ആദിവാസി മേഖലകളിലെ പരമ്പരാഗത കൃഷി പരിപോഷിപ്പിക്കാന്‍ ലക്ഷ്യമിട്ട് വിവിധ വകുപ്പുകളുമായി സഹകരിച്ച് ജനമൈത്രി എക്‌സൈസ് നടപ്പിലാക്കുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം അടിമാലി ചിന്നപ്പാറ ആദിവാസി മേഖലയില്‍ നടന്നു.ഒരുകാലത്ത് ആദിവാസി മേഖലകളില്‍ വ്യാപകമായി കൃഷിയിറക്കിയിരുന്ന റാഗി,തിന,കേപ്പ് തുടങ്ങിയ കൃഷികള്‍ ഊരുകളില്‍ നിന്നും പടിയിറങ്ങി കഴിഞ്ഞു.ഇവ വീണ്ടും ഗോത്രമേഖലകളില്‍ തിരികെയെത്തിക്കാന്‍ ലക്ഷ്യമിട്ടാണ് ആദിവാസി,പഞ്ചായത്ത്,വനം,കൃഷി,ജലവിഭവ വകുപ്പ് തുടങ്ങിയവയുമായി കൈകോര്‍ത്ത് ജനമൈത്രി എക്‌സൈസ് പുതിയ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.പദ്ധതി പ്രകാരം ഊരുകളില്‍ സ്ഥലം കണ്ടെത്തി ആദിവാസി ജനതക്ക് കൃഷിക്കായി പ്രോത്സാഹനം നല്‍കും.
പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം അടിമാലി ചിന്നപ്പാറ ആദിവാസി കോളനിയില്‍ പ്രശസ്ത മാന്ത്രികന്‍ ഗോപിനാഥ് മുതുകാട് നിര്‍വ്വഹിച്ചു.പരമ്പരാഗത ഭക്ഷണ രീതിയിലൂടെ ആദിവാസി സമൂഹത്തിന്റെ ആരോഗ്യം ഉറപ്പു വരുത്തുന്നതിനൊപ്പം വിപണനം സാധ്യമാക്കുന്നതിനായുള്ള സഹായവും ജനമൈത്രി എക്‌സൈസ് ഉറപ്പു വരുത്തും.പത്ത് ഏക്കര്‍ കൃഷി ഭൂമിയാണ് ചിന്നപ്പാറയില്‍ കൃഷിയിറക്കാനായി കണ്ടെത്തിയിട്ടുള്ളത്.തേവര എസ് എച്ച് കോളേജിലെ വിദ്യാര്‍ത്ഥികള്‍ കൃഷിക്ക് സഹായവുമായി ചിന്നപ്പാറയിലെത്തിയിരുന്നു.വിത്തിറക്കുവാന്‍ വേണ്ടുന്ന കൃഷിയിടം വിദ്യാര്‍ത്ഥികള്‍ വെട്ടി ഒരുക്കി. ചിന്നപ്പാറയിലെ കൃഷി വിജയകരമായാല്‍ ജില്ലയിലെ മറ്റ് ഗോത്രമേഖലകളിലേക്കും സമാന രീതിയില്‍ ജനമൈത്രി എക്‌സൈസ് കൃഷി വ്യാപിപ്പിക്കും. തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ചാകും കൃഷിക്കായി വേണ്ടുന്ന തുടര്‍ ജോലികള്‍ ജനമൈതി എക്‌സൈസ് നടപ്പിലാക്കുക.