പാലക്കാട്: കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനും നൂതന കൃഷി ആശയങ്ങള്‍ പങ്കുവയ്ക്കുന്നതിനുമായി കാലാവസ്ഥയും കൃഷിയും എന്ന പേരില്‍ കൊല്ലങ്കോട് കാര്‍ഷിക സെമിനാര്‍ സംഘടിപ്പിച്ചു. കെ. ബാബു എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
കാലാവസ്ഥ ശാസ്ത്രജ്ഞനായിരുന്ന ഡോ. പി.ആര്‍. പിഷാരടിയുടെ അനുസ്മരണത്തോടനുബന്ധിച്ചാണ് സെമിനാര്‍ സംഘടിപ്പിച്ചത്. കൃഷി വിജ്ഞാനകേന്ദ്രം, കാര്‍ഷിക കോളെജ്, കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത്, കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ് എന്നിവ സംയുക്തമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്.
കാലാവസ്ഥ വ്യതിയാനവും കൃഷിയും, കാര്‍ഷിക കാലാവസ്ഥ നിര്‍ദേശകസേവനം, കാര്‍ഷിക കാലവസ്ഥ നിരീക്ഷണ കേന്ദ്രവും കാലാവസ്ഥ നിരീക്ഷണ ഉപകരണങ്ങളും, ഫാം ടൂറിസത്തിന്റെ സാധ്യതകള്‍ എന്നീ വിഷയങ്ങളില്‍ സെമിനാറും കര്‍ഷകര്‍, കാര്‍ഷിക വിദ്യാര്‍ത്ഥികള്‍, ശാസ്ത്രജ്ഞര്‍ എന്നിവര്‍ തമ്മില്‍ മുഖാമുഖവും സംഘടിപ്പിച്ചു.
ആശ്രയം കോളെജ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സത്യപാല്‍ അധ്യക്ഷനായി.
കേരള കാര്‍ഷിക സര്‍വകലാശാല കാര്‍ഷിക കാലാവസ്ഥ ശാസ്ത്ര പഠന വിഭാഗം മേധാവി ഡോ. ബി. അജിത് കുമാര്‍, കൃഷി വിജ്ഞാനകേന്ദ്രം പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. കെ.വി. സുമയ്യ, അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. പി. ലിന്‍സി ഡേവിസ്, കാര്‍ഷിക കാലാവസ്ഥ ശാസ്ത്ര പഠന വിഭാഗം അസി. പ്രൊഫ. അര്‍ജുന്‍ വൈശാഖ്, ഡോ. പി.കെ. അബ്ദുല്‍ ജബ്ബാര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു.