സംസ്ഥാനത്തെ മുഴുവന്‍ കര്‍ഷകരെയും വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാക്കുക എന്ന ലക്ഷ്യത്തോടെ വിള ഇന്‍ഷുറന്‍സ് ദിനമായി ആചരിച്ച ജൂലൈ ഒന്നിന് കണ്ണൂര്‍ ജില്ലയില്‍ വിള ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ അംഗമായത് 2,459 കര്‍ഷകര്‍. 2.75 ലക്ഷം രൂപയാണ് പ്രീമിയം തുക ഇനത്തില്‍ ജില്ലയില്‍ നിന്നും അന്നേ ദിവസം ശേഖരിച്ചത്. വാഴ, റബ്ബര്‍, നെല്ല് തുടങ്ങിയ വിളകളാണ് കൂടുതലായും ഇന്‍ഷൂര്‍ ചെയ്തത്. ഇരിട്ടി ബ്ലോക്കിലാണ് കൂടുതല്‍ കര്‍ഷകര്‍ വിള ഇന്‍ഷൂറന്‍സ് പദ്ധതിയുടെ ഭാഗമായത്. 1282 പേര്‍. തലശ്ശേരി ബ്ലോക്കില്‍ നിന്നും 316 പേരും കല്യാശേരി ബ്ലോക്കില്‍ നിന്ന് 304 പേരും പദ്ധതിയുടെ ഭാഗമായി.
ജൂണ്‍ മാസം അംഗമായ 481 കര്‍ഷകര്‍ ഉള്‍പ്പെടെ 3228 കര്‍ഷകരാണ് ഈ സാമ്പത്തിക വര്‍ഷം വിള ഇന്‍ഷൂറന്‍സ് പദ്ധതിയുടെ ഭാഗമായത്. 6.23 ലക്ഷം രൂപയാണ് പ്രീമിയം ഇനത്തില്‍ കര്‍ഷകരില്‍ നിന്നും ശേഖരിച്ചത്. 82.05 ലക്ഷം രൂപയാണ് ഈ സാമ്പത്തിക വര്‍ഷം ജൂണ്‍ വരെയുള്ള കാലയളവില്‍ വിവിധ വിളകള്‍ക്ക് നാശനഷ്ടം സംഭവിച്ച വകയില്‍ ജില്ലയില്‍ വിതരണം ചെയ്തത്. വാഴ കൃഷിക്കാണ് ഏറ്റവും കൂടുതല്‍ നഷ്ടപരിഹാരം നല്‍കിയത്. 469 കര്‍ഷകര്‍ക്കായി 49.72 ലക്ഷം രൂപ. കൃഷിനാശം സംഭവിച്ച വകയില്‍ 39 നെല്‍ കര്‍ഷകര്‍ക്കായി 25.08 ലക്ഷം രൂപയും 28 റബ്ബര്‍ കര്‍ഷകര്‍ക്കായി 5.7 ലക്ഷം രൂപയും വിതരണം ചെയ്തു. 201819 വര്‍ഷം ജില്ലയില്‍ 28,878 കര്‍ഷകര്‍ വിള ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തു.
1995 മുതല്‍ സംസ്ഥാനത്ത് നടപ്പാക്കുന്ന വിള ഇന്‍ഷൂറന്‍സ് പദ്ധതി 21 വര്‍ഷങ്ങള്‍ക്ക് ശേഷം 2017ല്‍ ആണ് നഷ്ടപരിഹാരത്തുക ഉയര്‍ത്തി പരിഷ്‌ക്കരിച്ചത്. 12 ഇരട്ടി വരെ വിളകള്‍ക്ക് നഷ്ടപരിഹാരത്തുക ഉയര്‍ത്തിയിട്ടുണ്ട്. പ്രധാന വിളകളായ തെങ്ങ്, നെല്ല്, പച്ചക്കറികള്‍ എന്നിവയുടെ 1995ലെ പ്രീമിയം തുക അതേപടി നിലനിര്‍ത്തിയാണ് നഷ്ടപരിഹാരത്തുക ഉയര്‍ത്തിയത്. കര്‍ഷകര്‍ക്ക് കാര്‍ഷിക മേഖലയില്‍ തുടരുന്നതിന് പ്രചോദനം നല്‍കുക, പുതു സംരംഭകരെ കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പദ്ധതി. വരള്‍ച്ച, വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, കടലാക്രമണം, വന്യമൃഗങ്ങളുടെ ആക്രമണം തുടങ്ങിയവ മൂലമുണ്ടാകുന്ന കൃഷിനാശത്തിന് നഷ്ടപരിഹാരം നല്‍കുകയെന്നതാണ് പദ്ധതിയുടെ ഉദ്ദേശം. സ്വന്തമായോ പാട്ടത്തിനോ കൃഷിയിറക്കുന്ന കര്‍ഷകര്‍ക്ക് പദ്ധതിയില്‍ അംഗമാകാം. അതത് പ്രദേശത്തെ കൃഷിഭവന്‍ മുഖേനയാണ് അപേക്ഷ നല്‍കേണ്ടത്. ഇന്‍ഷൂര്‍ ചെയ്ത വിളകള്‍ നശിച്ചാല്‍ 15 ദിവസത്തിനകം നിര്‍ദ്ദിഷ്ട ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. തെങ്ങ്, കവുങ്ങ്, റബ്ബര്‍, കശുമാവ്, കുരുമുളക് എന്നീ ദീര്‍ഘകാല വിളകള്‍ക്ക് പദ്ധതി പ്രകാരം പ്രത്യേക സംരക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
തെങ്ങ്, കവുങ്ങ് എന്നിവ ഇന്‍ഷൂര്‍ ചെയ്യാന്‍ ഏറ്റവും കുറഞ്ഞത് 10 എണ്ണമാണ് വേണ്ടത്. തെങ്ങൊന്നിന് രണ്ട് രൂപ നിരക്കിലും കവുങ്ങിന് ഒന്നര രൂപയുമാണ് ഒരു വര്‍ഷത്തേക്കുള്ള പ്രീമിയം. ഒരു തെങ്ങിന് 2000 രൂപയും കമുകിന് 200 രൂപയുമാണ് നഷ്ടപരിഹാരം ലഭിക്കുക. മരത്തിന് മൂന്ന് രൂപ നിരക്കില്‍ കുറഞ്ഞത് 25 റബ്ബറുകളും അഞ്ച് കശുമാവുകളും ഇന്‍ഷൂര്‍ ചെയ്യാനും സാധിക്കും. റബ്ബറിന് 1000 രൂപയും കശുമാവിന് 750 രൂപയുമാണ് നഷ്ടപരിഹാരത്തുക. വിളകളുടെ എണ്ണം അനുസരിച്ചോ വിസ്തീര്‍ണം അനുസരിച്ചോ ആണ് ഇന്‍ഷൂര്‍ ചെയ്യേണ്ടത്. 0.10 ഹെക്ടര്‍ നെല്ല് 25 രൂപ പ്രീമിയം നിരക്കില്‍ ഇര്‍ഷൂര്‍ ചെയ്യാന്‍ സാധിക്കും. 45 ദിവസത്തിനകമുള്ള വിളകള്‍ക്ക് ഹെക്ടറിന് 15000 രൂപയും ശേഷമുള്ള വിളകള്‍ക്ക് 35,000 രൂപയുമാണ് നഷ്ടപരിഹാരത്തുക.