തൃശ്ശൂർ: മണ്ണിൽ പൊന്നു വിളയിക്കുന്ന നാലായിരത്തോളം നെൽ കർഷകരുടെ പ്രതീക്ഷക്ക് ഇടം നൽകി ചേലക്കര നവകേരള സദസ്സ്. 280 ഹെക്ടറോളം വിസ്തൃതിയിൽ നെൽകൃഷി ചെയ്യുന്ന താന്നിശ്ശേരി, കളത്തിൽപടി, കൊണവൂർ, കുറുങ്കുളം, തെഞ്ചീരി പാടശേഖരത്തിലെ 600 കർഷകരാണ് ചേലക്കര നവ കേരള സദസ്സിൽ തടയണക്കായി (ചീർപ്പിനായി) നിവേദനവുമായി എത്തിയത്. കാർഷിക മേഖലയ്ക്ക് ഊടും പാവും നെയ്യുന്ന കരുതലും കൈതങ്ങുമായി മാറുന്ന പിണറായി സർക്കാരിൽ പൂർണ്ണ പ്രതീക്ഷയുമായാണ് ഒരു പറ്റം നെൽകർഷകർ ചെറുതുരുത്തി സ്കൂളിൻ്റെ അങ്കണത്തിൽ എത്തിയത്.
5 പാടശേഖരങ്ങളിലെ കർഷകരാണ് തങ്ങളുടെ വർഷത്തിലെ മൂന്ന് തവണ (3 പൂവൽ) യുള്ള നെൽകൃഷി സംരക്ഷിക്കണമെന്ന ആവശ്യവുമായി പാഞ്ഞാൾ പഞ്ചായത്ത് വാർഡ് മെമ്പർ സന്ദീപിൻ്റെ നേതൃത്വത്തിൽ എത്തിയത്.
60 വർഷത്തിലേറെ പഴക്കമുള്ളതും പരമ്പരാഗത രീതിയിൽ നിർമ്മിച്ചിട്ടുള്ളതുമായ പൈങ്കുളം നായ്ക്കൻകടവ് - കരിയാർക്കോട് തടയണ ഒരു നാടിൻ്റെയാകെ കാർഷിക പ്രതീക്ഷയുടെ അടയാളമാണ്. എല്ലാ വർഷവും മരപ്പലകയും ചാക്ക്, പ്ലാസ്റ്റിക് ഷീറ്റ്, മണൽ, മണ്ണ് തുടങ്ങിയവ ഉപയോഗിച്ചാണ് തടയണ നിർമിക്കുന്നത്. ഒട്ടനവധി തൊഴിലാളികളുടെയും നാട്ടുകാരുടെയും ദിവസങ്ങളോളമുള്ള പരിശ്രമ ഫലമായാണ് നിലവിലെ തടയണ നിർമ്മാണം. എന്നാൽ ആ അധ്വാനത്തിൻ്റെ ആയുസ്സ് അല്പം മാത്രമാണ്.
ഒരു കോടി രൂപയ്ക്ക് മുകളിൽ ചെലവ് പ്രതീക്ഷിക്കുന്ന തടയണ നിർമാണത്തിന് നാലായിരത്തോളം കർഷകരുടെ കാത്തിരിപ്പുണ്ട്. കർഷകരെ കൈവിടാത്ത സർക്കാരിൽ ഉറച്ച വിശ്വാസവുമായാണ് അവർ മടങ്ങിയത്.