കൊല്ലം: സംസ്ഥാനത്ത് ഏഴു വര്‍ഷത്തില്‍ സമാനതകളില്ലാത്ത വികസനമാണ് മത്സ്യബന്ധന മേഖലയില്‍ സര്‍ക്കാര്‍ നടപ്പാക്കിയതെന്ന് മൂദാക്കര സെന്റ് പീറ്റേഴ്‌സ് ചര്‍ച്ച് പാരിഷ് ഹാളില്‍ സംഘടിപ്പിച്ച തീരദേശ സദസ്സ് ഉദ്ഘാടനം നിര്‍വഹിച്ച മത്സ്യബന്ധന- സാംസ്‌കാരിക- യുവജനകാര്യ മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുകയാണ് തീരസദസിന്റെ ലക്ഷ്യം. മത്സ്യത്തൊഴിലാളികളുടെ ജീവനോപാധിയെ ബാധിക്കുന്ന പ്രവണതകളെ ശക്തമായി ചെറുക്കും. നിരോധിത വലകളും മീന്‍പിടുത്ത രീതികളും തടയുന്നതിന് ഉദ്യോഗസ്ഥര്‍ കര്‍ശന നടപടി സ്വീകരിക്കണം.
കോട്ടപ്പുറത്തെ 36 വീടുകളുടെ നിര്‍മാണവും തങ്കശ്ശേരി മാര്‍ക്കറ്റ് നിര്‍മാണവും ഉടനെ ആരംഭിക്കും. മൂതാക്കരയില്‍ വ്യാസ സ്റ്റോര്‍ ഒരു മാസത്തിനകം പ്രവര്‍ത്തി ആരംഭിക്കും.
തീരദേശ ഹൈവേ പുനരധിവാസവും നഷ്ടപരിഹാര പാക്കേജ് സംബന്ധിച്ച് ജലപ്രതിനിധികളുമായി ചര്‍ച്ച നടത്തുന്നതിന് ജില്ലാ കലക്ടറോട് നിര്‍ദ്ദേശിച്ചു. നിരവധി വീടുകള്‍ക്ക് നമ്പര്‍ അനുവദിക്കുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും. തങ്കശ്ശേരി ഹാര്‍ബറിന്റെ സ്ഥിതി പരിശോധിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കി.
അഷ്ടമുടി കായലിന്റെ തീരത്തുള്ള വീടുകളില്‍ ശൗചാലയ നിര്‍മ്മാണത്തിന് അനുവാദം കൊടുക്കാന്‍ ബന്ധപ്പെട്ട അധികൃതരോട് നിര്‍ദ്ദേശിച്ചു. 60 വയസ്സ് കഴിഞ്ഞ മത്സ്യത്തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നത് പരിശോധിക്കും.
ബന്ധപ്പെട്ട വാർത്തകൾ: മത്സ്യത്തൊഴിലാളികളുടെ സംരക്ഷണത്തിന് ആവുന്നതെല്ലാം സർക്കാർ ചെയ്യും
തീരമേഖലയില്‍ മാലിന്യനിര്‍മാര്‍ജനം യാഥാര്‍ഥ്യമാക്കുന്നതിന് ശുചിത്വസാഗരം സുന്ദരതീരം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 610 കിലോമീറ്റര്‍ ലക്ഷക്കണക്കിന് ആളുകളുടെ സഹകരണത്തോടെ ശുചീകരിക്കും. ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി മത്സ്യങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കും.
പൊതുസമ്മേളനത്തിനു മുന്നോടിയായി വാടി സെന്റ് ആന്റണീസ് യുപി സ്‌കൂളില്‍ വിവിധ വിഷയങ്ങള്‍ സംബന്ധിച്ച് ജനപ്രതിനിധികളുമായും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക ട്രേഡ് യൂണിയന്‍ നേതാക്കളുമായും മന്ത്രി ചര്‍ച്ച നടത്തി.
