1. തമിഴ്നാട്ടിൽ പൊങ്കൽ സമ്മാനമായി പണവും നൽകുമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. റേഷൻ കാർഡ് ഉടമകൾക്ക് 1000 രൂപ വീതം നൽകുമെന്നാണ് പ്രഖ്യാപിച്ചത്. വീട്ടമ്മമാർക്കുള്ള വേതനവും പൊങ്കലിന് മുമ്പ് നൽകുമെന്ന് മന്ത്രി അറിയിച്ചു. ജനുവരി 10ന് ബാങ്ക് അക്കൌണ്ടിലേക്ക് പണം എത്തും. 1 കിലോ അരി, 1 കിലോ പഞ്ചസാര, കരിമ്പ് എന്നിവയാണ് പെങ്കൽ കിറ്റിൽ ഉള്ളത്. റേഷൻ കാർഡ് ഉടമകൾക്കാണ് കിറ്റ് ലഭിക്കുക.
2. കോട്ടയം ജില്ലയിലെ വൈക്കത്തെ ചെമ്പിലെ കാട്ടിക്കുണ്ട് തൃപ്പാദപുരം ക്ഷേത്ര ഉത്സവത്തിൽ ചെറുധാന്യങ്ങളുടെ പ്രദർശന മേള സംഘടിപ്പിച്ചു. കോട്ടുവള്ളി കൃഷിഭവൻ നടപ്പിലാക്കുന്ന ചെറുധാന്യകൃഷി വ്യാപന പദ്ധതിയായ കോട്ടുവള്ളി മില്ലറ്റ് വേൾഡ് പ്രോഗ്രാമിന്റെ ഭാഗമായി കർഷകർ ഉൽപ്പാദിപ്പിച്ച ചെറുധാന്യ ഉൽപ്പന്നങ്ങൾ ജൈവരാജ്യം ഓർഗാനിക് ഫാമിൽ പ്രോസസ് ചെയ്ത് മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി മാറ്റിയാണ് പ്രദർശനത്തിനെത്തിച്ചത്.
3. കാർഷിക വികസന കർഷക ക്ഷേമ വകുപ്പും തൃശൂർ അഗ്രിക്കൾച്ചറൽ ടെക്നോളജി മാനേജ്‌മെൻ്റ് ഏജൻസിയും ചേർന്ന് നടത്തുന്ന കിസാൻ മേളയ്ക്ക് തുടക്കമായി. ചെമ്പുക്കാവ് അഗ്രിക്കൾച്ചറൽ കോംപ്ലക്‌സിൽ വച്ച് നടക്കുന്ന മേളയുടെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിച്ചു. വിളയിടാധിഷ്ഠിത കൃഷി രീതിയിലെ അനന്ത സാധ്യതകൾ പ്രയോജനപ്പെടുത്താനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ സർക്കാർ ലക്ഷ്യമിടുന്നതായി മന്ത്രി കെ രാജൻ പറഞ്ഞു. ചുരുങ്ങിയ നാളുകൾക്കുള്ളിൽ വിളയിട അധിഷ്ഠിത കൃഷിയിൽ മുന്നേറ്റം സൃഷ്ടിക്കാൻ കഴിഞ്ഞു. കേരളത്തിലെ ആദ്യത്തെ കൃഷി കമ്പനിയായ കേരള അഗ്രോ ബിസിനസ് കമ്പനിയുടെ വരവ് ഈ രംഗത്ത് വലിയ മുന്നേറ്റങ്ങൾ സൃഷ്ടിക്കും. കർഷകർക്ക് നേരിട്ട് പങ്കാളിത്തമുള്ള ക്യാബ്കോയിലൂടെ വിളകൾ എത്തിക്കാനും മൂല്യവർധിത ഉൽപ്പന്നങ്ങൾ ഉത്പാദിപ്പിക്കാനും മികച്ച രീതിയിൽ വിറ്റഴിക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. മേള ഇന്ന് അവസാനിക്കും.
4. തൃശ്ശൂര്‍ ജില്ലയിലെ വരവൂര്‍ സിഡിഎസില്‍ ഏഴ് ഏക്കര്‍ ഭൂമിയില്‍ കുടുംബശ്രീ അംഗങ്ങള്‍ നടത്തിയ കുറുന്തോട്ടി കൃഷിയില്‍ നിന്ന് ലഭിച്ചത് 6 ടണ്ണോളം വിളവ്. കിലോക്ക് 75 രൂപ നിരക്കില്‍ മറ്റത്തൂര്‍ ലേബര്‍ സൊസൈറ്റി വഴി വിപണനവും നടത്തുന്നുണ്ട്. തൃപ്തി അയല്‍ക്കൂട്ടത്തിൻ്റെ നവര ജെ.എല്‍.ജിയുടെ നേതൃത്വത്തില്‍ മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ച് കൊണ്ടായിരുന്നു കൃഷി നടത്തിയത്. വാര്‍ഡ് മെമ്പര്‍ പി.കെ. അനിതയുടെ അധ്യക്ഷതയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. സുനിത ഡിസംബര്‍ 18ന് കുറുന്തോട്ടി വിളവെടുപ്പ് ഉത്സവം ഉദ്ഘാടനം ചെയ്തു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം 1087 തൊഴില്‍ ദിനങ്ങള്‍ കുറുന്തോട്ടി കൃഷിയിലൂടെ സൃഷ്ടിക്കാനായിട്ടുണ്ട്. കുറുന്തോട്ടി തൈകള്‍ വിറ്റഴിച്ചും വരുമാനം ലഭിക്കുന്നുണ്ട്.