സാധാരണക്കാരെ കഷ്ടത്തിലാക്കി സംസ്ഥാനത്ത് സർവ്വകാല റെക്കോർഡിൽ എത്തി ചിക്കൻ വില. ഒരു കിലോ കോഴിയിറച്ചിക്ക് വില 240 രൂപ മുതൽ 260 രൂപ വരെയാണ് , ഒരു കിലോ കോഴിക്ക് വില 190 രൂപയുമാണ്. 3 മാസത്തിനിടെ കോഴിയുടെ വില വർധിച്ചത് 50 രൂപയിൽ അധികമാണ്. ഇറച്ചി വില 200 രൂപയിൽ നിന്നും 260 രൂപയായി ഉയർന്നു.
സംസ്ഥാനത്ത് ചൂട് കൂടിയ സാഹചര്യത്തിൽ കോഴി ഉത്പാദനം കുറഞ്ഞതും അയൽ സംസ്ഥാനങ്ങളിൽ നിന്നും കോഴിയുടെ വരവ് കുറഞ്ഞതുമാണ് വില ഇത്രയധികം വർധിക്കുന്നതിന് ഇടയാക്കിയത്. ചൂട് വർധിച്ചതോടെ കോഴിക്കുഞ്ഞുങ്ങൾ ചത്ത് പോകുകയും തൂക്കം കുറയുകയും ചെയ്യുന്നതും ഫാമിൻ്റെ ഉടമകൾ ഉത്പാദനം കുറച്ചു. വെള്ളത്തിനടക്കം ക്ഷാമം വന്നതോടെ പല ഫാമുകളും കോഴി വളർത്തൽ ഗണ്യമായി കുറച്ചു. ഇതോടെയാണ് ചിക്കൻ്റെ വില ഇത്രയധികം കൂടിയത്. വിഷു, റംസാൻ വരുന്നതോടെ ഇനിയും വില വർധിക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്. ഇപ്പേഴത്തെ സാഹചര്യം മുതലെടുത്ത് ഇതരസംസ്ഥാന ലോബി കൃത്രിമ ക്ഷാമം ഉണ്ടാക്കുന്നതും വില കൂടുന്നതിന് കാരണമായിട്ടുണ്ടെന്നാണ് കച്ചവടക്കാർ പറയുന്നത്.
കഴിഞ്ഞ മാസം ഏപ്രിൽ മാസത്തിൽ കോഴിയുടെ വില 125 രൂപയായിരുന്നു. ഇനിയിപ്പോൾ ചിക്കൻ കഴിക്കാൻ ആഗ്രഹമുള്ളവർ കീശ കാലിയാക്കാതെ കഴിക്കണം എന്നുണ്ടെങ്കിൽ ചിക്കൻ കറിയിൽ ഉരുളക്കിഴങ്ങ് കൂടെ കൂട്ടി കറിവെച്ച് കഴിക്കേണ്ട അവസ്ഥയിലാണ്. അല്ലെങ്കിൽ മറ്റെന്തെങ്കിലും പൊടിക്കൈകൾ കണ്ട് പിടിക്കേണ്ടിയിരിക്കുന്നു. അതേ സമയം മീനിൻ്റെ വിലയും വർധിച്ചിട്ടുണ്ട്. 60 രൂപ മുതൽ 100 രൂപ വരെയാണ് മീൻ വില കൂടിയത്.
വിലവർധനവ് സാധാരണക്കാരായ ജനങ്ങളെ ചെറുതായൊന്നും അല്ല ബാധിച്ചത്. കൂട്ടുകുടുംബങ്ങളിൽ താമസിക്കുന്നവർക്കും, പെരുന്നാൾ, ആഘോഷങ്ങൾ നടത്തുന്നവരേയും ഇത് കഷ്ടത്തിലാക്കുമെന്നത് പറയേണ്ട കാര്യം ഇല്ല. ഇനിയും ഇത് എത്രത്തോളം കൂടുമെന്നത് മാത്രമാണ് കണ്ടറിയേണ്ടത്.