അപകടങ്ങളില്‍പ്പെട്ട് പല്ല് ഇളകിപ്പോയാല്‍ ഇളകിയ പല്ല് ഐസില്‍ അല്ല സൂക്ഷിക്കേണ്ടതെന്ന് പല്ലു രോഗ വിദഗ്ധര്‍. ഇങ്ങനെ ചെയ്യുന്നതു കൊണ്ടു യാതൊരു പ്രയോജനവുമില്ല. ഇളകിപ്പോയ പല്ല് അപകടത്തില്‍പ്പെട്ടയാളിനൊപ്പം ആശുപത്രിയിലെത്തിക്കേണ്ടത് ഐസിലല്ല, പാലിലിട്ട് സൂക്ഷിച്ചാണ് . പാലില്‍ പല്ലു സൂക്ഷിച്ചാല്‍ കോശങ്ങള്‍ നിലനില്‍ക്കും. ഐസില്‍ സൂക്ഷിച്ചാല്‍ ഇവ നശിച്ചു പോകും.ആധുനിക ദന്ത ചികിത്സയുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ കേരള ചാപ്റ്ററിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ ഒരുക്കിയിരിക്കുന്ന ദന്താരോഗ്യ പ്രദര്‍ശനമാണ് ഈ അറിവുകൾ നൽകുന്നത്.
പഞ്ചസാരയോ ,പഞ്ചാസാര ചേര്‍ത്ത ഭക്ഷണമോ കഴിച്ചാല്‍ തീർച്ചയായും പല്ലു വൃത്തിയാക്കണം. അതേസമയം, കരിമ്പാണു ചവയ്ക്കുന്നതെങ്കില്‍ പല്ലു വൃത്തിയാക്കേണ്ട കാര്യമില്ല.രാവിലെയും രാത്രിയും മാത്രമല്ല, പാചകം ചെയ്ത എന്തു ഭക്ഷണം കഴിച്ചാലും ഉടന്‍ പല്ലു വൃത്തിയാക്കണം. പാചകം ചെയ്യാത്ത ഭക്ഷണമാണെങ്കില്‍ പല്ലു വൃത്തിയാക്കേണ്ട. പാചകം ചെയ്ത ഭക്ഷണം ബാക്ടീരിയകള്‍ക്ക് വളരാന്‍ പറ്റിയ സാഹചര്യമാണൊരുക്കുന്നത്. പല്ലിനിടയിലെ ഭക്ഷണാവശിഷ്ടം ബാക്ടീരിയകളുടെ വളര്‍ച്ച ത്വരിതപ്പെടുത്തും. ഇത്തരത്തില്‍ ഒട്ടേറെ അറിവുകളാണു പ്രദര്‍ശനത്തിലുള്ളത്. പല്ലിനെ ബാധിക്കുന്ന രോഗങ്ങളെക്കുറിച്ചു മനസ്സിലാക്കാന്‍ വിശദമായ കുറിപ്പ് പ്രദര്‍ശനത്തിലുണ്ട്. പ്രദര്‍ശനം 24 ന്സമാപിക്കും .