തൃശ്ശൂർ: തീരദേശ മേഖലയുടെ ദീര്‍ഘകാലത്തെ ആവശ്യമായ സൈക്ലോണ്‍ ഷെല്‍ട്ടര്‍ കടപ്പുറത്ത് ഫെബ്രുവരി 17ന് വൈകീട്ട് 5.30ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. എന്‍.കെ.അക്ബര്‍ എം.എല്‍.എ അധ്യക്ഷനാവും.
ദുരന്ത നിവാരണ അതോറിറ്റി ഗുരുവായൂര്‍ മണ്ഡലത്തിലെ കടപ്പുറം അഞ്ചങ്ങാടിയിലാണ് സൈക്ലോണ്‍ ഷെല്‍ട്ടര്‍ നിര്‍മിച്ചത്. 3.63 കോടി രൂപ വിനിയോഗിച്ചാണ് കെട്ടിട നിര്‍മാണം പൂര്‍ത്തീകരിച്ചത്.
തീരദേശ മേഖലയിലെ കടലാക്രമണ ഭീഷണി നേരിടുന്ന ജനങ്ങള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ ആശ്വാസമാകാന്‍ ഷെല്‍റ്റര്‍ ഉപകരിക്കും.
600 പേര്‍ക്ക് താമസിക്കാനുള്ള സൗകര്യം കെട്ടിടത്തിലുണ്ട്. നിലവില്‍ അടിയന്തര സാഹചര്യങ്ങളില്‍ സമീപത്തെ വിദ്യാലയങ്ങളിലും സര്‍ക്കാര്‍ കെട്ടിടങ്ങളിലുമാണ് ജനങ്ങളെ മാറ്റി പാര്‍പ്പിച്ചിരുന്നത്. സൈക്ലോണ്‍ ഷെല്‍ട്ടര്‍ യാഥാര്‍ഥ്യമാകുന്നതോടെ ജനങ്ങളുടെ ഏറെ നാളത്തെ ആവശ്യത്തിന് പരിഹാരമാകും.
877 ചതുരശ്ര മീറ്ററില്‍ മൂന്ന് നിലകളിലായാണ് കെട്ടിടം നിര്‍മിച്ചത്. പൊതുമരാമത്ത് (കെട്ടിടം) വകുപ്പിനായിരുന്നു നിര്‍മാണ ചുമതല. ഗ്രൗണ്ട് ഫ്‌ളോറില്‍ ഡൈനിങ് ഹാള്‍, വരാന്ത, വാഷ് ഏരിയ എന്നിവയും മറ്റ് നിലകളില്‍ രണ്ടു വലിയ ഹാളുകള്‍, വാഷ് ഏരിയ, ആറ് ടോയ്‌ലറ്റ് വീതവും സജ്ജീകരിച്ചിട്ടുണ്ട്.