Updated on: 5 December, 2020 8:54 PM IST

ചോമ്പാല എന്ന ഉൾനാടൻ ഗ്രാമപ്രദേശത്തിനും പറയാനേറെയുണ്ട് ചരിത്രത്തിൻറെ നിറക്കൂട്ടുള്ള ഒരുപാട് നാട്ടുപുരാണങ്ങൾ .
കേരളത്തിൻറെ നവോത്ഥാനത്തില്‍ ക്രൈസ്തവ സഭകള്‍ ചെയ്ത സേവനങ്ങളിലേയ്ക്ക് വെറുതെ ഒരു തിരിഞ്ഞു നോട്ടം .
താഴ്ന്ന ചില ജാതിയിൽ ജനിച്ചവർ ഉയർന്ന ജാതിക്കാരെ സമീപിക്കുന്നതിനുള്ള പരിധി പണ്ടുകാലത്ത് നിർണ്ണയിക്കപ്പെട്ടിരുന്നു.
സമീപത്തുവരുന്നതോ കാഴ്ച്ചയിൽപ്പടുന്നതോ മൂലമുണ്ടാകുന്ന ഇത്തരം അശുദ്ധിയുണ്ടാകുന്നതിന് തീണ്ടാപ്പാട് എന്നാണ് പറഞ്ഞിരുന്നത് . താഴ്ന്ന ജാതിയിൽ പെട്ടവവർക്ക് ക്ഷേത്രപ്രവേശനം പോലുംനിഷേധിക്കപ്പെട്ടിരുന്നു. തികച്ചും പ്രാകൃതവും നിന്ദ്യവും അപരിഷ്‌കൃതവുമായ കാലം .
കോവിഡ് 19 കാലത്ത് നമ്മൾ സാമൂഹിക അകലം പാലിക്കുന്നതിനേക്കാൾ എത്രയോ വലുതെന്നുവേണം കരുതാൻ.
ചട്ടമ്പി സ്വാമികളും ശ്രീനാരായണഗുരുവും കുമാരനാശാനും അതുപോലെ ഒരുപാട്‌ സാമൂഹ്യപരിഷ്‌ക്കർത്താക്കളുടെ ഇടപെടലുകൾക്കൊപ്പം കൃസ്ത്യൻ മിഷനറിമാരുടെ പ്രവർത്തനവും ഇക്കാര്യത്തിൽ ഏറെ ശ്രദ്ധേയം എന്ന് പറയാതെ വയ്യ .
ജാതിവിവേചനവും അയിത്തവും നടമാടിയ പ്രാചീന മലബാറിൻറെ സാമൂഹ്യ സാമ്പത്തിക സാംസ്‌കാരിക വ്യവസായ പ്രവർത്തനങ്ങളിൽ ക്രൈസ്‌തവ മിഷനറിമാരുടെ സംഭാവനകൾ ഏറെ വിലപ്പെട്ടതായിരുന്നു . ഈ കാലയളവിലാണ് ദൈവദൂതന്മാരെപ്പോലെ മാലാഖമാരെപ്പോലെ ക്രിസ്‌തീയ മിഷനറിമാർ കേരളത്തിലെത്തുന്നത്.
മുഖ്യമായും ക്രിസ്‌തുമത പ്രചാരണം ലക്ഷ്യമിട്ടാണ് ക്രിസ്ത്യൻ മിഷനറിമാർ കടൽ കടന്നെത്തിയതെങ്കിലും ഉദ്ദേശിച്ചത്രയും വ്യാപകമായ തോതിൽ മത പരിവർത്തനത്തിൻറെ വ്യാപ്‌തി വർദ്ധിപ്പിക്കാനായില്ലെന്നതും നിഷേധിക്കാനാവാത്ത മറ്റൊരു പരമാർത്ഥം .
എന്നിരുന്നാലും ഇന്ത്യയിലെ ദശലക്ഷക്കണക്കിന് വ്യക്തികൾക്ക് ഗുണാത്മകമായ പ്രവർത്തനങ്ങളുടെ നീണ്ട നിരതന്നെ സാധ്യമാക്കാൻ ക്രിസ്ത്യൻ മിഷനറിമാർക്ക് കഴിഞ്ഞുവെന്നതും സത്യം .

ചോമ്പാല എന്ന ഗ്രാമപ്രദേശവും ക്രിസ്ത്യൻ മിഷനറിമാരും .ഒരു തിരിഞ്ഞു നോട്ടം

ചോമ്പാല എന്ന കടലോര ഗ്രാമത്തിലെ ഹിന്ദുക്കളിൽ ആദ്യമായി വേദക്കാരനായത് അഥവാ കൃസ്‌തീയമത വിശ്വാസിയായത് ഇവിടുത്തെ മന്നൻ ഗുരുക്കൾ എന്നൊരാൾ .
ക്രിസ്‌തുമത പ്രചാരണം ലക്ഷ്യമിട്ട് സൗജന്യമായി വിതരണം ചെയ്‌തിരുന്ന ലഖു പുസ്‌തകങ്ങളും തലശ്ശേരി ഇല്ലിക്കുന്നിലെ ഡോ .ഹെർമ്മ ഗുണ്ടർട്ട് സായിപ്പുമായുള്ള നിരന്തര സമ്പർക്കത്തിലൂടെയും കൃസ്‌തീയ മതവിശ്വാസം അദ്ദേഹത്തിൽ വേരൂന്നിക്കഴിഞ്ഞിരുന്നുവെന്ന് വേണം കരുതാൻ.
മന്നൻ വൈദ്യർ പിൽക്കാലത്ത് പോൾ എന്ന പേരിലറിയപ്പെട്ടു .

തുടർന്ന് ഏറെ താമസമില്ലാതെ തന്നെ ആ കാലയളവിൽ ഇവിടെ എഴുത്തു പള്ളിക്കൂടം നടത്തിയിരുന്ന മണ്ടോടി കുങ്കൻ ഗുരുക്കളും കുടുംബവുമാണ് തൊട്ടു പുറകെ കൃസ്ത്യാനികളായി തിരുഃസ്നാനമേറ്റവർ . യാക്കോബ് മണ്ടോടി എന്നപേരിലാണ് കുങ്കൻ ഗുരുക്കൾ പിന്നീട് അറിയപ്പെട്ടിരുന്നത് .
ഈ കുടുംബപരമ്പരയിൽ പെട്ട പലരും ഇവിടെ പാതിരിക്കുന്നിൻറെ പരിസരങ്ങളിൽ കുടിപാ ർത്തിർന്നുവെന്നതും വാസ്‌തവം .
കൃത്യമായ തൊഴിലും സാമ്പത്തിക വരുമാനവും വേണ്ടത്രയില്ലാതെ പട്ടിണിയും ദാരിദ്ര്യവും കഷ്ടപ്പാടിലും കഴിയുന്ന ഈ പ്രദേശത്തെ നിർദ്ധനകുടുംബങ്ങളിലുള്ളവർക്ക് മാറിയുടുക്കാൻ ഉടുവസ്ത്രങ്ങളും വിശപ്പടക്കാൻ പോഷക സമ്പന്നമായ ഭക്ഷ്യവസ്‌തുക്കളും തൊഴിൽ പരിശീലനവും മിഷനറിമാരിലൂടെ സൗജന്യമായി ലഭിച്ചതോടെ വിശക്കുന്നവൻറെ മുൻപിൽ ദൈവം അപ്പക്കഷണമായി അവതരിക്കുന്നുവെന്നത് സാധൂകരിക്കപ്പെടുകയായിരുന്നു .
ചോമ്പാലയിലും പരിസരപ്രദേശങ്ങളിലും ധാരാളം ഹിന്ദുകുടുംബക്കാർ ക്രിസ്ത്യാനികളായി മതം മാറിത്തുടങ്ങിയതോടെ ചോമ്പാലയിൽ ക്രിസ്ത്യാനികളുടെ അംഗസംഖ്യ വർദ്ധിക്കുകയും ചോമ്പാലയിലെ ഈ പുതിയ ക്രിസ്ത്യൻ സഭയെ 1845 ൽ ഡോ .ഹെർമ്മൻ ഗുണ്ടർട്ട് തലശ്ശേരിയുടെ ഉപസഭയാക്കി മാറ്റുകയും തുടർന്ന് ഏറെ താമസമില്ലാതെ അതേ വർഷം തന്നെ ചോമ്പാലയിൽ ഒരു സ്‌കൂൾ സ്ഥാപിക്കുകയുമാണുണ്ടായത് .
പോൾ വൈദ്യരും യാക്കോബ് മണ്ടോടിയുമായിരുന്നു ഈ സ്‌കൂളിലെ ആദ്യ ഗുരുക്കന്മാരായി നിയോഗിക്കപ്പെട്ടവർ .
ഇന്ന് കാണുന്ന ഇവുടുത്തെ കൃസ്‌തീയ കുടുംബങ്ങളിൽ ബഹുഭൂരിഭാഗവും ഇവരുടെ പിൻ തലമുറക്കാരെന്നു വേണം കരുതാൻ .
ഏകദേശം 70 വർഷങ്ങൾക്ക് മുമ്പ് ഞങ്ങൾ പഠിച്ചു തുടങ്ങിയത് ചോമ്പാലയിലെ പാതിരിക്കുന്നിലെ കുന്നുമ്മൽ സ്‌കൂളിൽ .
ബാസൽ ഇവാൻജെലിക്കൽ മിഷ്യൻ അപ്പർ പ്രൈമറിയുടെ ചുരുക്കപ്പേരായ ബി ഇ എം യു പി സ്‌കൂളിൽ .

ജർമ്മനിയിൽ നിന്നും  മലയാളക്കരയിലെത്തി മലയാളികളുമായി ഇഴുകിയും ഇടപഴകിയും ഇവിടുത്തെ നാട്ടുഭാഷയായ മലയാളം എഴുതാനും വായിക്കാനും വശമാക്കിയതിന് പുറമെ മലയാളികൾക്ക് ആദ്യമായി ഒരു മലയാളം നിഘണ്ടു തയ്യാറാക്കി സമർപ്പിക്കുകയും ചെയ്‌ത ഡോ .ഹെർമ്മൻ ഗുണ്ടർട്ട് 1845 ൽ സ്ഥാപിച്ചതാണത്രെ ഞങ്ങൾ പഠിച്ച പാതിരിക്കുന്നിലെ കുന്നുമ്മൽ സ്‌കൂൾ .

നാട്ടുരാജാവാഴ്ച്ചയുടെ കാലം .

ചോമ്പാലയിൽ കുന്നുംപ്രദേശമായി തരിശായി കിടന്ന ഒരു വലിയ പറമ്പ്  കടത്തനാട് പുറമേരി കോവിലകം തമ്പുരാൻറെ  കാരുണ്യത്തിൽ  മിഷൻ തരക് എഴുതി വാങ്ങിയ ഇടത്തിലാണ് ഈ സ്‌കൂൾ സ്ഥാപിക്കപ്പെട്ടത് .
ബ്രിട്ടീഷ് വാസ്‌തു ശൈലിയുടെ മികവും പകിട്ടും നിലനിർത്തിക്കൊണ്ട് കനത്ത ഇരുമ്പഴികളിട്ട വലിയ ജനലുകളും മരക്കേമമുള്ള മേൽക്കൂരയിൽ പാകിയ ഓടുകൾക്കിടയിൽ ഒരോ  ക്ളാസ്സുറൂമുകൾക്കും മുകളിലായി കണ്ണാടി ഓടുകൾ സ്ഥാപിച്ചും തറയിൽ കോമൺവെൽത്ത് ഇഷ്ടികകൾ പാകിയും മനോഹരമാക്കിയതായിരുന്നു ഇവിടുത്തെ സ്‌കൂൾ കെട്ടിടം .ക്ലാസ്സുകളുടെ വേർതിരിവിന് മരത്തിന്റെ വലിയ സ്ക്രീനുകൾ .
സ്ക്കൂളിൻറെ മുറ്റത്ത് റോസാപൂക്കളടക്കം വിരിഞ്ഞു നിൽക്കുന്ന പൂന്തോട്ടം .ജർമ്മനിയിൽ നിന്നും കൊണ്ടുവന്ന വിവിധയിനംതോട്ട വാഴകൾ ,പൂച്ച വാൽ എന്ന പൂച്ചെടി .ചോക്ലേറ്റ് എന്ന മരം .സാമാന്യം നല്ലവലുപ്പമുള്ള കായകളുണ്ടാകുന്ന പപ്പായച്ചെടികൾ .
ആകാലഘട്ടത്തിൽ ചുറ്റുപാടിലെ ഒട്ടുമുക്കാൽ സ്‌കൂളുകളും പുറം ചുമരുകൾ പ്ലാസ്റ്റർ ചെയ്യാതെയും നിലം സിമന്റ് പൂശാതെയും ഓലമേഞ്ഞ മേൽക്കൂരയും ചാണകം മെഴുകിയ തറയുമായിരുന്നു .
കുന്നുമ്മൽ സ്‌കൂളിൽ പഠിക്കാൻ അവസരം കിട്ടുന്നത് മഹാഭാഗ്യമായാണ് അന്നത്തെ കുട്ടികൾ കരുതിയിരുന്നത് .
 സ്‌കൂളിനോട് ചേർന്ന് തൊഴിൽ പരിചയത്തിനായി നെയ്ത്തുശാലയും വിദഗ്ദ്ധരരായ പരിശീലകരെയും നിയമിച്ചിരുന്നു . സ്‌കൂളിലെ മഗ്ഗത്തിൽ കയറി ഞാൻ അൽപ്പസ്വൽപ്പം  നെയ്ത്തു പഠിച്ചത് തേപ്പിയേട്ടൻ എന്ന് വിളിക്കുന്ന ദേവപ്രിയൻ എന്ന അധ്യാപകനിലൂടെ .
പെൺകുട്ടികൾക്കായി വിപുലമായ അനാഥാലയവും ചുറ്റുപാടുകളിലെ ജനങ്ങൾക്ക് ജാതിമതഭേധമെന്യേ ചികിത്സാസൗകര്യങ്ങൾ ലഭിക്കുന്നതിനായി നെടുനീളൻ കെട്ടിടമുള്ള ആശുപത്രിയും പാതിരിക്കുന്നിൽ സ്ഥാപിച്ചിരുന്നു .

