1. കുടുംബ ബജറ്റിനെ താളംതെറ്റിച്ച് ആവശ്യസാധനങ്ങൾക്ക് വില ഉയരുന്നു. നോമ്പുകാലത്തുപോലും ചിക്കനും മീനിനും തീവില തന്നെ. കേരളത്തിലെ കനത്ത ചൂടിൽ ഇറച്ചിക്കോഴികൾ ചാകുന്ന അവസ്ഥ ഒഴിവാക്കാൻ തമിഴ്നാട് ലോബി ഉത്പാദനം കുറച്ചതാണ് വില ഉയരാനുള്ള പ്രധാനകാരണം. 1 കിലോ കോഴിയിറച്ചിയ്ക്ക് 150 രൂപയാണ് ഈടാക്കുന്നത്. ആട്ടിറച്ചിയ്ക്ക് 800 മുതൽ 900 വരെയും, കോഴിമുട്ടയ്ക്ക് 6 രൂപയും ഈടാക്കുന്നുണ്ട്. ചൂട് വർധിച്ചതോടെ കടൽമീനുകളും കുറഞ്ഞു. ആശ്വാസമായി സവാളയ്ക്ക് വില കുറഞ്ഞെങ്കിലും, മറ്റ് പച്ചക്കറികൾക്ക് 60 മുതൽ 80 രൂപ വരെ വില വർധിച്ചു.
കൂടുതൽ വാർത്തകൾ: സവാളയ്ക്ക് തീവില! കയറ്റുമതി നിരോധനം മാർച്ച് 31 വരെ
2. മോളിക്യുലാര്‍ ബയോളജി ആന്റ് ബയോടെക്‌നോളജി ടെക്‌നിക്‌സ് എന്ന വിഷയത്തില്‍ 3 മാസത്തെ കോഴ്സ് സംഘടിപ്പിക്കുന്നു. റബ്ബര്‍ബോര്‍ഡിന് കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് സെന്ററിൽവച്ച് ഏപ്രില്‍ മുതൽ കോഴ്സ് ആരംഭിക്കും. 15 സീറ്റുകളാണുള്ളത്. മാര്‍ച്ച് 15 വരെ അപേക്ഷ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് - 9447710405, 04812351313 (വാട്‌സ്ആപ്പ്), training@rubberboard.org.in
3. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിൽ പോഷകശ്രീ പദ്ധതിക്ക് തുടക്കം. നൂതന സാങ്കേതികരീതികള്‍ പ്രയോജനപ്പെടുത്തി പരിമിതമായ സാഹചര്യത്തില്‍ മികച്ച കൃഷിയിടം ഒരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എംകെ ശ്രീകുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ണ് പൂര്‍ണമായി ഒഴിവാക്കി പകരം പഴയ പത്രങ്ങള്‍, ചാണകപ്പൊടി, ചകിരി ചോറ് കമ്പോസ്റ്റ് എന്നിവ നിശ്ചിത അളവില്‍ തട്ടുകളായി അടുക്കി ഏറ്റവും മുകളില്‍ ഡോളോമൈറ്റ് മിശ്രിതം എന്നിവ ഉപയോഗിച്ച് സജ്ജീകരിച്ചിട്ടുള്ള ഗ്രോബാഗുകളിലാണ് കൃഷി ചെയ്യുന്നത്. ജലം പാഴാക്കാതെ ആവശ്യാനുസരണം മാത്രം ഗ്രോബാഗില്‍ എത്തിക്കുന്ന തിരിനന സംവിധാനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 3800 ഹൈഡെന്‍സിറ്റി പോളിത്തീന്‍ ബാഗുകള്‍ 100 യൂണിറ്റുകളായി തിരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. കര്‍ഷകര്‍ക്ക് ആകെ ചെലവില്‍ 75 ശതമാനവും ബ്ലോക്ക് പഞ്ചായത്ത് സബ്സിഡിയായി നല്‍കും.
4. ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് ‘തോട്ടം മേഖലയിലെ കാലാവസ്ഥാ വ്യതിയാനം’ എന്ന വിഷയത്തില്‍ ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു. കായംകുളം കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനത്തില്‍ വച്ച് ഫെബ്രുവരി 28-ന് പരിപാടി നടക്കും. സി.പി.സി.ആര്‍.ഐ ഡയറക്ടര്‍ ഡോ.കെ.ബി ഹെബ്ബാര്‍ ഏകദിന ശിൽപശാല ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ കേന്ദ്ര സുഗന്ധവിള ഗവേഷണ സ്ഥാപനത്തിലെ ക്രോപ്പ് ഇംപ്രൂവ്‌മെന്റ് വിഭാഗം മുന്‍ മേധാവി ഡോ.ബി.ശശികുമാര്‍ മുഖ്യാതിഥിയാകും. ‘ശാസ്ത്രം സമൂഹ നന്മക്ക് – ചില അടയാളങ്ങള്‍’ എന്ന വിഷയത്തില്‍ അദ്ദേഹം ക്ലാസ് എടുക്കുന്നതാണ്. കൂടാതെ ശില്പശാലയില്‍ പങ്കെടുക്കുന്നവര്‍ക്കായി പ്രസംഗമത്സരവും ക്വിസും സംഘടിപ്പിക്കും.മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന 80 പേര്‍ക്കാണ് ശില്പശാലയില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്. For Registration: https://cutt.ly/dwZHOGOL