വയനാട്: വിള ഇന്‍ഷുറൻസ് കുടിശ്ശിക ഉടൻ തീർക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. എഫ്.പി.ഒകള്‍ക്കും കൃഷികൂട്ടങ്ങള്‍ക്കും ഡ്രോണുകളും കാര്‍ഷിക യന്ത്രങ്ങളും വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാം നൂറുദിന പരിപാടിയുടെ ഭാഗമായി മാനന്തവാടിയിലാണ് പരിപാടി സംഘടിപ്പിച്ചത്. പത്മശ്രീ പുരസ്‌ക്കാര ജേതാവ് ചെറുവയല്‍ രാമനെയും മുതിര്‍ന്ന കര്‍ഷകന്‍ ജോര്‍ജ് കുഴിക്കണ്ടത്തെയും ചടങ്ങില്‍ മന്ത്രി ആദരിച്ചു.
കൂടുതൽ വാർത്തകൾ: രാജ്യത്ത് ആപ്പിൾ ഇറക്കുമതിയ്ക്ക് നിരോധനം..കൂടുതൽ വാർത്തകൾ
മന്ത്രിയുടെ വാക്കുകൾ..
കാര്‍ഷിക മേഖലയുടെ വളര്‍ച്ചയില്‍ കൃഷിക്കൂട്ടങ്ങളുടെ പങ്ക് നിര്‍ണായകമാണ്. ഡ്രോണുകള്‍ പോലുള്ള സാങ്കേതിക മുന്നേറ്റങ്ങള്‍ കാര്‍ഷിക മേഖലയ്ക്ക് മുതല്‍കൂട്ടാണ്. ഏത് കാര്‍ഷിക ഉത്പ്പന്നങ്ങള്‍ക്കും കേരളാഗ്രോ ബ്രാന്‍ഡ് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. വിള ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ടുള്ള കുടിശ്ശിക തീര്‍ക്കാനുളള ശ്രമത്തിലാണ്. വന്യമൃഗശല്യം പ്രതിരോധിക്കാന്‍ കൃഷി വകുപ്പും പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ഓരോ കൃഷിഭവനുകളും ഓരോ മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കണം. കര്‍ഷകര്‍ക്ക് ലഭിക്കുന്ന സേവനം സ്മാര്‍ട്ടാകുമ്പോള്‍ മാത്രമെ കൃഷിഭവനുകള്‍ സ്മാര്‍ട്ടാകുകയുള്ളൂ. എന്നും അതിന് ശ്രമിക്കണം.
ട്രാക്ടർ റാലി
പരിപാടിയുടെ ഭാഗമായി മാനന്തവാടിയില്‍ നിന്നും ട്രാക്ടര്‍ റാലിയും സംഘടിപ്പിച്ചു. മാനന്തവാടി ടൗണില്‍ നിന്നും തുടങ്ങിയ റാലി വള്ളിയൂര്‍ക്കാവ് പ്രദര്‍ശന നഗരിയില്‍ സമാപിച്ചു. പ്രദര്‍ശനത്തിനെത്തിച്ച നാല്‍പ്പതോളം ട്രാക്ടറുകള്‍ റാലിയില്‍ പങ്കെടുത്തു. വിവിധ കാര്‍ഷികോപകരണങ്ങളുടെ പ്രദര്‍ശന വാഹനങ്ങളും റാലിയില്‍ പങ്കെടുത്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, കൗണ്‍സിലര്‍ പി.എം ബെന്നി, സംസ്ഥാന കാര്‍ഷിക എഞ്ചിനീയര്‍ വി ബാബു, എക്‌സി. എഞ്ചിനീയര്‍ സി.കെ മോഹനന്‍, അസി.എക്‌സി.എഞ്ചിനീയര്‍മാരായ ടി.കെ രാജ് മോഹന്‍, ആര്‍. ജയരാജന്‍, അഡി.ഡയറക്ടര്‍ ഡോ.കെ അനില്‍കുമാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്‍കി.
പൊതുജനങ്ങള്‍ക്ക് നറുക്കെടുപ്പിലൂടെ വയനാട്ടിലെ എസ്.എം.എ.എം ഡീലര്‍മാര്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്ന 4 ലക്ഷം രൂപയുടെ കാര്‍ഷിക യന്ത്രങ്ങളും സമ്മാനമായി വിതരണം ചെയ്തു. സെമിനാറും യുവ കര്‍ഷക സംഗമവും മേളയോടനുബന്ധിച്ച് നടന്നു. തുടര്‍ന്ന് നൃത്തസന്ധ്യയും കലാപരിപാടികളും അരങ്ങേറി. പ്രദർശന വിപണ മേള നാളെ സമാപിക്കും.