‍ 2021 ജൂണ്‍ 30 വരെയുള്ള കാലയളവിലെ ക്ഷാമബത്ത/ക്ഷാമാശ്വാസ നിരക്കുകള്‍ 17% മായി തന്നെ നിലനില്‍ക്കും.