കൊച്ചി: ഇന്ത്യയിലെ 3477 മത്സ്യഗ്രാമങ്ങളിൽ കടലിൽ കൃത്രിമ പാര് (ആർട്ടിഫിഷ്യൽ റീഫ്) വിന്യാസത്തിനുള്ള കേന്ദ്ര സർക്കാറിന്റെ പദ്ധതിക്ക് സാങ്കേതിക സഹായമൊരുക്കി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഫ്ആർഐ). പദ്ധതി നടപ്പിലാക്കുന്നതിന് മുന്നോടിയായി രാജ്യത്തുടനീളം നടത്തുന്ന ബോധവൽകരണ പരിപാടികൾക്ക് കേരളത്തിൽ നിന്ന് തുടക്കമായി. മത്സ്യോൽപാദനം വർധിപ്പിക്കാൻ സഹായകരമാകുന്ന കൃത്രിമപാരുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികളെ ബോധവൽകരണം നടത്തുകയും പാരുകൾ വിന്യസിക്കുന്നതിന് അനുയോജ്യമായ സ്ഥലം തിരഞ്ഞെടുക്കുന്നതിനുമാണിത്.
ബന്ധപ്പെട്ട വാർത്തകൾ: മത്സ്യകൃഷിയിലൂടെ ലാഭം കൊയ്യാം
സംസ്ഥാന സർക്കാറുകളുായി സഹകരിച്ച് കേന്ദ്ര ഫിഷറീസ് വകുപ്പാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
സംസ്ഥാനത്ത് പദ്ധതിയുടെ നടത്തിപ്പുകാരായ കേരള സംസ്ഥാന തീരദേശ വികസന കോർപറേഷന്റെ സംഘാടനത്തിൽ തിരുവനന്തപുരം ജില്ലയിലെ അഞ്ചിടങ്ങളിൽ ശിൽപശാല നടന്നു.
ആദ്യഘട്ടത്തിൽ നടപ്പിലാക്കുന്ന സംസ്ഥാനത്തെ 42 ഗ്രാമങ്ങളിലെ മത്സ്യത്തൊഴിലാളി പ്രതിനിധികളാണ് ശിൽപശാലകളിൽ പങ്കെടുത്തത്. ചൊവ്വ മുതൽ വെള്ളി വരെ പൂന്തുറ, വെട്ടുകാട്, പെരുമാതുറ, കായിക്കര, വിഴിഞ്ഞം എന്നിവിടങ്ങളിലാണ് ശിൽപശാല നടന്നത്.
കേരളത്തിലാകെ 220 മത്സ്യഗ്രാമങ്ങളിലാണ് കൃത്രിമപാര് വിന്യസിക്കാൻ ഉദ്ദേശിക്കുന്നത്. ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലെ 42 ഗ്രാമങ്ങളിൽ നടപ്പിലാക്കും.
പ്രത്യേക ശാസ്ത്രീയ മാതൃകയിൽ നിർമിക്കുന്നതാണ് കൃത്രിമപാര്. കടലിൽ വിന്യസിക്കുന്ന പാരുകൾ സസ്യ-ജന്തുജാലങ്ങൾ തഴച്ച് വളരാനും മീനുകൾക്ക് അനുയോജ്യമായ ആവാസവ്യവസ്ഥ ഒരുക്കാനും വഴിയൊരുക്കും. കേന്ദ്രസർക്കാറിന്റെ പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജനയുടെ കീഴിലാണ് പദ്ധതി. ചിലവിന്റെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാന സർക്കാറുകളും വഹിക്കും. മത്സ്യത്തൊഴിലാളികൾക്ക് പരിശീലനവും സാങ്കേതിക നിർദേശം നൽകാനുമുള്ള ചുമതല സിഎംഎഫ്ആർഐക്കാണ്.
നിലവിൽ, കേരളത്തിലുൾപ്പെടെ 132 ഇടങ്ങിലായി 3.7 ലക്ഷം ചതുരശ്രമീറ്ററിൽ രാജ്യത്താകെ സിഎംഎഫ്ആർഐയയുടെ മേൽനോട്ടത്തിൽ കൃത്രിമപാരുകൾ വിന്യസിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ 17 മുതൽ 30 ശതമാനം വരെ മത്സ്യോൽപാദനം കൂട്ടാൻ ഇതുവഴി സാധിച്ചതായാണ് സിഎംഎഫ്ആർഐയുടെ കണ്ടെത്തൽ.
സിഎംഎഫ്ആർഐയുടെ നേതൃത്വത്തിൽ തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ കൃത്രിമപാരുകളുടെ വിന്യാസം വൻവിജയമായതോടെയാണ് രാജ്യത്തുടനീളം ഈ പദ്ധതി നടപ്പിലാക്കാൻ കേന്ദ്ര ഫിഷറീസ് മന്ത്രാലയം തീരുമാനിച്ചത്.
പാരുകൾ സ്ഥാപിക്കുന്നതിനുള്ള സ്ഥലനിർണയം, ഇവയുടെ മാതൃക, നിർമാണം, പാര് വിന്യാസം, ആഘാതപഠനം എന്നിവക്കുള്ള പ്രോട്ടോകോൾ സിഎംഎഫ്ആർഐ വികസിപ്പിച്ചിട്ടുണ്ടെന്ന് ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ പറഞ്ഞു. മത്സ്യ ആവാസകേന്ദ്രങ്ങളെ പുനരുജ്ജീവിപ്പിക്കാൻ ഈ സാങ്കേതികവിദ്യ സഹായിക്കും. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഇത് കൂടുതൽ പ്രയോജനപ്പെടും.
കടലിൽ നന്നായി ഇണങ്ങിച്ചേർന്ന കൃത്രിമപാരുകളിൽ മുന്നൂറിലധികം മത്സ്യയിനങ്ങൾ വന്നുചേരുമെന്ന് 15 വർഷത്തോളമായി ഈ മേഖലയിൽ പഠനം നടത്തിവരുന്ന സിഎംഎഫ്ആർഐയിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ ജോ കെ കിഴക്കൂടൻ പറഞ്ഞു. ഡോ ജോ കിഴക്കൂടന്റെ നേതൃത്തിലാണ് രാജ്യവ്യാപകമായ മത്സ്യത്തൊഴിലാളി ബോധവൽകരണ പരിപാടികൾ നടക്കുന്നത്. ഈ മാസം അവസാനത്തോടെ ഇന്ത്യയിലെ എല്ലാ തീരദേശസംസ്ഥാനങ്ങളിലും ബോധവൽകരണ ശിൽപാശാലകൾ പൂർത്തീകരിക്കും.