രാജ്യം വീണ്ടും കൊവിഡ് വ്യാപനത്തിലൂടെ അതിരൂക്ഷമായ സാഹചര്യത്തിലേക്ക് കടക്കുമോ എന്നാണ് ആശങ്കകൾ പരക്കുന്നത്. എന്നാൽ, വാക്സിൻ സ്വീകരിച്ച് ജാഗ്രതോയോടെ മുന്നേറുകയാണെങ്കിൽ കൊവിഡിനെ പിടിച്ചുകെട്ടാമെന്നും മഹാമാരി ഒരു വിപത്തായി ബാധിക്കില്ലെന്നുമാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: കൊവിഡ് വകഭേദങ്ങൾ: ആൽഫ മുതൽ ഡെൽറ്റ വരെ, നിങ്ങൾ അറിഞ്ഞിരിക്കേണ്ടതെല്ലാം
ഇപ്പോഴിതാ, സംസ്ഥാനത്ത് കോവിഡ് കേസുകൾ ക്രമാതീതമായി വർധിച്ചാൽ നേരിടുന്നതിനായി മൾട്ടി മോഡൽ ആക്ഷൻ പ്ലാൻ തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ആശുപത്രി അഡ്മിഷൻ, ഐസിയു അഡ്മിഷൻ, രോഗികളുടെ എണ്ണം എന്നിവ കണക്കിലെടുത്ത് ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങൾ, നിരീക്ഷണ സംവിധാനം, ടെസ്റ്റിംഗ് സ്ട്രാറ്റജി, ഓക്സിജൻ സ്റ്റോക്ക് എന്നിവ വർധിപ്പിക്കുന്ന രീതിയിലാണ് മൾട്ടി മോഡൽ ആക്ഷൻ പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്.
കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതനുസരിച്ച് മൂന്ന് ഘട്ടങ്ങളായാണ് ആക്ഷൻ പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്. ഓരോ സൂചനകൾ വരുമ്പോഴും അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ ആശുപത്രികളെ സജ്ജമാക്കുകയാണ് പ്രധാന ലക്ഷ്യം. ഇതിലൂടെ എല്ലാവർക്കും ചികിത്സ ഉറപ്പാക്കാനാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പുതിയ 17 ഒമിക്രോൺ കേസുകൾ
അതേ സമയം, കേരളത്തിൽ 17 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. എറണാകുളം 8, പാലക്കാട് 2, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് 1 വീതം എന്നിങ്ങനെയാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. 13 പേർ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 4 പേർ ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നതാണ്.
എറണാകുളം യു.എ.ഇ 3, ഖത്തർ 2, പോളണ്ട് 2, യു.കെ 1, പാലക്കാട് യു.കെ 1, ഖത്തർ 1, തിരുവനന്തപുരം യു.എ.ഇ 1, പത്തനംതിട്ട യു.എ.ഇ 1, ആലപ്പുഴ യു.എസ്.എ 1, തൃശൂർ യു.എ.ഇ 1, മലപ്പുറം യു.എ.ഇ 1, കോഴിക്കോട് യു.എ.ഇ 1, വയനാട് യു.എ.ഇ 1 എന്നിങ്ങനെ വന്നവരാണ്.
ഇതോടെ സംസ്ഥാനത്ത് ആകെ 345 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 231 പേരും ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും ആകെ 78 പേരും എത്തിയിട്ടുണ്ട്. 34 പേർക്കാണ് ആകെ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്ന 2 പേരാണുള്ളത്.
കരുതലായി 30,000ലധികം കരുതൽ ഡോസുകൾ
അതേ സമയം, സംസ്ഥാനത്ത് 30,895 പേർക്ക് ആദ്യ ദിനം കരുതൽ ഡോസ് (Precaution Dose) കോവിഡ് വാക്സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.
19,549 ആരോഗ്യ പ്രവർത്തകർ, 2635 കോവിഡ് മുന്നണി പോരാളികൾ, 8711 അറുപത് വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവർ എന്നിവർക്കാണ് കരുതൽ ഡോസ് നൽകിയത്. തിരുവനന്തപുരം ജില്ലയാണ് ഏറ്റവുമധികം പേർക്ക് കരുതൽ ഡോസ് നൽകിയത്.
സംസ്ഥാനത്ത് ഇതുവരെ 15നും 18നും ഇടയ്ക്ക് പ്രായമുള്ള മൂന്നിലൊന്നിലധികം കുട്ടികൾക്ക് (35 ശതമാനം) വാക്സിൻ നൽകി. ആകെ 5,36,582 കുട്ടികളാണ് കോവിഡ് വാക്സിൻ സ്വീകരിച്ചത്. ഇന്ന് 51,766 കുട്ടികൾക്കാണ് വാക്സിൻ നൽകിയിട്ടുള്ളത്.