ഇന്ന് 24 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. . അഞ്ച് പേരുടെ വൈറസ് ബാധ ഭേദമായി. പാലക്കാട് ഏഴ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം – 4, കണ്ണൂർ -3, പത്തനംതിട്ട, തൃശ്ശൂർ, തിരുവനന്തപുരം – രണ്ട് വീതം, കാസർകോട്, കോഴിക്കോട്, എറണാകുളം, ആലപ്പുഴ – ഒന്നു വീതം. ഇങ്ങനെയാണ് പൊസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്. രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക് ഇപ്രകാരമാണ് – തൃശ്ശൂർ- 2, കണ്ണൂർ, വയനാട്, കാസർകോട് – ഒന്നു വീതം.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 12 പേർ വിദേശത്തു നിന്നും വന്നതാണ്. എട്ട് പേർ മഹാരാഷ്ട്രയിൽ നിന്നും മൂന്ന് പേർ തമിഴ്നാട്ടിൽ നിന്നുമാണ്. കണ്ണൂരിൽ ഒരാൾക്ക് സമ്പർക്കം വഴിയാണ് രോഗം സ്ഥീരകരിച്ചത്. ഇതുവരെ 666 പേർക്ക് രോഗം സ്ഥിരീകരിച്ചു. അതിൽ 161 പേർ നിലവിൽ ചികിത്സയിലുണ്ട്. 74398 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 73865 പേർ വീടുകളിലും 533 പേർ ആശുപത്രികളിലുമാണ്. ഇന്ന് 156 പേരെ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 48543 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. 46961 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. ഇതുവരെ സെൻ്റിനൽ സർവൈലൻസിൻ്റെ ഭാഗമായി 6900 സാംപിൾ ശേഖരിച്ചതിൽ 5028 എണ്ണം നെഗറ്റീവായി. ഇന്ന് പുതിയ ഹോട്ട് സ്പോട്ടില്ല.
നാം കൂടുതൽ ഗുരുതരമായ സ്ഥിതിയിലേക്ക് പോകുകയാണ്. ലോക്ക് ഡൌണിൽ ചില ഇളവു വരുത്തി എന്നാൽ തുടര്‍ന്നുള്ള നാളുകളിൽ മേഖലകൾ തിരിച്ച് ചിലയിടത്ത് കടുത്ത നിയന്ത്രണം വേണ്ടി വരും. വിദേശത്ത് നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ ആളുകൾ വരാൻ തുടങ്ങിയപ്പോൾ ഇവിടെ രോഗികളുടെ എണ്ണത്തിൽ കാര്യമായ വർധന വരുന്നുണ്ട്.
മെയ് ഏഴിനാണ് വിമാനസർവ്വീസ് ആരംഭിച്ചത്. കണക്കുകൾ പരിശോധിച്ചാൽ മെയ് ഒന്ന്, മൂന്ന്, നാല്, ആറ്, ഏഴ് തീയതികളിൽ പുതിയ കൊവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല. എട്ടാം തീയതി ഒരാൾക്കാണ് രോഗബാധയുണ്ടായത്. അന്ന് ആകെ ചികിത്സയിലുണ്ടായിരുന്നത് 16 പേരായിരുന്നു. മെയ് 13-ന് പുതിയ രോഗികളുടെ എണ്ണം പത്തായി. 14-ന് 26 പുതിയ രോഗികളായി, 15-ന് 16, 16- 11 ,17 -14,18-29 ഇന്നലെ 12 ഇന്ന് 25ഈ രീതിയിലാണ് പുതിയ പൊസീറ്റീവ് കേസുകളുണ്ടാവുന്നത്. 16 പേരുണ്ടായിരുന്ന സ്ഥാനത്ത് ചികിത്സയിലുണ്ടായിരുന്നവരുടെ എണ്ണം ഇപ്പോൾ 161 ആയി.
ആലപ്പുഴ ജില്ലയിൽ ഇന്ന് ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ കോവിഡ് സ്ഥിരീകരിച്ച മാവേലിക്കര സ്വദേശിയായ ഗർഭിണിയുടെ ഭർത്താവിനാണ് കോവിഡ്. മെയ് 9ന് കുവൈറ്റിൽ നിന്നും കൊച്ചിയിൽ വിമാനത്തിലെത്തിയ ഇദ്ദേഹം ടാക്സിയിൽ വീട്ടിലെത്തി ഹൗസ് ക്വാറൻറൈനിൽ ആയിരുന്നു. അദ്ദേഹത്തെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇതോടെ കോവിഡ് ബാധിച്ച് ചികിത്സയിലുള്ള ആലപ്പുഴ ജില്ലക്കാരുടെ ആകെ എണ്ണം ആറാണ്.
ഇതില്‍ ഒരാള്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
സംസ്ഥാനത്ത് പുതിയ ഹോട്ട് സ്പോട്ടില്ല. പക്ഷെ ഗുരുതരമായ സ്ഥിതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്.
തുടർന്നുള്ള നാളുകളിൽ ചില പ്രത്യേക മേഖലകളിൽ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നിയന്ത്രണങ്ങൾ കർശനമാക്കേണ്ടിവരും. പ്രവാസികൾ വന്നതോടെയാണ് എണ്ണം കൂടിയതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. രോഗം വരുന്നത് ആരുടേയും കുറ്റം കൊണ്ടല്ലെന്ന് എല്ലാവരും മനസിലാക്കണം. പുതുതായി രോഗം വന്നത് പുറത്ത് നിന്നുള്ളവർക്കാണെന്ന് പറഞ്ഞത് ചില കേന്ദ്രങ്ങൾ തെറ്റായി പ്രചരിപ്പിക്കുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.