മാലിന്യ പ്രശ്‌നം, മാലിന്യനിര്‍മാര്‍ജനം, പട്ടയം അനുവദിക്കല്‍, മത്സ്യ മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ വിപണി ഉറപ്പാക്കല്‍, ബോട്ടുകള്‍ക്ക് ലൈസന്‍സ് അനുവദിക്കല്‍, കൂടുതല്‍ ലോക്കര്‍ റൂമുകളുടെ ആവശ്യം, തീരദേശ ഹൈവേ പുനരധിവാസ പാക്കേജ്, ബീച്ച് സംരക്ഷണം, തിരുമുല്ലവാരത്ത് അലങ്കാര മത്സ്യങ്ങളുടെ ഉല്‍പാദനം, കടലാക്രമണ സാധ്യതയുള്ള പ്രദേശത്തത് കടല്‍ ഭിത്തി നിര്‍മാണം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
എം മുകേഷ് എം എല്‍ എ അധ്യക്ഷനായി. മേയര്‍ പ്രസന്ന ഏണസ്റ്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍, തൃക്കരുവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രന്‍, കോര്‍പ്പറേഷന്‍ വികസന സ്റ്റാന്‍ഡിങ് സമിതി ചെയര്‍പേഴ്‌സണ്‍ എസ് ഗീതാകുമാരി, ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍, മത്സ്യബോര്‍ഡ് ചെയര്‍മാന്‍ കൂട്ടായി ബഷീര്‍, മത്സ്യഫഡ് ചെയര്‍മാന്‍ ടി മനോഹരന്‍, തീരദേശ വികസന കോര്‍പ്പറേഷന്‍ എം ഡി ഷെയ്ഖ് പരീത്, ജോയിന്റ് ഡയറക്ടര്‍ എച്ച് സലീന്‍, തദ്ദേശസ്ഥാപന പ്രതിനിധികള്‍, കൗണ്‍സിലര്‍മാര്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍, ട്രേഡ് യൂണിയന്‍ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കൊല്ലത്ത് ലഭിച്ചത് 406 പരാതികള്‍
ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ട 72 പരാതികളും മറ്റു വകുപ്പുകളുടെ 334 പരാതികളുമാണ് ഇതില്‍ ഉള്‍പ്പെടുന്നത്. വി എച്ച് എഫ് സംബന്ധിച്ച് 41 പരാതികളില്‍ ഫിഷറീസ് ഡയറക്ടറേറ്റ് മുഖേനെ ഇവ വാങ്ങുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചതായി മന്ത്രി അറിയിച്ചു. ഈ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ തന്നെ ഇവ വിതരണം ചെയ്യും.
അനധികൃത മത്സ്യബന്ധന രീതിയായ ലൈറ്റ് ഫിഷിംഗ് കരവലി വിഷയത്തില്‍ ശക്തമായ നടപടി സ്വീകരിക്കും. മറൈയന്‍ എന്‍ഫോഴ്‌സ്‌മെന്റ് പട്രോളിങ് ശക്തമാക്കി. ഈ സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 47.25 ലക്ഷം രൂപ പിഴ ഈടാക്കി. കാലാവസ്ഥ വ്യതിയാനം മൂലം തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കുള്ള 3000 രൂപ ധനസഹായം ലഭിക്കാത്ത പരാതിയില്‍ ഇവ അഡീഷണല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി നല്‍കാന്‍ നടപടി സ്വീകരിച്ചു.
ഇതര വകുപ്പുമായി ബന്ധപ്പെട്ട 334 അപേക്ഷകള്‍ ബന്ധപ്പെട്ട് വകുപ്പിന് കൈമാറി റിപ്പോര്‍ട്ട് ലഭ്യമാക്കിയിട്ടുണ്ട്. ഇവയില്‍ ഉടനെ തുടര്‍നടപടി സ്വീകരിക്കും.
5,40,000 രൂപയുടെ ധനസഹായം കൈമാറി
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വഴി വിവാഹ ധനസഹായമായി 14 ഗുണഭോക്താക്കള്‍ക്ക് 10,000 രൂപ വീതം ആകെ 1,40000 രൂപയും സാഫിന്റെ സൂക്ഷ്മത തൊഴില്‍ സംരംഭങ്ങള്‍ക്കുള്ള സാമ്പത്തികസഹായമായി ആറു യൂണിറ്റുകള്‍ക്ക് നാലുലക്ഷം ഉള്‍പ്പെടെ 5,40,000 രൂപയുടെ ധനസഹായം പരിപാടിയില്‍ കൈമാറി. കൂടാതെ മത്സ്യത്തൊഴിലാളി മേഖലയില്‍ നിന്നും പ്രാവീണ്യം തെളിയിച്ച 22 പേരെ ചടങ്ങില്‍ ആദരിച്ചു.