1900 ത്തിനു ശേഷം സിസ്റ്റർ ഫ്രീഡ എന്ന ജർമ്മൻകാരിക്കായിരുന്നു ഇവിടുത്തെശുശ്രുഷയുടെ മുഖ്യചുമതല .അതിനു മുൻപ്  സിസ്റ്റർ എമിലി .ഇവരൊക്കെ ജർമ്മനിയിൽ നിന്നും വന്നവർ . ആശുപത്രിയോട് ചേർന്ന് പ്രസവ വാർഡും ഉണ്ടായിരുന്നു .

ചോമ്പാലയിൽ ആകാലത്ത് ഒരു ഡോക്ടർ പോലുമുണ്ടായിരുന്നില്ല. സാമ്പത്തികമായി ഏറെ പിന്നോക്കാവസ്ഥയിലായ  കടലോര പ്രദേശത്തെ  വലിയ വിഭാഗം കുടുംബങ്ങൾക്കും നാട്ടുകാർക്കും  ഈ ആശുപത്രി ആ കാലത്ത് വലിയ സഹായമായിരുന്നു .
ആ കാലഘട്ടങ്ങളിൽ ശരീരത്തിലേൽക്കുന്ന മുറിവുകൾക്ക് പുരട്ടാൻ പെൻസിലിൻ ഓയിൻറ്മെന്റും കൂട്ടത്തിൽ പെൻസിലിൻ ഇൻജക്ഷനുമൊക്കെ ഞാനും അവിടുന്ന് അനുഭവിച്ചിട്ടുണ്ട് .
കാലാന്തരത്തിൽ പെൻസിലിൻ നിരോധിക്കുകയാണുണ്ടായതെന്നത് മറ്റൊരു സത്യം .
ജർമ്മനിയിൽനിന്നും നിഡോവിനെ വെല്ലുന്ന തരം മുന്തിയ ഇനം പാൽപ്പൊടി  ടണ്ണുകണക്കിനാണ് സൗജന്യ വിതരണത്തിനായി ആ കാലത്ത് ബംഗ്ളാവിനോട് ചേർന്ന ആശുപത്രിയിലെത്തുക .
അതിരാവിലെ തന്നെ കിലോക്കണക്കിന് പാൽപ്പൊടി വലിയ കുട്ടളങ്ങളിലെ വെള്ളത്തിൽ കലർത്തി തിളപ്പിച്ചെടുക്കുമ്പോഴേക്കും ആളുകളുടെ വരവ് തുടങ്ങും.
ചുറ്റുപാടിലുള്ളവർക്കു പുറമെ മുക്കാളി ,കണ്ണൂക്കര ,ആയിക്കര ,കല്ലാമല ,കൊളരാട് തെരു ,തട്ടോളിക്കര തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെല്ലാം കയ്യിൽ വലിയ തൂക്കുപാത്രവും ഡബ്ബകളുമായി നാനാജാതിയിലുംപെട്ട ആളുകളുടെ ഒഴുക്കാവും, എണ്ണമറ്റ ആളുകളാവും ഇവിടെ പാല് വാങ്ങാനുള്ള ക്യുവിൽ ഇടംപിടിക്കുന്നത്  .
പാത്രത്തിൻറെ വലിപ്പവും കുടുംബത്തിന്റെ അംഗസംഘ്യയും നോക്കി രണ്ടും മൂന്നും അതിലധികവും ലിറ്റർ ചൂടുള്ള പാലായിരിക്കും ഒഴിച്ചുകൊടുക്കുക .
സുനീതി എന്ന് പേരുള്ള ഒരു സ്ത്രീക്കായിരുന്നു ഇതിൻറെ ചുമതല .ഇവരെ സുനീതി അക്ക എന്നായിരുന്നു ആളുകൾ വിളിക്കുക .
 ഈ പാലുകൊണ്ടുപോയി ഉറവ ചേർത്ത് വെണ്ണ മാറ്റി നല്ല മോരുണ്ടാക്കി ഹോട്ടലിലും മറ്റും വിൽക്കാറുള്ള പലരെയും എനിക്കടുത്തറിയാം.
 മറ്റു ചിലരാകട്ടെ  സമീപങ്ങളിലെ ചായക്കടകളിൽ സ്വകാര്യമായി ഈ പാൽ കൊണ്ടുപോയിക്കൊടുത്ത് ഇടപാട് നടത്തുന്നതും കണ്ടിട്ടുണ്ട് .
ധാരാളം ജീവകങ്ങളും പോഷകങ്ങളും അടങ്ങിയിട്ടുള്ള ചീസ് , പോഷകസമ്പന്നമായ ചില വലിയ ഇനം പയറുകൾ .മുന്തിയ ഗോതമ്പ് പൊടി ,പ്രത്യേകതരം ഭക്ഷ്യ ഓയിലുകൾ പഴച്ചാറുകൾ തുടങ്ങിയ നിരവധി ഭക്ഷ്യവസ്‌തുക്കൾ  ജർമ്മനിയിൽ നിന്നും മിഷൻ വക സൗജന്യവിതരണത്തിനായി ആ കാലത്ത് ഇവിടെ എത്തുമായിരുന്നു .ഇല്ലായമയുടെ കാലത്ത് പലരെയും മതം മാറാൻ പ്രേരിപ്പിച്ചതും ഇതുകൊണ്ടൊക്കെത്തന്നെ .
കൃസ്ത്യൻ മിഷ്യനറിമാരുടെ വരവ് കൊണ്ട് നാടിന് പൊതുവെ പുരോഗതിയാണുണ്ടായതെന്നുവേണം കരുതാൻ .
പ്രദേശത്ത് വസൂരി രോഗം വ്യാപകമായി പടർന്നു പിടിച്ച കാലത്ത്  ഇവിടുത്തെ മിഷനറിമാരുടെ സേവനം ഏറെ വലുതായിരുന്നു .കൃതജ്ഞതയോടെയാണ് നാട്ടുകാർ ഇന്നും ആ കാലം ഓർമ്മിക്കുന്നത് .
വെളിമ്പറമ്പുകളെ  ശൗചാലയമാക്കി ശീലിച്ച ചുറ്റുപാടിലെ ബഹുഭൂരി ഭാഗം പേരും കക്കൂസുകൾ ഉപയോഗിക്കാൻ ശീലിച്ചതും ഭക്ഷണം കഴിക്കാൻ മേശയോ ബെഞ്ചോ ഉപയോഗിക്കാൻ തുടങ്ങിയതുപോലുള്ള ഒരുപാട് മാറ്റങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട് .വീടിനോട് ചേർന്ന് കുളിമുറിനിർമ്മിച്ചു .ഉടുവസ്ത്രങ്ങൾ  ഇസ്തിരിയിട്ട് ധരിക്കാനുള്ള  പ്രേരകശക്തിക്കു പിന്നിലും മിഷനറിമാരുടെ സ്വാധീനം ചെറുതല്ല  .
വൃത്തിയും വെടിപ്പുമുള്ള ജീവിതക്രമം വീട്ടുമുറ്റങ്ങളിൽ  ചെറിയ പൂന്തോട്ടങ്ങളും  അലങ്കാര ചെടികളോടുള്ള പ്രിയവും എല്ലാം കൂടിയതിനും പുറമെ വിദ്യാഭ്യാസവും തൊഴിലറിവുകളൂം  അനിവാര്യമാണെന്ന തോന്നലും വ്യാപകവുമായതിൽ കൃസ്ത്യൻ മിഷനറിമാരുടെ പങ്ക്തതള്ളിക്കളയാവതല്ലെന്നുവേണം പറയാൻ .
കേരളത്തിലെ നവീകരണ പ്രസ്ഥാനങ്ങളുടെ മുന്നണിപ്പോരാളികളാണ്‌ കൃസ്ത്യൻ മിഷനറിമാർ എന്ന് പറഞ്ഞാലും തെറ്റാവില്ല.

