കോഴിക്കോട്: ചേളന്നൂരിലെ ഹോമിയോ ആശുപത്രിയെ ദേശീയ നിലവാരത്തിലേക്ക് ഉയർത്തുമെന്ന് വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. ചേളന്നൂർ ഗവ.ഹോമിയോ ആശുപത്രി കെട്ടിട നിർമ്മാണ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. കിടത്തി ചികിത്സക്കുള്ള അത്യാധുനിക സൗകര്യങ്ങൾ ആശുപത്രിയിൽ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
നാല് കോടി ചെലവഴിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്. വന്ധ്യതാചികിത്സാ രംഗത്ത് വലിയ മുന്നേറ്റം തീർത്ത ജനനി പദ്ധതി സേവനം ഉൾപ്പടെ ആശുപത്രിയിൽ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. അരണാട്ടിൽ പാടകശ്ശേരി കനാൽ റോഡ് പ്രവൃത്തി ഉദ്ഘാടനവും ചടങ്ങിൽ മന്ത്രി നിർവ്വഹിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി പി നൗഷീർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ പി സുനിൽകുമാർ മുഖ്യാതിഥിയായിരുന്നു. ചേളന്നൂർ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ ബി നർദ്ദ റിപ്പോർട്ട് അവതരിപ്പിച്ചു.
സ്റ്റാൻ്റിൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ സി പി നൗഷീർ, പി കെ കവിത, പി സുരേഷ്, ജില്ലാ പഞ്ചായത്തംഗം ഇ ശശീന്ദ്രൻ, ബ്ലോക്ക് മെമ്പർ ആയിഷബി, എൻ രമേശൻ ഡി എം ഒ (ഹോമിയോ) ഡോ കവിത പുരുഷോത്തമൻ, ഇറിഗേഷൻ എ ഇ പ്രമീത, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത് ഉപാധ്യക്ഷ ഗൗരി പുതിയോത്ത് സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി കെ മനോജ് കുമാർ നന്ദിയും പറഞ്ഞു.