കോവിഡ് -19 മൂലം മരിച്ചവരുടെ ഉറ്റബന്ധുക്കള്‍ക്ക് സംസ്ഥാനങ്ങളുടെ ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും (എസ്ഡിആര്‍എഫ്)യില്‍ അന്‍പതിനായിരം രൂപ വീതം നഷ്ടപരിഹാരമായി നല്‍കാന്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റി (എന്‍ഡിഎംഎ) ശുപാര്‍ശ ചെയ്തതായി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു.
കോവിഡ് -19 കാരണമെന്ന് സാക്ഷ്യപ്പെടുത്തിയ മരണത്തിനു മാത്രമേ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടാവൂയെന്നും കേന്ദ്രം വ്യക്തമാക്കി. 4 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് ബാധിച്ചു 30 ദിവസത്തിനുള്ളില്‍ മരിച്ചാല്‍ അത് കോവിഡ് മരണമായി കണക്കാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. നഷ്ടപരിഹാരം ജില്ലാ ഭരണകൂടം വഴിയോ അല്ലെങ്കില്‍ ആധാര്‍ബന്ധിത അക്കൗണ്ടിലേക്കോ വരും.
കോവിഡ് -19 നഷ്ടപരിഹാരം നല്‍കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്കു രൂപം നല്‍കാന്‍ എന്‍ഡിഎംഎയ്ക്കു, കോടതി ജൂണില്‍ നിര്‍ദേശം നല്‍കിയിരുന്നു. കോവിഡ് ബാധിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നും സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. കോവിഡ് മൂലം മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരമായി എത്ര തുക വീതം നല്‍കാമെന്ന് എന്‍ഡിഎംഎ ആറാഴ്ചയ്ക്കുള്ളില്‍ തീരുമാനിക്കാനായിരുന്നു ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബഞ്ച് നിര്‍ദേശിച്ചത്.
എന്നാല്‍ നാലു ലക്ഷമെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് താങ്ങാന്‍ കഴിയുന്നതിനും അപ്പുറമാണെന്നും, ഇത്രയും നഷ്ടപരിഹാരം നല്‍കുകയാണെങ്കില്‍ എസ്ഡിആര്‍എഫിലെ മുഴുവന്‍ തുകയും ഉപയോഗിക്കപ്പെട്ടേക്കാമെന്നും പിന്നീുള്ള മഹാമാരിയോട് പ്രതിരോധിക്കാനോ മറ്റു ദുരന്തങ്ങളെ നേരിടുന്നതിനോ മതിയായ ഫണ്ടില്ലാത്ത അവസ്ഥയിലേക്കു സംസ്ഥാനങ്ങളെ എത്തിക്കുമെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് ഇതുവരെ 24,039 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. സംസ്ഥാനത്ത് കോവിഡ് മരണങ്ങള്‍ സ്ഥിരീകരിക്കുന്നതിനുള്ള മാനദണ്ഡം അടുത്തിടെ മാറ്റിയിരുന്നു. നേരത്തെ സംസ്ഥാന സമിതിയായിരുന്നു കോവിഡ് മരണം സ്ഥിരീകരിച്ചിരുന്നത്. എന്നാല്‍ പിന്നീട് ചികിത്സിക്കുന്ന ഡോക്ടര്‍ക്കു സ്ഥിരീകരിക്കാമെന്ന് സര്‍ക്കാര്‍ തീരുമാനമെടുക്കുകയായിരുന്നു. കോവിഡ് മരണങ്ങളുടെ യഥാര്‍ഥ കണക്ക് മറച്ചുവയ്ക്കുന്നതായി ആരോപണം ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു ഈ തീരുമാനം.
എങ്ങനെ അപേക്ഷിക്കാം?
അപേക്ഷയ്ക്കൊപ്പം ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കണം, മരണ കാരണം കോവിഡ് കാരണമാണെന്ന് ഉള്ള സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും വേണം.
ജില്ലാ ദുരന്ത നിവാരണ അതോറിറ്റി 30 ദിവസത്തിനകം അപേക്ഷ വിലയിരുത്തി അര്‍ഹത ഉറപ്പാക്കണം.
പരാതികള്‍ എഡിഎം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, മെഡിക്കല്‍ വകുപ്പ് പ്രിന്‍സിപ്പല്‍ അല്ലെങ്കില്‍ വകുപ്പ് മേധാവി എന്നിവര്‍ ഉള്‍പ്പെട്ട സമിതി ആണ് പരിശോധിക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ
നിങ്ങള്‍ കോവിഡ് മുക്തരാണോ? ആരോഗ്യം തിരിച്ചുപിടിക്കാന്‍ ചില വഴികള്‍
കോവിഡ് പോസിറ്റീവ് ആയവർക്ക് കരിംജീരകം ഉപയോഗിക്കണം
വാക്‌സിനെടുത്തിട്ടും കോവിഡ് ? ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