അഞ്ചിലും ആറിലും പഠിക്കുമ്പോൾ ഞങ്ങൾ സ്‌കൂളിനോട് ചേർന്ന പള്ളിയിൽ പോകാറുണ്ട്  .
പള്ളിയിൽ പോകണമെന്ന് നിർബ്ബന്ധമില്ല .ഇഷ്ടമുള്ളവർക്ക് മാത്രം .സൺഡേ സ്‌കൂൾ എന്നാണിതിന് പറയുക ,ഞങ്ങൾ കുറേപേർ പതിവായി പോകുമായിരുന്നു .
മത്തായി എഴുതിയ സുവിശേഷം ,മാർക്കോസ് എഴുതിയ സുവിശേഷം ,ലൂക്കോസ് എഴുതിയ സുവിശേഷം തുടങ്ങിയ കൊച്ചുപുസ്തകങ്ങളും ബൈബിളും ഫ്രീ ആയി ലഭിക്കും \.
ഉപദേശിയാർ എന്നു വിളിക്കുന്ന സ്റ്റീഫൻ എന്നുപേരുള്ള  വയസ്സായ ഒരാളാണെനിക്ക് ബുക്കുകൾ തന്നത് .ഞാനിപ്പോൾ താമസിക്കുന്ന വീടിനു തൊട്ടരികിൽ ഇപ്പോഴും ആ വീടുണ്ട്.
 ''സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ'' എന്നുതുടങ്ങി ഞങ്ങൾ പള്ളിയിൽ നിന്ന് പ്രാർത്ഥിച്ചിട്ടുണ്ട് . ദാവീദും ഗോല്യാത്തും പോലുള്ള കൊച്ചുകഥകൾ ഞങ്ങളെ പഠിപ്പിക്കുമായിരുന്നു.
 അങ്ങിനെയൊരു അവസരം ലഭിച്ചത് നന്മയായല്ലാതെ  അതൊരു തെറ്റായി ഇന്നും തോന്നുന്നുമില്ല.
എൻറെ  അമ്മയും പഠിക്കുന്ന കാലത്ത്  സൺഡേ സ്‌കൂളിൽ പങ്കെടുത്തിരുന്നത്രെ .ഞങ്ങളെ ആരും മതം മാറ്റാൻ ശ്രമിച്ചിട്ടുമില്ല .
റവ. ഫാദർ ഹെർമ്മൻ ഗുണ്ടർട്ടിൻറെ സഹപ്രവർത്തകൻ റവ .ഫാദർ ക്രിസ്ത്യൻ മില്ലറിന്റെ പേരിലാണ് ഈ ദേവാലയം  അറിയപ്പെടുന്നത് .
പതിനെട്ടാം നൂറ്റാണ്ടിൻറെ അവസാനമാകുമ്പോഴേയ്ക്കും അഞ്ഞൂറിലേറെ കുടുംബക്കാർ ഈ ദേവാലയത്തിൽ ആരാധനക്കായെത്തിയിരുന്നു . റോമൻ ഗോഥക് വാസ്‌തു ശൈലിയിലാണ് ഈ പള്ളിയുടെ രൂപകൽപ്പന നിർവ്വഹിച്ചിരിക്കുന്നത് .
ജനനലുകളിൽ വിവിധ വർണ്ണങ്ങൾ വിരിയുന്ന ബെൽജിയം വർണ്ണ കണ്ണാടികൾ .കൊത്തുപണികൾ കൊണ്ടലങ്കരിച്ച അൾത്താര .ക്രിസ്ത്യൻ മില്ലറിന്റെ പേരിൽ ഒരു വനിതാ കോളേജും പാതിരിക്കുന്നിൽ പ്രവർത്തിക്കുന്നുണ്ട് .

