1. സംസ്ഥാനത്തെ കാർഷിക രംഗത്ത് 2025 മുതൽ അഞ്ച് വർഷകാലത്തേക്ക് 2375 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി ശ്രീ. മന്ത്രി പി. പ്രസാദ്. ഇരിക്കൂർ കർഷകസംഗമം 'അഗ്രി ഫെസ്റ്റ് 25' നടുപ്പറമ്പിൽ സ്‌പോർട്‌സ് സിറ്റിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. 30,000 ഹെക്ടറിലെ റബ്ബർ റീപ്ലാന്റിങ്ങിനും റബ്ബർ മേഖലയുടെ ഉണർവ്വിനുമായി 250 കോടിയോളം രൂപ നീക്കി വച്ചിട്ടുണ്ട്. കാർഷിക മേഖലയിൽ ഇടപെടുന്നതിന്റെ ഭാഗമായി ബി-ടു-ബി മീറ്റുകൾ സംഘടിപ്പിക്കും. സ്റ്റാർട്ടപ്പുകൾ വഴി ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയ ഉപകരണങ്ങൾ കാർഷിക മേഖലയിൽ പരീക്ഷണാടിസ്ഥാനത്തിൽ ആറുമാസത്തിനുള്ളിൽ അവതരിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വന്യമൃഗ ശല്യത്തെ അഭിമുഖീകരിക്കാൻ കൃഷി വകുപ്പ് 27 കോടി രൂപ മാറ്റിവച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ചടങ്ങിന് കെ സുധാകരൻ എംപി അധ്യക്ഷത വഹിച്ചു.
2. കേരള കാര്‍ഷിക സര്‍വകലാശാല ഫലവര്‍ഗവേഷണ കേന്ദ്രം, വെള്ളാനിക്കരയില്‍ വെച്ച് 'ഡ്രാഗണ്‍ ഫ്രൂട്ടിന്റെ വിള പരിപാലനം' എന്ന വിഷയത്തില്‍ ഒരു ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 22-ാം തീയതി നടത്തുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 9605612478 എന്ന ഫോൺ നമ്പറിൽ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പരിശീലന ഫീസ് 1000/രൂപ. പരിശീലനം വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് കേരള കാര്‍ഷിക സര്‍വകലാശാലയുടെ പരിശീലന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്. ഏതെങ്കിലും കാരണത്താല്‍ പരിശീലനത്തില്‍ പങ്കെടുക്കുവാന്‍ സാധിച്ചില്ലെങ്കില്‍ അടച്ചു തുക തിരികെ ലഭിക്കുന്നതല്ല.
3. സംസ്ഥാനത്ത് മഴയ്ക്ക് ശമനം. ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പുകൾ ഇല്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത നിലനിൽക്കുന്നു. അതേസമയം കടലിൽ പോകുന്നത് സംബന്ധിച്ച് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി കേരള തീരത്ത് നാളെ രാവിലെ 08:30 വരെ 0.5 മുതൽ 1.0 മീറ്റർ വരെയും; തമിഴ്‌നാട് തീരത്ത് നാളെ രാവിലെ 02:30 വരെ 0.7 മുതൽ 1.0 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും അറിയിപ്പിൽ പറയുന്നു.