മലപ്പുറം: കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ അതിവേഗം പൂര്‍ത്തീകരിക്കാന്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. അടുത്ത വര്‍ഷം പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതുകൊണ്ട് അടുത്ത ഫെബ്രുവരിക്ക് മുമ്പ് തന്നെ പദ്ധതികള്‍ പൂര്‍ത്തിയാക്കുക എന്നതാണ് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും മുന്നിലുള്ള ഉത്തരവാദിത്വം. യുദ്ധകാലാടിസ്ഥാനത്തില്‍ പദ്ധതി നടത്തിപ്പ് സാധ്യമാക്കാന്‍ എല്ലാവരും ഒന്നിച്ച് പ്രയത്നിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കുള്ള ജില്ലാ തല കോ-ഓര്‍ഡിനേഷന്‍ ആന്‍ഡ് മോണിറ്റിങ് കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജല്‍ജീവന്‍ മിഷന്‍ പദ്ധതിയുടെ പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി റോഡുകള്‍ പുനര്‍നിര്‍മിക്കാന്‍ ഫണ്ട് വകയിരുത്തുന്ന കാര്യത്തിലുള്ള ആശയക്കുഴപ്പം പരിഹരിക്കുന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും. ജല്‍ജീവന്‍ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ മികച്ചരീതിയില്‍ നടക്കുന്നുണ്ടെന്നും അത് അഭിനന്ദനാര്‍ഹമാണെന്നും എം.പി പറഞ്ഞു.
പദ്ധതി നടത്തിപ്പിന്റെ പുരോഗതി സംബന്ധിച്ചും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് സാങ്കേതിക തടസ്സങ്ങളുണ്ടെങ്കില്‍ അത് സംബന്ധിച്ചുമുള്ള വിശദാംശങ്ങള്‍ അജന്‍ഡയില്‍ കൃത്യമായി ഉള്‍പ്പെടുത്തമെന്ന് ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേം കുമാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
ബന്ധപ്പെട്ട വാർത്തകൾ: പ്രധാൻ മന്ത്രി കിസാൻ വികാസ് പദ്ധതിയിൽ നിക്ഷേപിക്കൂ. ഇരട്ടിയായി തിരിച്ചു വാങ്ങൂ..
രാഹുല്‍ ഗാന്ധി എം.പിയുടെ ഫണ്ടുപയോഗിച്ച് വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് യൂനിറ്റ് ആരംഭിക്കുന്നതിന്റെ ഭാഗമായി വന്ന ഉപകരണങ്ങള്‍ മെഡിക്കല്‍ ഓഫീസറും ആശുപത്രി സൂപ്രണ്ടുും തിരിച്ചയച്ചതുമായി ബന്ധപ്പെട്ട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും വിവരം ഡയറക്ടറേറ്റില്‍ അറിയിച്ചിട്ടുണ്ടെന്നും ഡി.എം.ഒ ഡോ. ആര്‍.രേണുക യോഗത്തില്‍ അറിയിച്ചു. രാഹുല്‍ ഗാന്ധിയുടെ പ്രതിനിധിയായി യോഗത്തില്‍ പങ്കെടുത്ത ഇ.മുഹമ്മദ് കുഞ്ഞിയാണ് വിഷയം യോഗത്തില്‍ ഉന്നയിച്ചത്.
വിവിധ വകുപ്പുകള്‍ വഴി നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ സമഗ്രമായ റിപ്പോര്‍ട്ട് യോഗത്തില്‍ അവതരിപ്പിച്ചു. എം.എല്‍.എമാരായ പി.ഉബൈദുള്ള, കുറുക്കോളി മൊയ്തീന്‍, ടി.വി ഇബ്രാഹിം, ആബിദ് ഹുസൈന്‍ തങ്ങള്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, എ.ഡി.എം എന്‍.എം മെഹറലി, എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍ ബി.എല്‍ ബിജിത്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്‍മാര്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.