പൊതുവെ ക്ഷേത്രങ്ങളും പള്ളികളും കൃസ്ത്യൻ ദേവാലയവും  ശ്രീനാരായണ മഠവും  അയ്യപ്പക്ഷേത്രവും  എല്ലാം കൂടി ഭക്തിയുടെ , ഭക്തരുടെ നല്ല കൂട്ടായ്‌മയുടെ വിളനിലമായിരുന്നു ഇവിടം ഈ ഗ്രാമപ്രദേശം .വാഗ്ഭടാനന്ദൻറെ പേരിൽ ആത്മവിദ്യാ സംഘവും ഇവിടെ തഴച്ചുവളർന്നിരുന്നു .
നാനാതരം വിശ്വാസികൾക്ക്   ഇവിടെ ഏറെ പഞ്ഞമില്ലാത്തതുകൊണ്ട് തന്നെ  അടുത്തും അയലത്തുമായി ആഴത്തിൽ വേരിറങ്ങിയ നിരവധി തണൽമരങ്ങൾ പോലെ  ബാലൻ സ്വാമി ,മുകുന്ദൻ സ്വാമി. ശാന്ത സ്വാമി ,ശ്രീധരൻ സ്വാമി . അങ്ങിനെ നീളുന്നു വർത്തമാന കാലഘട്ടത്തിലെ ഇവിടുത്തെ ''അവതാരക്കാഴ്ച്ചകൾ ''.
ഇവരിൽ പലരുടെ  മുൻപിലും  എന്തിന് വേണ്ടിയെന്നറിയാതെ  വെറുതെ ,ഒരന്വേഷകൻറെ കുപ്പായമിട്ട് ഞാനും തൊഴുതു നിന്നിട്ടുണ്ട്.

ചരിത്രസ്‌മൃതികളുണരുന്ന കുഞ്ഞിപ്പള്ളി

ഇസ്ലാം മത പ്രചാരണം ലക്ഷ്യമിട്ടുകൊണ്ട് പന്ത്രണ്ടാം നൂറ്റാണ്ടിൽ ഇറാഖിൽ നിന്നുമെത്തിയ സൂഫി വര്യന്മാരിലൂടെയാണ് കുഞ്ഞിപ്പള്ളിയുടെ ചരിത്രസ്‌മൃതികളുണരുന്നത് .
അലിയ്യുൽ കുഫി എന്ന സൂഫി സിദ്ധൻ തൊട്ടടുത്ത ഗ്രാമ പ്രദേശമായ പെരിങ്ങത്തൂരിലും സയ്യിദ്‌ ഉമർബിൻ മുഹമ്മദ് ഹസ്സൻ സുഹ്റവർദി എന്ന മറ്റൊരു മുസ്ലിം സിദ്ധൻ മാഹിക്കടുത്ത് ചോമ്പാല പ്രദേശത്തും അനാദി കാലത്ത് താവളമുറപ്പിക്കുകയാണുണ്ടായത്  .
സിദ്ധന്മാർക്ക് കൈമുതലായുള്ള പല അത്ഭുതവിദ്യകളും വശമുള്ള ഈ സൂഫി വര്യനിൽ  ആകൃഷ്ടനും സംപ്രീതനുമായി അന്നത്തെ നാടുവാഴി.
സയ്യിദ്‌ ഉമർബിൻ മുഹമ്മദ് ഹസ്സൻ സുഹ്റവർദി എന്ന സിദ്ധൻ ആവശ്യപ്പെട്ട അത്രയും അളവിൽ ഭൂമി പാരിതോഷികമായി നാടുവാഴി അനുവദിച്ചു നൽകിഎന്നാണ് അറിയപ്പെടുന്നത് .
ചോമ്പാലയിലെ തീർത്തും വിജനമായ ഈ ഭൂമിയിലാണ് സിദ്ധൻ ആദ്യമായി 'സാവിയ' നിർമ്മിച്ച് മത പ്രചാരണം തുടങ്ങിയത് .
ചോമാപ്പറമ്പ് അഥവാ ചോമ്പാൽ പറമ്പ് എന്നായിരുന്നു ഈ ഭൂമിയുടെ പേര് .
സൂഫി മഠങ്ങളെയാണ് പൊതുവെ സാവിയ എന്ന് വിശേഷിപ്പിക്കുന്നത്.
ഇദ്ദേഹത്തിൻറെ പ്രയത്നഫലമായി ഒട്ടേറെപ്പേർ  അക്കാലത്ത്  ഇസ്ലാം മതം ആശ്ലേഷിച്ചതായി  വിശ്വസിക്കപ്പെടുന്നു .
സാവിയ എന്ന ഈ  സൂഫി മഠമാണ്  കാലാന്തരത്തിൽ കുഞ്ഞിപ്പള്ളിയായി മാറിയത് .പഴയകാലത്തെ പള്ളി പുതുക്കിപ്പണിതതാണ് ഇന്ന് കാണുന്നവലിയ പള്ളി  .
പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന ഉമർ ബിൻ മുഹമ്മദ്‌ സുഹ്റവർദിയുടെ കബറിടവും  ഇവിടെത്തന്നെ.

പ്രാചീനകേരളത്തിൻറെ ആദ്യത്തെ ചരിത്ര ഗ്രന്ഥമായ ''തുഹ്‌ഫത്തുൽ മുജാഹിദ്ദീൻ '' അറബി ഭാഷയിൽ രചിച്ച മലയാളി ,പതിനാറാം നൂറ്റാണ്ടിൽ ജീവിച്ച ഷെയ്ഖ്  സൈനുദ്ധീൻ മഖ്‌ദൂം രണ്ടാമൻ  അന്ത്യ വിശ്രമം കൊള്ളുന്നത് ചോമ്പാലയിലെ കുഞ്ഞിപ്പള്ളിയോട് ചേർന്ന ഖബറിടത്തിൽ.

