കേരളത്തിൽ ഏപ്രിൽ മുതൽ വൈദ്യുതി നിരക്ക് കൂടാൻ സാധ്യത. 2023-24 വർഷത്തേക്ക് 40 പൈസയാണ് വർധിപ്പിക്കുക. ഇതുസംബന്ധിച്ച് വൈദ്യുതി ബോർഡ് റെഗുലേറ്ററി കമ്മിഷന് മുന്നിൽ അപേക്ഷ സമർപ്പിച്ചു. അടുത്ത 4 വർഷത്തേക്കുള്ള നിരക്കുകളും സമർപ്പിച്ചിട്ടുണ്ട്. എന്നാൽ കമ്മിഷന്റെ ഹിയറങ്ങിന് ശേഷമാണ് തീരുമാനം എടുക്കുന്നത്. മാർച്ച് 31 വരെയുള്ള നിരക്ക് കഴിഞ്ഞ വർഷം ജൂണിൽ 7 ശതമാനം വർധനയോടെയാണ് നിശ്ചയിച്ചത്.
5 വർഷത്തേക്കുള്ള വർധനവാണ് അന്ന് സമർപ്പിച്ചത്. എന്നാൽ 1 വർഷത്തേക്ക് മാത്രമാണ് അനുമതി ലഭിച്ചത്. വൈദ്യുതി നിരക്ക് കൂട്ടുന്നത് വഴി 1044.43 കോടി രൂപയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം ജൂൺ 26നാണ് യൂണിറ്റിന് 25 പൈസ കൂട്ടിയത്. അതുവഴി 1010.94 കോടിയുടെ അധിക വരുമാനവും 760 കോടിയിലേറെ ലാഭവും നേടി. ഈ സാമ്പത്തിക വർഷം വൈദ്യുത ബോർഡിന് 2939 കോടി റവന്യു കമ്മി ഉണ്ടാകുമെന്ന് കമ്മിഷൻ അംഗീകരിച്ചു.
അതിനാൽ താരിഫ് വർധനയ്ക്ക് സാധ്യത കൂടുതലാണ്. കമ്മിഷൻ ഹിയറിംഗ് നേരത്തെ പൂർത്തിയാക്കിയാൽ ഏപ്രിൽ മുതൽ വർധനവ് ഉണ്ടാകും. പൊതുജനങ്ങളുടെയും വ്യവസായ ഉപഭോക്താക്കളുടെയും ആവശ്യ പ്രകാരമായിരിക്കും നിരക്ക് വർധനവ്.