1. ഇന്ന് മുതൽ റേഷൻ കടകളുടെ സമയക്രമത്തിൽ മാറ്റം. 9ാം തീയതി വരെയാണ് റേഷൻ കടകളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ മാർച്ച് 5, 7 എന്നീ ദിവസങ്ങളിൽ രാവിലേയും, മാർച്ച് 6, 9 എന്നീ ദിവസങ്ങളിൽ ഉച്ചയ്ക്ക് ശേഷവുമായിരിക്കും പ്രവർത്തിക്കുക. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ മാർച്ച് 5, 7 എന്നീ ദിവസങ്ങളിൽ ഉച്ചയ്ക്ക് ശേഷവും, മാർച്ച് 6, 9 എന്നീ ദിവസങ്ങളിൽ രാവിലെയും ആയാണ് റേഷൻ കടകൾ പ്രവർത്തിക്കുക. സെർവർ ഓവർലോഡ് ഒഴിവാക്കുന്നതിനും റേഷൻ വിതരണം ത്വരിതപ്പെടുത്തുന്നതിനും വേണ്ടിയാണ് റേഷൻ കടകളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയത്.
2. തൃശ്സൂർ ജില്ലയിലെ ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തും ഫിഷറീസ് വകുപ്പും സംയുക്തമായി നടപ്പാക്കിയ മത്സ്യ കൂട് കൃഷിയിലെ കാളാഞ്ചി, കരിമീൻ മത്സ്യങ്ങളുടെ വിളവെടുപ്പ് മഹോത്സവം ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ. എ ഉദ്ഘാടനം ചെയ്തു. മത്സ്യ കൃഷിയിലെ സർക്കാർ സഹായം പ്രയോജനപ്പെടുത്തണമെന്നും ഇത്തരം പദ്ധതിയിലൂടെ കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാക്കുകയും വിഷരഹിത മത്സ്യങ്ങളെ വിപണിയിൽ എത്തിക്കാൻ കഴിയുമെന്നും എം എൽ എ പറഞ്ഞു. സംസ്ഥാന സർക്കാറിൻ്റെ ഭക്ഷ്യ സുരക്ഷയുടെ ഭാഗമായും ശ്രീനാരായണപുരം ഗ്രാമ പഞ്ചായത്തിൻ്റെ 2023- 24 വാർഷിക പദ്ധതിയുടെ ഭാഗമായുമാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. മൊത്തം പദ്ധതി വിഹിതത്തിന്റെ 40 ശതമാനമാണ് സബ്സിഡിയായി ലഭിക്കുന്നത്. കോതപറമ്പ് കനോലിന്റെ കടവിൽ നടന്ന ചടങ്ങിൽ ശ്രീനാരായണപുരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സജിത പ്രദീപ് അദ്ധ്യക്ഷത വഹിച്ചു.
3. ഓഫീസുകള്‍ കേന്ദ്രീകരിച്ച് ഭക്ഷണവിതരണം നടത്തുന്ന കുടുംബശ്രീയുടെ 'ലഞ്ച് ബെല്‍' പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിര്‍വഹിച്ചു. തുടക്കത്തില്‍ തിരുവനന്തപുരം ജില്ലയില്‍ സെക്രട്ടേറിയറ്റ്, നിയമസഭ, വികാസ് ഭവന്‍, പബ്‌ളിക് ഓഫീസ് പ്രദേശങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകള്‍, ബാങ്കുകള്‍, മറ്റു സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് ലഞ്ച് ബെല്‍ സേവനം ലഭ്യമാകുക.കുടുംബശ്രീയുടെ പോക്കറ്റ് മാര്‍ട്ട് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി അന്നേ ദിനം രാവിലെ 7 വരെ ഉച്ചയൂണ് ഓര്‍ഡര്‍ ചെയ്യാനാകും. ചോറ്, സാമ്പാര്‍, പുളിശ്ശേരി/രസം/പച്ചമോര്, തോരന്‍/മെഴുക്കുവരട്ടി, അച്ചാര്‍, ചമ്മന്തി/കൂട്ടുകറി എന്നിവ ഉള്‍പ്പെടുന്ന ബജറ്റ് ലഞ്ച് 60 രൂപയ്ക്കും മീന്‍ കറിയും ഓംലറ്റും കൂടി ഉള്‍പ്പെടുന്ന നോണ്‍ വെജ് പ്രീമിയം ലഞ്ച് 99 രൂപയ്ക്കും ലഭിക്കും. ഉച്ചയ്ക്ക് 12ന് മുമ്പായി ഓര്‍ഡര്‍ ചെയ്ത ആള്‍ക്ക് ഭക്ഷണം ലഭിക്കും. ഉപഭോക്താവിന്റെ ഓഫീസ് പ്രവര്‍ത്തന ദിവസങ്ങള്‍ അനുസരിച്ച് ഒരു മാസത്തെ ഉച്ചഭക്ഷണം മുന്‍കൂട്ടി ബുക്ക് ചെയ്യാനും സൗകര്യമുണ്ട്.ചടങ്ങിൽ ആന്റണി രാജു എം.എൽ.എ അധ്യക്ഷത വഹിച്ചു.
4. കാസർഗോഡ് ജില്ലയിലെ ബേഡഡുക്ക ഗ്രാമപഞ്ചായത്തിൻ്റെ കാർഷിക പുരോഗതിയിൽ നിർണായക സ്ഥാനം വഹിക്കുന്ന ബേഡഡുക്ക കാർഷിക കർമ്മസേനക്ക് കാർഷിക യന്ത്രോപകരണങ്ങൾ അനുവദിച്ചു.നടപ്പു വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കാർഷിക യന്ത്രോപകരണങ്ങൾ അനുവദിച്ചത്. ധാന്യങ്ങൾ പൊടിക്കാനുളള യന്ത്രം, പവർ സ്പ്രേയർ, നെല്ലിനും പച്ചക്കറികൾക്കും മരുന്ന് തളിക്കാവുന്ന പവർ സ്പ്രേയർ, കൊപ്ര ഡ്രയർ തുടങ്ങിയ യന്ത്രങ്ങളാണ് കർമ്മസേനക്ക് നൽകിയിരിക്കുന്നത്. യന്ത്രോപകരണങ്ങളുടെ വിതരണോദ്ഘാടനം ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം ധന്യ നിർവ്വഹിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: കുടുംബശ്രീ 'ലഞ്ച് ബെൽ' ഉദ്ഘാടനം 5ന്