തിരുവനന്തപുരം: നാളികേര വികസന ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ 2022 സെപ്റ്റംബര്‍ 2 മുതല്‍ 4 വരെ കൊച്ചിയില്‍ ഹോട്ടല്‍ ലെ മെറിഡിയനില്‍ ലോക നാളികേര ദിനം ആഘോഷവും ശില്‍പശാലയും നടക്കും. ആഘോഷങ്ങളുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 02, 2022 ന് കേന്ദ്ര കൃഷി കര്‍ഷക ക്ഷേമ മന്ത്രി നരേന്ദ്രസിംങ് തോമര്‍ ഗുജറാത്തിലെ ജുനഗഡില്‍ വിഡിയോ കോണ്‍ഫറണ്‍സിങ്ങിലൂടെ നിര്‍വഹിക്കും.
ബോര്‍ഡിന്റെ സംസ്ഥാന തല ഓഫീസിന്റെ ഉദ്ഘാടനവും, ബോര്‍ഡിന്റെ ദേശീയ പുരസ്‌കാര ജേതാക്കളുടെയും, എക്‌സ്‌പോര്‍ട്ട് എക്‌സലന്‍സ് അവാര്‍ഡു ജേതാക്കളുടെയും പ്രഖ്യാപനവും അദ്ദേഹം നടത്തും. കേന്ദ്ര കൃഷി കര്‍ഷക ക്ഷേമ വകുപ്പ് സഹമന്ത്രി കൈലാഷ് ചൗധരി കൊച്ചിയിലെ ചടങ്ങില്‍ പങ്കെടുത്ത് അവാര്‍ഡുകളുടെ വിതരണം നിര്‍വഹിക്കും.
ഇന്ത്യയില്‍ എല്ലാ വര്‍ഷവും ലോക നാളികേര ദിനാഘോഷം നടത്തുന്നത് നാളികേര വികസന ബോര്‍ഡിന്റെ ആഭിമുഖ്യത്തിലാണ്. ഈ വര്‍ഷം നാളികേര ദിനത്തോടനുബന്ധിച്ച് അവാര്‍ഡുകളുടെ വിതരണവും നാളികേരത്തിന്റെ നല്ല കൃഷി രീതികള്‍ എന്ന വിഷയത്തെ കുറിച്ച് ഇന്ത്യാ ഗവണ്‍മെന്റും, അന്താരാഷ്ട്ര നാളികേര സമൂഹവും സംയുക്തമായി ഹോട്ടല്‍ ലെ മെറിഡിയനില്‍ സംഘടിപ്പിക്കുന്ന ശില്‍പശാലയും ഉണ്ടാവും.
ജുനഗഡിലെ ചടങ്ങില്‍ അറുനൂറോളം കൃഷിക്കാരും ഉദ്യോഗസ്ഥരും പങ്കെടുക്കും.കൊച്ചിയില്‍ നടക്കുന്ന പരിപാടികളില്‍ രാജ്യത്തെ നാളികേര ഉത്പാദക സംസ്ഥാനങ്ങളില്‍ നിന്നുള്ള 500 കര്‍ഷകരെ കൂടാതെ, ഐസിസി പ്രതിനിധികള്‍, കൃഷി - ഹോര്‍ട്ടിക്കള്‍ച്ചര്‍ വകുപ്പുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, കാര്‍ഷിക സര്‍വകലകളിലെ വിദഗ്ധര്‍ എന്നിവരും പങ്കെടുക്കും.
അന്താരാഷ്ട്ര നാളികേര സമൂഹത്തിന്റെ സ്ഥാപക ദിനമായ സെപ്റ്റംബര്‍ 2, ഏഷ്യ പസഫിക് മേഖലയിലെ എല്ലാ നാളികേര ഉല്‍പാദക രാജ്യങ്ങളും വര്‍ഷം തോറും ലോക നാളികേര ദിനമായി ആചരിക്കുന്നു. ഈ വര്‍ഷത്തെ ലോകനാളികേര ദിനത്തിന്റെ പ്രമേയമായി ഐസിസി പ്രഖ്യാപിച്ചിരിക്കുന്നത് 'മെച്ചപ്പെട്ട ഭാവിക്കും ജീവിതത്തിനുമായി നാളികേരം കൃഷി ചെയ്യുക' എന്നതാണ്.
നാളികേരത്തിന്റെ പ്രാധാന്യവും അതിനെ കുറിച്ചുള്ള അവബോധവും പൊതുസമൂഹത്തില്‍ സൃഷ്ടിക്കുക, രാജ്യ രാജ്യാന്തര തലങ്ങളില്‍ ഈ വിളയെ മുഖ്യ ശ്രദ്ധാകേന്ദ്രമാക്കുന്നതിന് സഹായിക്കുക തുടങ്ങിയവയാണ് നാളികേര ദിനാഘോഷത്തിന്റെ ലക്ഷ്യം.