ഏകദേശം എഴുപത് വർഷങ്ങൾക്കു മുൻപുള്ള  ഓർമ്മയിലുണരുന്ന കുഞ്ഞിപ്പള്ളി പരിസരത്തിൻറെ ദൃശ്യാനുഭവം കൂടി ഇന്നത്തെ യുവതലമുറക്കുവേണ്ടി പങ്കുവെയ്ക്കുന്നു .
മൈതാനത്തിന് കിഴക്കുവശം തീവണ്ടിപ്പാത .പടിഞ്ഞാറുഭാഗം  ഒരു വിളിപ്പാട് ദൂരെ മാറി അറബിക്കടൽ. അതിനിടയിൽ കുറെ വീടുകൾ .ഒട്ടുമുക്കാലും ഓലപ്പുരകൾ . താറിട്ടതെങ്കിലും ഒരുവാഹനത്തിന് സുഗമമായി കടന്നുപോകാവുന്നത്രമാത്രം വീതിയുള്ള റോഡ് .
ഇന്നുകാണുന്ന വ്യാപാരസ്ഥാപനമോ കെട്ടിടങ്ങളോ ഒന്നും തന്നെയില്ലാതെ കണ്ണെത്താദൂരത്തിൽ പരന്നുകിടക്കുന്ന മൈതാനം .ഇടയിലെവിടെയൊക്കെയോ പടർന്നുയർന്ന പറങ്കിമാവുകൾ .
അത്യാവശ്യം ചിലേടങ്ങളിൽ ചവോക്ക് മരങ്ങൾ .ചുറ്റിലും ആൾപ്പാർപ്പ് നന്നേ കുറവ്.
വൈകുന്നേരങ്ങളിൽ ഫുട്ബോൾ കളിക്കെത്തുന്ന നാട്ടുകൂട്ടം . മൈതാനത്തിൻറെ ഒഴിഞ്ഞ മൂലകളിൽ വട്ടംകൂടിയിരിക്കുന്ന ചീട്ടുകളിക്കാർ.

പ്രാധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന് പ്രസംഗിക്കാൻ  ഉയരത്തിലുള്ള കൽമണ്ഡപവും ഗോവണിയും ഈ മൈതാനത്ത്  ഒരുക്കുന്നതിന് നേതൃത്വം വഹിച്ചത് സ്വാതന്ത്യ്ര സമരസേനാനിയും   അന്നത്തെ കോൺഗ്രസ്സ് പാർട്ടിയുടെ സമുന്നതനായ പ്രാദേശിക പ്രവർത്തകനുമായ  ചോമ്പാലക്കാരൻ മുല്ലപ്പള്ളി ഗോപാലൻ . മുൻകേന്ദ്രമന്ത്രിയും കെപി സി സി പ്രസിഡണ്ടുമായ മുല്ലപ്പള്ളി രാമചന്ദ്രൻ ഇദ്ദേഹത്തിൻറെ മൂത്ത മകൻ .
 ഇന്നത്തെ പത്രപ്രവർത്തകൻ പ്രദീപ് ചോമ്പാലയുടെ അച്ഛൻ പുതിയപറമ്പത്ത് കുഞ്ഞിക്കണ്ണൻ മാസ്റ്റരും  കുടുംബവുമാണ് ഈ മൈതാനത്തിൻറെ തെക്കേ അറ്റത്ത്  ആദ്യമായി വീട് വെച്ചത്  .അൽപ്പമകലെ പരവൻ സായിപ്പ് എന്നൊരാൾ വീടുവെച്ചു .
ഇന്നുകാണുന്ന ബ്ലോക്ക് ഓഫീസ്സ്  കെട്ടിടങ്ങളും ചോമ്പാൽ ആർട് ഗ്യാലറിയും എതിർഭാഗത്തെ സ്റ്റേഡിയവും ഒന്നുമില്ലെന്ന ഓർമ്മ .
മൈതാനത്തിൻറെ  വടക്കുഭാഗത്ത് അണ്ടിക്കമ്പനി .പിന്നീടത് തീപ്പെട്ടിക്കമ്പനിയായി
റോഡരികിൽ  തടിയൻ കൊമ്പുകളും വേരുകളും പടർന്ന കൂറ്റൻ പേരാൽ മരങ്ങൾ ..ഇപ്പോൾ പൊളിഞ്ഞുവീഴാറായിനിൽക്കുന്ന വിസ്‌തൃതമായ കെട്ടിടം നഷ്ട്ടപ്പെട്ട പ്രതാപത്തിൻറെ ഒരു സ്‌മാരകം.
നത്തും കടവാതിലുകളും ചേക്കേറുന്ന പേരാലിൻറെ മരപ്പൊത്തിലും മറവിലും പിടിച്ചുപറിക്കാരുടെ താവളം . .സന്ധ്യ മയങ്ങിയാൽ ഈ വഴി തനിച്ചുപോകാൻ ഭയപ്പെടുന്ന കാലം .
ഉച്ചത്തിൽ നിലവിളിച്ചാൽപോലും ഒരാളെത്തിനോക്കാനിടയില്ലാത്ത ഭീകരമായ ഭൂപ്രകൃതി.
അണ്ടിക്കമ്പനിക്ക് സമീപം ആകെയുള്ളത് കോഴികൊത്തി ഭാസ്‌കരൻ എന്നയാളുടെ ചായക്കട മാത്രം .
ചന്തമുള്ള പൂന്തോട്ടവും പൂച്ചട്ടികളിൽ പെറ്റൂണിയയും സീനിയയും  ഡാലിയയുമുള്ള ബോർണിയോക്കാരൻറെ   ഓടിട്ട വീട് കഴിഞ്ഞാൽ ചുറ്റുപാട് മുഴുവൻ വെറും തരിശ് .
ഇടക്ക് രാമൻ നായരുടെ നെയ്ത്ത് ശാല .
കുഞ്ഞിപ്പള്ളിയുടെ മുൻപിൽ വളരെ ചെറിയ ഒരു ചായക്കട .ആരെങ്കിലും ചായചോദിച്ചാൽ തീക്കൂട്ടാൻ  തുടങ്ങുന്ന നന്നേ ചെറിയ ചായക്കട .
അട്ടിവെച്ച നിരപ്പലകയിലിരിക്കാം  .കോലായിൽ അടുപ്പും അതിലൊരു മൺകലവും ചായപ്പോഞ്ചിഎന്ന ഉപകരണവും കൂട്ടത്തിൽ ചായകൂട്ടാനുള്ള കൈപ്പിടിയുള്ള  ടിന്നുകൊണ്ടുള്ള പാട്ടയും .
 
