യമുന നദിയിലെ ജലനിരപ്പ് കുറയാൻ തുടങ്ങിയെങ്കിലും, ഡൽഹി ജലസേചന, വെള്ളപ്പൊക്ക നിയന്ത്രണ വകുപ്പിന്റെ റെഗുലേറ്ററിന് ഇന്ദ്രപ്രസ്ഥത്തിന് സമീപം കേടുപാടുകൾ സംഭവിച്ചതിനാൽ വെള്ളിയാഴ്ച ഐടിഒയിലെയും രാജ്ഘട്ടിലെയും പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. സ്ഥിതിഗതികൾ ഇതിനകം തന്നെ കൂടുതൽ വഷളായി, നഗരത്തിന്റെ മധ്യഭാഗത്ത് തിലക് മാർഗ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സുപ്രീം കോടതി വരെ നദിയിലെ വെള്ളമെത്തി.
ജലസേചന, വെള്ളപ്പൊക്ക നിയന്ത്രണ വകുപ്പിന്റെ റെഗുലേറ്ററിനുണ്ടായ കേടുപാടുകൾ സംബന്ധിച്ച് മുൻഗണനാക്രമത്തിൽ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ചീഫ് സെക്രട്ടറിക്ക് സർക്കാർ നിർദ്ദേശം നൽകിയതായി ഡൽഹി ക്യാബിനറ്റ് മന്ത്രി സൗരഭ് ഭരദ്വാജ് പറഞ്ഞു. ഡബ്ല്യുഎച്ച്ഒ കെട്ടിടത്തിന് സമീപമുള്ള ഡ്രെയിൻ നമ്പർ 12-ന്റെ റെഗുലേറ്ററിലെ കേടുപാടുകൾ പരിഹരിക്കാൻ ഒരു സംഘം രാത്രി മുഴുവൻ പ്രവർത്തിച്ചു. എന്നിട്ടും, യമുനയിലെ വെള്ളം നഗരത്തിലേക്ക് പ്രവേശിച്ചു. ഇത് ഏറ്റവും മുൻഗണനയിൽ എടുക്കാൻ സർക്കാർ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയതായും ഉദ്യോഗസ്ഥർ പറഞ്ഞു.
ഇന്ന് രാവിലെ 8 മണിയ്ക്ക് യമുനയുടെ ജലനിരപ്പ് 208.42 മീറ്ററാണ്. ഐടിഒ, രാജ്ഘട്ട് മേഖലകളിലെ വെള്ളപ്പൊക്കം ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ അധികാരികളെ നയിച്ചതായി ഓദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ലോകാരോഗ്യ സംഘടനയുടെ കെട്ടിടത്തിന് സമീപമുള്ള ഡ്രെയിനേജ് വെള്ളം കവിഞ്ഞൊഴുകുന്നതിനാൽ മഹാത്മാഗാന്ധി മാർഗിൽ സരായ് കാലെ ഖാനിൽ നിന്ന് ഐപി ഫ്‌ളൈ ഓവറിലേക്ക് വാഹനഗതാഗതം അനുവദിക്കില്ല. യാത്രക്കാർ ഈ വഴി ഒഴിവാക്കണമെന്ന് ഡൽഹി ട്രാഫിക് പോലീസ് ട്വീറ്ററിൽ അറിയിച്ചു.
റെയിൽവേ അണ്ടർ ബ്രിഡ്ജിന് സമീപത്തെ ഡ്രെയിനേജ് വെള്ളം കവിഞ്ഞൊഴുകിയതിനാൽ ഭൈറോൺ റോഡിലെ ഗതാഗതവും ഇന്നലെ തടസ്സപ്പെട്ടു. വെള്ളം നിറഞ്ഞ ഐടിഒ വഴിയിലൂടെ ചിലർ വാഹനങ്ങൾ വലിച്ചിഴക്കുന്ന കാഴ്ച്ചയും വെള്ളപൊക്കത്തിന്റെ കാഠിന്യത്തെ സൂചിപ്പിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: Delhi Flood Alert: യമുനയിലെ ജലനിരപ്പ് 208.48 മീറ്ററായി, ഡൽഹിയിൽ വെള്ളപ്പൊക്ക സാധ്യത കൂടുന്നു