വെള്ളായണി കായലിന്റെ വീണ്ടെടുപ്പിനായി സംസ്ഥാന സര്‍ക്കാരും സ്വസ്തി ഫൗണ്ടേഷനും സംയുക്തമായി നടപ്പിലാക്കുന്ന റിവൈവ് വെള്ളായണി പദ്ധതിയുടെ ഭാഗമായി കായലിലെ ആഫ്രിക്കന്‍ പായലും കുളവാഴയും നീക്കം ചെയ്യുന്ന പ്രവര്‍ത്തനം പുരോഗമിക്കുന്നു. ഇതുവരെ 2800 ലോഡ് പായല്‍ നീക്കം ചെയ്തു. മൂന്ന് ഘട്ടങ്ങളാണ് കായലിന്റെ പുനരുജ്ജീവനത്തിനായി തയ്യാറാക്കിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ സര്‍വേയിലൂടെ വിവരശേഖരണവും രൂപരേഖയും തയ്യാറാക്കി. രണ്ടാം ഘട്ടത്തില്‍ യന്ത്രമുപയോഗിച്ച് പായലും പായല്‍ ചീഞ്ഞുണ്ടായ ചെളിയും നീക്കം ചെയ്യുന്നു. ചെളി കായലിന്റെ തീരങ്ങളിലേക്ക് മാറ്റും. നീക്കം ചെയ്യുന്ന ചെളി ഉപയോഗിച്ച് പാതയും സംരക്ഷണഭിത്തിയും നിര്‍മിക്കാനും ലക്ഷ്യമിടുന്നു. കൂടാതെ നിലവിലുള്ള തുരുത്തിനെ സംരക്ഷിച്ച് ജനസാന്നിധ്യമില്ലാത്ത പക്ഷിസങ്കേതമാക്കി മാറ്റിയെടുക്കാനും പദ്ധതിയുണ്ട്.
മൂന്നാംഘട്ടത്തില്‍ ജലശുദ്ധീകരണമാണ്. സൂക്ഷ്മാണുക്കളെ ഉപയോഗിച്ചും രാമച്ചക്കെട്ടുകള്‍ നിക്ഷേപിച്ചും ജലം ശുദ്ധീകരിക്കും. തുടര്‍ന്ന് കായലിനു ചുറ്റും സൗന്ദര്യവത്കരണം നടത്തും. കയാക്കിംഗ്, കനോയിംഗ് പരിശീലനവും മത്സരങ്ങളും കായലില്‍ സംഘടിപ്പിക്കും. കായലിന് സമീപത്ത് അധിവസിക്കുന്ന കുടുംബങ്ങളെ ഉള്‍പ്പെടുത്തി ജനജാഗ്രതാ സമിതിക്ക് രൂപം നല്‍കി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കൈമാറും. ഓരോ കുടുംബത്തിനും ചുമതലയുള്ള പ്രദേശങ്ങള്‍ മലിനമാകാതെ അവര്‍ സംരക്ഷിക്കും. ഇത്തരത്തില്‍ കേരളത്തിലെ രണ്ടാമത്തെ വലിയ ശുദ്ധജല തടാകമായ വെള്ളായണിയെ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
സംസ്ഥാനത്തെ കായലുകളിലെ ചെളിയുള്‍പ്പെടെയുള്ള മാലിന്യം നീക്കം ചെയ്യുന്നതിനായി നെതലര്‍ലാന്‍ഡ്‌സില്‍ നിന്നും യന്ത്രം വാങ്ങുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്ന് ജലവിഭവ മന്ത്രി കെ. കൃഷ്ണന്‍കുട്ടി. ഒരുമാസത്തിനുള്ളില്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. വെള്ളായണി കായലില്‍ പായല്‍ നീക്കം ചെയ്യുന്നതുള്‍പ്പെടെയുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നേരിട്ടെത്തി വിലയിരുത്തുകയായിരുന്നു അദ്ദേഹം.