കൈകഴുകാൻ മുന്നിൽ മൺകലത്തിൽ വെള്ളം.  ഇളനീർ തൊണ്ടിനുള്ളിലൂടെ കവുങ്ങിൻറെ അലക്‌ ഉരുട്ടി കയറ്റിയ  പാത്രവും  കാണും .വെള്ളം മുക്കിയെടുക്കാൻ .
പലഹാരമായി ഒഴിഞ്ഞ ബിസ്ക്കറ്റ് ടിന്നിലിട്ടുവെച്ച  നടുവിൽ മുന്തിരിവെച്ച ബണ്ണും കിട്ടും.പലാപ്പം എന്നൊരിനം വേറെയും .
അടുത്തൊന്നും വാടകക്ക് സൈക്കിൾ കിട്ടുന്ന ഒരൊറ്റ കടപോലുമില്ല .ആകപ്പാടെ  ഒരു സൈക്കിൾ ഷോപ്പുള്ളത് അഴിയൂർ ബോർഡ് സ്‌കൂളിനടുത്ത്  .ഇന്ന് കാണുന്ന ഹൈസ്‌കൂളും അന്നില്ല .

കുഞ്ഞിപ്പള്ളിയുടെ മുൻപിൽ റോഡിനോട് ചേർന്ന് ഓടുമേഞ്ഞ ഇടുങ്ങിയ കവാടത്തിൽ ഇരുവശത്തും സിമൻറ് തേച്ച തിണ്ണകൾ .ഇരിക്കാനും കിടക്കാനും വിശ്രമിക്കാനും പാകത്തിൽ .
മുന്നിൽ കാറ്റും മഴയും തടയിടാനായികെട്ടിത്തൂക്കിയ പനമ്പ് തട്ടി .
ഈ മറക്കുള്ളിൽ സന്ധ്യയായാൽ മിനുങ്ങി കത്തുന്ന പാനീസ് വിളക്കെന്ന റാന്തൽ വിളക്ക് .
കയ്യിൽ ചൂരൽക്കാലുള്ള വലിയൊരു ശീലക്കുടയുമായി  ഒരു വയസ്സൻ തങ്ങൾ ഈ കവാടത്തിൽ ഏതുനേരവും കാണും .
കോറോത്ത് റോഡിലോ  മറ്റോ ആണ് അദ്ദേത്തിന്റെ വീട് .
റോഡിലൂടെ രാവും പകലും കടന്നുപോകുന്ന എണ്ണത്തിൽ കുറഞ്ഞ വാഹനങ്ങളിലെ വിശ്വാസികളായ  യാത്രക്കാർ നേർച്ചയായി പള്ളിക്കുമുൻപിൽ ഇട്ടെറിഞ്ഞുപോകുന്ന നോട്ടുകൾ ,നാണയങ്ങൾ പെറുക്കിക്കൂട്ടി ചുമരിൽ കെട്ടിത്തൂക്കിയ ഭണ്ടാരപ്പെട്ടിയിലിടുക  എന്നതാണ് അദ്ദേഹത്തിന്റെ മുഖ്യ ജോലി .
റോഡിൽ വീണ് കിട്ടുന്ന നാണയങ്ങൾ പെറുക്കിക്കൂട്ടി കൊണ്ടുപോകുമ്പോൾ ഇദ്ദേഹം അരപ്പട്ടയിലെ പോക്കറ്റിൽ  ഇടാറുണ്ടോ എന്ന് ഞാൻ അകലെ മാറിനിന്ന് ഒളിഞ്ഞു നോക്കിയിട്ടുണ്ട് . ഒരു ചില്ലിക്കാശപോലും അദ്ദേഹം സ്വന്തം പോക്കറ്റിലിട്ടില്ലെന്നതും സത്യം .
ഈ നേർച്ചപ്പണം മോഷ്ട്ടിച്ചാൽ കനത്തതോതിൽ ദൈവശിക്ഷ കിട്ടുമെന്നായിരുന്നു അന്നത്തെ വിശ്വാസം .ഇന്നും ജനങ്ങളിൽ പ്രസ്‌തുത വിശ്വാസത്തിന്  മങ്ങലേറ്റിട്ടില്ലെന്നുവേണം കരുതാൻ .
ജാതിമതഭേദമില്ലാതെ വിശ്വാസികൾ നേർച്ചയിടുന്ന കുഞ്ഞിപ്പള്ളിയുടെ പുരാതനവും മഹത്വവും  പ്രശസ്‌ത പണ്ഡിതൻ ശൈഖ് സൈനുദ്ധീൻ മഖ്‌ദും രണ്ടാമൻ രചിച്ച ഗ്രന്ഥമായ തുഹ്ഫതുൽ മുജാഹിദീൻ മലയാളംപരിഭാഷയിൽ വിശദമായി കാണുന്നു .
മുക്കാളിയിലെ തുണിക്കച്ചവടക്കാരൻ ചാത്തോത്ത്. സി .പി .മഹമൂദ്ഹാജിയാണ് എത്രയോ വർഷങ്ങൾക്ക് മുൻപ് ഈ ഗ്രന്ധം എനിക്ക് വായിക്കാൻതന്നതെന്നും കൃതജ്ഞതയോടെ ഓർക്കുന്നു.  
കുഞ്ഞിപ്പള്ളിയുടെ ഈ കവാടത്തിൽ നല്ല വെയിലിൽ നടന്നു തളർന്നവർക്കും കാറ്റിലും മഴയിലും രക്ഷക്കായും ജാതിമത ഭേധമില്ലാതെ ആർക്കും ചെന്നിരുന്നു വിശ്രമിക്കാമെന്നതും എടുത്തുപറയാവുമെന്ന പ്രത്യേകത .പള്ളിയുടെ വശം ചേർന്ന് ഖബർസ്ഥാൻ .ഷെയ്ഖ് സൈനുദ്ധീൻ മഖ്‌ദൂം രണ്ടാമൻ ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നു എന്നെഴുതിയ ഫലകവും ഇവിടെ കാണാം

അറ്റത്ത് കൂർത്ത മുള്ളുള്ള ഒറോപ്പ കൈതക്കാടുകളും കാടു പിടിച്ച പോലുള്ള കോളാമ്പിചെടികളും ശീമക്കൊന്നമരങ്ങളും മാത്രമുള്ള  ഈ വിജനമായ മൈതാനത്താണ് LSS Camp അഥവാ ലോക് സഹായക് സേന ക്യാമ്പ് എന്ന വിപുലമായ പരിപാടി നടന്നത് .
' ചോമ്പാൽ പറമ്പത്തുനിന്ന് കാവോടി ഒടിഞ്ഞപോലെ ''- എന്നൊരു പറച്ചിൽ  തന്നെ കുഞ്ഞിപ്പള്ളി മൈതാനം ഭാഗത്തെക്കുറിച്ചുണ്ട് .
രാത്രികാലങ്ങളിൽ പഞ്ചായത്ത് വിളക്കിൻറെ വെളിച്ചത്തിൽ  കുഞ്ഞിപ്പള്ളിയിലെ ഖബറിടങ്ങളിലെ
വെള്ളപൂശിയ മീസാൻ കല്ലുകൾ പല്ലിളിച്ചത്തുന്ന പിശാചുക്കളോ പ്രേതങ്ങളോ ആണെന്ന് ഭീരുക്കൾക്കു തോന്നിക്കൂടെന്നുമില്ല .
ഇന്നുള്ളപോലെ അത്രയും വാഹനത്തിരക്കില്ല . അഞ്ചും പത്തും മിനിറ്റിനിടയിൽ ഏതെങ്കിലും ലോറിയോ കാറോ വന്നെന്നിരിക്കും .കുചിപ്പള്ളിയുടെ കിഴക്കുവശം ഡോ .കീരിയാട്ട് രാമകൃഷ്ണൻ എന്നൊരാൾ വീട് വെച്ച് .ഒപ്പം ക്ളിനിക്കും .അവിടെത്തുടങ്ങുന്നു കുഞ്ഞിപ്പള്ളി മൈതാനത്തിന് ആളനക്കം .
തലശ്ശേരിയിൽ നിന്നുമെത്തിയ ഡോ .സലിം എന്ന പ്രകൃതി സ്‌നേഹി മൈതാനത്തിൻറെ വലിയൊരുഭാഗം വിലകൊടുത്തുവാങ്ങി ,മരുഭൂമിപോലുള്ള ഈ സ്ഥലം കാശുകൊടുത്തു വാങ്ങിയ സലിം ഡോക്ടർ   മണ്ടനാണെന്നുപറഞ്ഞവരും അക്കാലത്തുണ്ടായിരുന്നു .
ഉയർന്ന ലക്ഷ്യബോധത്തോടെ അവിടെ കിണർ കുഴിക്കുകയും ചുറ്റുപാട് മുഴുവൻ ഒട്ടുമാവും സപ്പോട്ടയും പ്ലാവും ജാതിക്കായും ഉറുമാമ്പഴച്ചെടിയും പപ്പായവും തെങ്ങും കവുങ്ങും നാനാതരം പഴവർഗ്ഗ ചെടികളും   ശാസ്ത്രീയമായ രീതിയിൽ ഇവിടെ നട്ട് വളർത്താൻ ഒരുകൂട്ടം ‌ജോലിക്കാരെയും അവർക്കു താമസിക്കാൻ തീരെ ചെറുതല്ലാത്ത താൽക്കാലിക ഓല ഷെഡ്ഡും അദ്ദേഹം നിർമ്മിച്ചു .
വളരെപ്പെട്ടെന്നാണ് ഈ തരിശിടം ഹരിതാഭമായത് .കാസറഗോഡുനിന്നും അദ്ദേഹം കൊണ്ടുവന്നു നട്ട ആയിരം കാച്ചി എന്ന തെങ്ങിൻതൈകളാണ് ഇന്നത്തെ എം ആർ എ  ബേക്കറി കെട്ടിടത്തിൻറെ പുറകിൽ കുലച്ചു മറിഞ്ഞു നിൽക്കുന്ന വലിയതെങ്ങുകൾ  .ഒരു കുലയിൽ ഇരുപത്തിയഞ്ചും അതിലധികവും നാളികേരം .കണ്ണുടക്കുന്ന കാതുതുകക്കാഴ്ച കാണാൻ  സലിം ഡോക്ടർ ഇന്നില്ലാതെ പോയി .

മിക്കവാറും വൈകുന്നേരങ്ങളിൽ സലിം ഡോക്ടർ സായാഹ്ന സവാരിക്കെന്നപോലെ തൻറെ  ഹെറാൾഡ് കാറിൽ ഈ മൈതാനത്തിലെ തോട്ടത്തിലെത്തുമായിരുന്നു.
നായാട്ടിൽ കമ്പമുള്ളതുകൊണ്ടോ എന്തോ ഇടയ്ക്കു അദ്ദേഹത്തിൻറെ കൈയ്യിൽ തുടച്ചുമിനുക്കിയ വലിയ തോക്കും കാണാം.
കുട്ടികളാണെങ്കിലും ഞങ്ങൾ കാഴ്ചകൾ കാണാൻ അവിടെ ചെന്നാൽ പപ്പോഴും ഈത്തപ്പഴവും ചായയും തന്നേ അദ്ദേഹം ഞങ്ങളെ വിട്ടിരുന്നുള്ളൂ,സ്നേഹിക്കാൻ മാത്രമറിയുന്ന നല്ല മനുഷ്യൻ .
കൂട്ടത്തിൽ പച്ചക്കറിച്ചെടികളുടെ വിത്തുകളും തരും .
അനാഥമായിക്കിടന്ന ഈ മൈതാനത്തിൽ മണ്ണറിഞ്ഞുപണിയെടുത്താൽ  കാർഷിക വിളവുകൾ കൊയ്തെടുക്കാമെന്ന് നാട്ടുകാരെ പഠിപ്പിച്ച ഡോ .സലീമിനെ കൃതജ്ഞതയോടെ മാത്രമേ നോക്കിക്കാണാനാവൂ .ഇദ്ദേഹത്തെ ഹരിതകാന്തിയുടെ കാവലാൾ എന്ന് പറഞ്ഞാലും തെറ്റാവില്ല .

English Summary: chombalayile muslim
Published on: 05 December 2020, 08:39 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now