പാലക്കാട്: ഒറ്റപ്പെടലില്‍നിന്ന് വയോജനങ്ങള്‍ക്ക് ആശ്വാസമായി വാണിയംകുളം പഞ്ചായത്തിലെ പകല്‍വീട്. 65 വയസിന് മുകളിലുള്ള വയോജനങ്ങള്‍ക്ക് ആദരവും അംഗീകാരവും ഉറപ്പാക്കുന്നതോടൊപ്പം അവര്‍ക്ക് ഭക്ഷണം, ചികിത്സ-വായന സൗകര്യം എന്നിവയും ഇവിടെ ഒരുക്കുന്നുണ്ട്. നിലവില്‍ 16 പേര്‍ ഗുണഭോക്താക്കളായുണ്ട്. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് പകല്‍വീടിന്റെ പ്രവര്‍ത്തന സമയം. രാവിലെയും വൈകിട്ടും ലഘു ഭക്ഷണവും ഉച്ചഭക്ഷണവും പകല്‍വീട്ടില്‍ ലഭിക്കും. വ്യായാമത്തിനും ചര്‍ച്ചകള്‍ക്കും വയോജനങ്ങളുടെ കൂട്ടായ്മയ്ക്കുമെല്ലാം സ്‌നേഹവീട് എന്ന് പേരിട്ടിരിക്കുന്ന പകല്‍വീട്ടില്‍ സൗകര്യമുണ്ട്.
വയോജനങ്ങളുടെ സംരക്ഷണം സമൂഹത്തിന്റെ ഉത്തരവാദിത്തമാണ് എന്ന ലക്ഷ്യത്തില്‍ വാണിയംകുളം ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡില്‍ പറളശ്ശേരിക്കുളത്തിന് സമീപത്താണ് പകല്‍വീട് നിര്‍മ്മിച്ചത്. വാണിയംകുളം ഗ്രാമപഞ്ചായത്തിന്റെ സ്ഥലത്ത് ജില്ലാ പഞ്ചായത്തിന്റെ 2018-2019 വാര്‍ഷിക പദ്ധതിയില്‍ 20 ലക്ഷം രൂപ ചെലവിട്ടാണ് പകല്‍വീടിന്റെ കെട്ടിടം നിര്‍മ്മിച്ചത്.
ജില്ലാ പഞ്ചായത്തും ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്തും ചേര്‍ന്ന് അഞ്ച് ലക്ഷം രൂപ ചെലവിട്ട് ആവശ്യമായ ഫര്‍ണിച്ചറുകളും സജ്ജീകരിച്ചു. ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലൂടെ ആറ് ലക്ഷം രൂപ ചെലവിലാണ് അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കിയത്. കൂടാതെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായി 2022-23 വാര്‍ഷിക പദ്ധതിയില്‍ പഞ്ചായത്ത് നാല് ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
1400 ചതുരശ്ര അടിയിലുള്ള കെട്ടിടത്തില്‍ രണ്ട് മുറികള്‍, ഹാള്‍, ഡൈനിങ് ഹാള്‍, അടുക്കള, വര്‍ക്ക് ഏരിയ, ശുചിമുറികള്‍ തുടങ്ങിയ സൗകര്യങ്ങളാണുള്ളത്. കട്ടിലുകള്‍, മേശ, കസേര, ടി.വി, ഫാന്‍, ഫ്രിഡ്ജ് തുടങ്ങിയവയും സജ്ജീകരിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 30 ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ആര്‍. ബിന്ദുവാണ് പകല്‍വീടിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. നവംബര്‍ ഒന്ന് മുതലാണ് പൂര്‍ണമായ രീതിയില്‍ പകല്‍വീടിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്.