ഇന്ത്യയും ചൈനയും ഉൾപ്പെടെ 13 രാജ്യങ്ങളിലെ ഉപഭോക്തൃ ബാങ്കിങ് സേവനങ്ങൾ സിറ്റി ബാങ്ക് നിർത്തുന്നു.
താരതമ്യേന ചെറിയ വിപണികളിലെ സേവനം നിർത്തുന്നതിന്റെ ഭാഗമായാണ് സിറ്റി ബാങ്ക് ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കുന്നത്. ക്രെഡിറ്റ് കാർഡ്, റീട്ടെയിൽ ബാങ്കിങ്, ഭവന വായ്പ, ആസ്തി കൈകാര്യം ഉൾപ്പെടെയുള്ള പ്രവർത്തനമാണ് ബാങ്ക് അവസാനിപ്പിക്കുക. 1902 മുതൽ ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ച സിറ്റി ബാങ്കിന് രാജ്യത്തുടനീളം 35 ശാഖകളാണുള്ളത്. ഇതിലെല്ലാമായി 19,000 ജീവനക്കാരുമുണ്ട്.
നിയന്ത്രണ അതോറിറ്റികളുടെ അനുമതി ലഭിക്കുന്ന മുറയ്ക്കായിരിക്കും പ്രവർത്തനം നിർത്തുക. അതുവരെ സേവനം തുടരുമെന്നും കമ്പനിയുടെ തീരുമാനം ജീവനക്കാരെയോ ഇന്ത്യയിലെ പ്രവർത്തനങ്ങളെയോ ബാധിക്കില്ലെന്നും സിറ്റി ഇന്ത്യ Chief Executive അഷു ഖുല്ലാർ പറഞ്ഞു. സിറ്റി ബാങ്കിന്റെ വിൽപന നടക്കുകയാണ്. വിൽപന പൂർത്തിയാകുന്നത് വരെ ഇന്ത്യയിലെ ഉപഭോക്താക്കളെയും സ്റ്റാഫുകളെയും ഇത് ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിറ്റി ബാങ്കിന് ഇന്ത്യയിൽ 2.9 കോടി റീട്ടെയിൽ ഉപഭോക്താക്കളും 1.2 കോടി ബാങ്ക് അക്കൗണ്ടുകളും 2.2 കോടി ക്രെഡിറ്റ് കാർഡ് അക്കൗണ്ടുകളുമാണുള്ളത്.
അതേസമയം ബാങ്കിങ് സേവനങ്ങൾ നിർത്തിയാലും മുംബൈ, ബെംഗളൂരു, ചെന്നൈ, ഗുരുഗ്രാം എന്നിവിടങ്ങളിലെ സിറ്റി ബാങ്കിന്റെ പ്രധാന ഓഫീസുകൾ പ്രവർത്തിക്കും. ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിലെ ബിസിനസ് അവസാനിപ്പിക്കുന്നതോടെ സിംഗപ്പൂർ, ഹോങ്കോങ്, ലണ്ടൻ, യുഎഇ എന്നീ നാല് വിപണികളിൽ ആഗോള ഉപഭോക്തൃ ബാങ്കിങ് ബിസിനസ് കേന്ദ്രീകരിക്കാനാണ് കമ്പനിയുടെ പദ്ധതി. ഓസ്‌ട്രേലിയ, ബഹ്‌റൈൻ, ചൈന, ഇന്തോനേഷ്യ, കൊറിയ, മലേഷ്യ, ഫിലിപ്പീൻസ്, പോളണ്ട്, റഷ്യ, തായ്‌വാൻ, തായ്ലൻഡ്, വിയറ്റ്നാം എന്നിവയാണ് സിറ്റി ബാങ്ക് പ്രവർത്തനം നിർത്തുന്ന മറ്റ് 12 രാജ്യങ്ങൾ.
കൂടുതലും ഏഷ്യൻ രാജ്യങ്ങളിലെ പ്രവർത്തനമാണ് കമ്പനി നിർത്തുന്നത്.