തിരുവനന്തപുരം: ആയുർവേദം ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെടുന്നതിന് കേന്ദ്ര ഗവണ്മെന്റ് സുപ്രധാന പങ്കു വഹിച്ചിട്ടുണ്ടെന് ഉപരാഷ്ട്രപതി ജഗദീപ് ധൻഖർ പറഞ്ഞു. തിരുവനന്തപുരത്ത് അഞ്ചാമത് ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവെൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഐക്യരാഷ്ട്രസഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ട് വെച്ച അന്താരാഷ്ട്ര യോഗ ദിനം എന്ന ആശയം ആഗോള തലത്തിൽ അംഗീകരിക്കപ്പെട്ടു. ഇത് ലോകത്തിനായുള്ള ഇന്ത്യയുടെ സമ്മാനമാണ്. ആഗോളതലത്തിൽ ജനങ്ങളുടെ ആരോഗ്യത്തിൽ ഗുണപരമായ മാറ്റത്തിന് ഇത് കാരണമായതായും ഉപരാഷ്ട്രപതി പറഞ്ഞു.
ചെലവ് കുറഞ്ഞ ആയുഷ് സേവനങ്ങളിലൂടെ ആയുഷ് ചികിത്സാസമ്പ്രദായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ആരംഭിച്ച ദേശീയ ആയുഷ് ദൗത്യം ഏറെ ഫലപ്രദമാണ്. കേരളത്തിന്റെ ആയുർവേദ വിനോദ സഞ്ചാര മേഖല സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയിലും സുപ്രധാന പങ്കു വഹിക്കുമെന്നും ഉപരാഷ്ട്രപതി പറഞ്ഞു. ക്യാൻസർ ആയുർവേദ ചികിത്സാ രംഗത്ത് നൽകിയ മികച്ച സംഭാവനകൾ കണക്കിലെടുത്ത് പൂനെ ആര്യ വൈദ്യ ഫാർമസിയിലെ വൈദ്യ സദാനന്ദ് പ്രഭാകർ സർദേശ്മുഖിന് ബ്രഹത്ത്രേയ് രത്ന പുരസ്ക്കാരം ചടങ്ങിൽ ഉപരാഷ്ട്രപതി സമ്മാനിച്ചു.
വിദേശ പൗരന്മാർക്ക് ആയുർവേദ ചികിത്സയ്ക്ക് ആയുഷ് വീസ ആരംഭിക്കുന്നത് കേരളത്തിന് ഏറെ പ്രയോജനപ്പെടുമെന്ന് ചടങ്ങിൽ അധ്യക്ഷനായിരുന്ന കേന്ദ്ര വിദേശകാര്യ - പാർലമെന്ററികാര്യ സഹമന്ത്രി ശ്രീ വി മുരളീധരൻ പറഞ്ഞു. ആയുർവേദ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാൻ സംസ്ഥാന ഗവൺമെന്റ് സഹകരിക്കണം. മൻ കി ബാത്തിൽ കെനിയൻ മുൻ പ്രധാനമന്ത്രിയുടെ മകളുടെ ആയുർവേദ ചികിത്സയുടെ അനുഭവം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചത് ആയുർവേദത്തിന്റെ മഹത്വത്തിന്റെ ഒരു ഉദാഹരണം മാത്രമാണ്. കോവിഡാനന്തര കാലഘട്ടത്തിൽ അഞ്ചാമത് ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവെൽ ഏറെ പ്രസക്തമാണെന്നും ശ്രീ വി. മുരളീധരൻ പറഞ്ഞു.
ഗ്ലോബൽ ആയർവേദ ഫെസ്റ്റിവലിന് ആശംസകളറിയിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശം ശ്രീ വി മുരളീധരൻ വേദിയിൽ വായിച്ചു. ആയുർവേദത്തിൻ്റെ ജന്മസ്ഥലം എന്ന നിലയിൽ, ആഗോളതലത്തിൽ അതിൻ്റെ സാന്നിധ്യം വളർത്തിയെടുക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് സന്ദേശത്തിൽ പ്രധാനമന്ത്രി പരാമർശിച്ചു.
ശ്രീ ശശി തരൂർ എം. പി, മന്ത്രി ശ്രീ ആന്റണി രാജു, ആയുഷ് മന്ത്രാലയം സെക്രട്ടറി ശ്രീ രാജേഷ് കൊടേച്ച തുടങ്ങിയർ സന്നിഹിതരായിരുന്നു.
അഞ്ചു ദിവസത്തെ ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവെലിൽ വിദേശ പ്രതിനിധികൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുക്കുന്നുണ്ട്. ആരോഗ്യ പരിപാലനത്തിൽ ഉയർന്നു വരുന്ന വെല്ലുവിളികളും നവോർജത്തോടെ ആയുർവേദവും എന്നതാണ് ഇത്തവണത്തെ ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവലിന്റെ പ്രമേയം.