കഴിഞ്ഞ രണ്ടു വർഷങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് നഷ്ടത്തിലായ പാലക്കാട് മുതലമടയിലെ മാംഗോ സിറ്റിക്ക് കൊവിഡ് ബാധയും ലോക് ഡൗണുമെല്ലാം കനത്ത തിരിച്ചടി ആവുകയാണ് മുതലമടയിലെ 500-ഓളം വരുന്ന മാമ്പഴ കർഷകരും വ്യാപാരികളും കണക്ക് കൂട്ടലെല്ലാം പിഴക്കുന്നതിന്‍റെ നിരാശയിലാണ്. മുതലമടയിൽ 6000ഹെക്ടറിൽ മാവുകളുണ്ട്. കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ കാലാവസ്ഥ വ്യതിയാനവും, ഒപ്പം വ്യാപകമായ കീടബാധയും മൂലം കർഷകർ കനത്ത തിരിച്ചടി നേരിടുകയായിരുന്നു. ചൂടും തണുപ്പും ഇടകലർന്ന കാലാവസ്ഥയിലേ മാങ്ങ പാകമാകൂ. മാവുകളുടെ വളർച്ച ഘടനയിൽ വ്യത്യാസമുണ്ടോയെന്ന് പഠനം ഒക്കെ നടക്കുന്നുമുണ്ടായിരുന്നു. ശാസ്ത്രീയ പഠനമൊക്കെ നടത്തി വിപണി പിടിക്കാനൊരുങ്ങുന്ന തിനിടെയാണ് കൊവിഡിന്‍റെ രൂപത്തിൽ മഹാമാരിയെത്തിയത്
മാര്‍ച്ച് പകുതി മുതൽ ഏപ്രിൽ അവസാനം വരെയുള്ള ഒന്നൊന്നര മാസമാണ് കയറ്റുമതി ഏറെയും നടക്കുന്നത്. രാജ്യത്തിനകത്തും പുറത്തുമായി പ്രതിദിനം നൂറ് ടണിനടുത്ത് മാങ്ങയുടെ കയറ്റുമതിയാണ് നടക്കുന്നത് .ദില്ലി, അഹമ്മദാബാദ് മുംബൈ എന്നിവിടങ്ങളിലേക്ക് മുത്തലമടയിൽ നിന്നും 20,000 ടൺ മാമ്പഴം എല്ലാ വർഷവും കയറ്റി അയയ്ക്കുന്നുണ്ട്. ഈ വർഷം ഉൽപാദനം ഇടിഞ്ഞതോടെ ഇതുവരെ 4,000 ടൺ മാമ്പഴം പോലും കയറ്റി അയയ്ച്ചിട്ടില്ല .മാങ്ങ പറിക്കാനും തരംതിരിക്കാനും പാക്കിംഗിനും എല്ലാമായി നൂറു കണക്കിന് തൊഴിലാളികളും ഉണ്ടാകാറുണ്ട്. ഇതെല്ലാം ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുകയാണ്. കോവിഡ് പ്രതിസന്ധി നീണ്ടാൽ പറിച്ചെടുക്കാൻ പോലും ആളില്ലാതെ നൂറ് കണക്കിന് ഹെക്ടറിലെ മാങ്ങ വീണ് നശിച്ച് പോകുമെന്ന ആശങ്കയിലാണിപ്പോൾ മുതലമടയിലെ കര്‍ഷകര്‍..വാളയാർ മുതൽ ചെമ്മണാംപതി വരെ 10,000 ഹെക്ടറോളം മാന്തോപ്പുകളുണ്ട്.ഈ തോട്ടങ്ങളിൽ ഇനിയും ആയിരക്കണക്കിനു ടൺ മാങ്ങ പറിക്കാനുണ്ട്.
മുതലമടയിൽ വിവിധ മാമ്പഴ ഇനങ്ങളായ അൽഫോൻസോ, ബംഗനപ്പള്ളി, സിന്ധൂരം,കിളിചുണ്ടൻ, കലാപടി, മല്ലിക, നടുസെലായ്, നീലം, റുമാനി, മാൽഗോവ, ഗുഡാദത്ത് എന്നിവ കൃഷിചെയ്യുന്നുണ്ട് .മെച്ചപ്പെട്ട സാങ്കേതിക പരിജ്ഞാനവും, മാങ്ങവിലയിക്കാനുള്ള അറകൾ പോലുള്ള സൗകര്യങ്ങളും സർക്കാർ നൽകിയില്ലെങ്കിൽ മാമ്പഴ നഗരം വലിയ തോതിലുള്ള നഷ്ടങ്ങൾ നേരിടേണ്ടി വരും.COVID-19 പ്രതിസന്ധിയുടെയും തുടർന്നുള്ള സാമ്പത്തിക മാന്ദ്യത്തിന്റെയും പശ്ചാത്തലത്തിൽ, മാമ്പഴ പാർക്കിന് എന്ത് മുൻഗണന നൽകുമെന്ന് കാണേണ്ടതുണ്ട്.