തിരുവനന്തപുരം: തിരുവനന്തപുരം മുതൽ കാസർകോഡ് വരെ നിർമിക്കുന്ന തീരദേശ ഹൈവേയുടെ ഒരു വശത്ത് സൈക്കിൾ ട്രാക്ക് ഒരുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
നവകേരള സദസിന്റെ തുടർച്ചയായി യുവജനങ്ങളുമായി തിരുവനന്തപുരത്ത് നടത്തിയ മുഖാമുഖത്തിൽ ഉയർന്ന നിർദേശത്തിനു മറുപടിയായാണു മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
ഇതടക്കം യുവജനങ്ങൾ മുന്നോട്ടുവച്ച വിവിധ ആശയ നിർദേശങ്ങൾ മുഖ്യമന്ത്രി വിശദമായി കേൾക്കുകയും സർക്കാർ തലത്തിൽ നടപ്പാക്കാവുന്ന കാര്യങ്ങൾ മറുപടിയായി അറിയിക്കുകയും ചെയ്തു. നവകേരള നിർമിതിയിൽ യുവാക്കളുടെ ആഗ്രഹങ്ങളും കാഴ്ചപ്പാടുകളും വിളിച്ചോതുന്നതായിരുന്നു മൂന്നര മണിക്കൂർ നീണ്ടുനിന്ന മുഖാമുഖം പരിപാടി.
സംസ്ഥാനത്തു പുതുതായി നിർമിക്കുന്ന റോഡുകളിൽ സൈക്കിൾ ട്രാക്കുകൾകൂടി ഉറപ്പാക്കണമെന്നു സൈക്ലറായ ജിൻസൺ സ്റ്റീഫനാണ് അഭിപ്രായപ്പെട്ടത്. തീരദേശ പാതയിൽ സൈക്കിൾ ട്രാക്ക് വരുന്നത് ടൂറിസം മേഖലയിൽ വലിയ കുതിപ്പുണ്ടാക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു.