1. ഈ വർഷത്തെ ആദ്യ മന്ത്രിസഭാ യോഗത്തിൽ കർഷകരുടെ ക്ഷേമത്തിനായി സുപ്രധാന തീരുമാനങ്ങളുമായി കേന്ദ്രസർക്കാർ. പ്രധാനമന്ത്രി ഫസൽ ബീമാ യോജന (PMFBY) യും പുനഃക്രമീകരിച്ച കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയും തുടരാൻ മന്ത്രിസഭയിൽ തീരുമാനമായി. ഇതിലൂടെ 2025-26 കാലയളവിൽ രാജ്യത്തെ കർഷകർക്ക് പ്രകൃതിക്ഷോഭം മൂലമുണ്ടാകുന്ന വിളനാശത്തിൽ നിന്നും പരിരക്ഷ ലഭിക്കും. എൻബിഎസ് സബ്‌സിഡിക്ക് പുറമെ ലഭിക്കുന്ന ഡൈ-അമോണിയം ഫോസ്‌ഫേറ്റ് വളങ്ങളുടെ സബ്‌സിഡി ഈ വർഷം ഡിസംബർ 31 വരെ നീട്ടാനും മന്ത്രിസഭായോഗത്തിൽ തീരുമാനമായി. ഇതിനായി 3,850 കോടി രൂപ അനുവദിച്ചതായും കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അറിയിച്ചു. കാർഷികമേഖലയിൽ നൂതനസാങ്കേതിക വിദ്യകളുടെ സംയോജനത്തിനായും മന്ത്രിസഭ ഫണ്ട് വകയിരുത്തി. വിള ഇന്‍ഷുറന്‍സിലെ സുതാര്യത വര്‍ധിപ്പിക്കുന്നതിനും ക്ലെയിമുകളില്‍ സമയബന്ധിതമായി നടപടി സ്വീകരിക്കുന്നതിനുമായി ഫണ്ട് ഫോര്‍ ഇന്നൊവേഷന്‍ ആന്റ് ടെക്‌നോളജി (എഫ്‌ഐഎറ്റി) രൂപീകരിക്കാനും മന്ത്രിസഭ അംഗീകാരം നല്‍കി. ഇതിനായി 824.77 കോടി രൂപ നീക്കിവയ്ക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് യോഗത്തിലാണ് PMFBY-യുടെ ഭാഗമായ കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി (RWBCIS) 2025-26 സാമ്പത്തിക വർഷത്തേക്ക് കൂടി നീട്ടാൻ തീരുമാനമായത്. പദ്ധതി വിഹിതം 69,515.71 കോടിയായി ഉയർത്തി, 4 കോടി കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. YES-TECH, WINDS എന്നീ സാങ്കേതിക സംരംഭങ്ങളെ സഹായിക്കാൻ ഫണ്ട് ഫോർ ഇന്നോവേഷൻ ആൻഡ് ടെക്നോളജി (FIAT) ഗുണം ചെയ്യും. ഇൻഷുറൻസ് ക്ലെയിമുകൾ തീർപ്പാക്കുന്നതിന് സുതാര്യതയും കാര്യക്ഷമതയും ഉറപ്പുവരുത്താനുള്ള സംരംഭങ്ങളാണ് YES-TECH, WINDS എന്നിവ.
YES-TECH: Yield Estimation System based on Technology എന്നതാണ് YES-TECH ന്റെ പൂർണരൂപം. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ കൃത്യമായി വിളവ് കണക്കാക്കുന്നതിന് ഉപയോഗിക്കുന്ന 'റിമോട്ട് സെൻസിംഗ് ടെക്നോളജി'യാണ് YES-TECH. മധ്യപ്രദേശ് അടക്കമുള്ള ഒമ്പത് സംസ്ഥാനങ്ങളിൽ ഇതിനോടകം YES-TECH നടപ്പാക്കിയിട്ടുണ്ട്. 2023-24 വർഷത്തെ ഇൻഷുറൻസ് ക്ലെയിമുകൾ നൽകിയത് YES-TECH മുഖേന വിളവ് കണക്കാക്കിയാണ്.
WINDS: Weather Information and Network Data System എന്നതാണ് WINDS ന്റെ പൂർണരൂപം. കാലാവസ്ഥാ പ്രവചനങ്ങളും നിരീക്ഷണങ്ങളും കൃത്യതയോടെ ലഭിക്കുന്നതിനായി ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് വേണ്ടിയാണ് WINDS സംവിധാനം ഉപയോഗിക്കുന്നത്. ഉത്തർപ്രദേശ്, കർണാടക തുടങ്ങി ഒമ്പത് സംസ്ഥാനങ്ങളിൽ ഇതിനോടകം WINDS സംവിധാനം സ്ഥാപിച്ചിട്ടുണ്ട്.
2. ആലത്തൂർ വാനൂരിലെ സർക്കാർ ക്ഷീര പരിശീലന കേന്ദ്രത്തിൽ ജനുവരി ആറ് മുതൽ 18 വരെ പാലക്കാട്, തൃശ്ശൂർ ജില്ലകളിലെ ക്ഷീരകർഷകർ, കുടുംബശ്രീ അംഗങ്ങൾ, സംരംഭകർ എന്നിവർക്കായി ക്ഷീരോത്പന്ന നിർമാണത്തില്‍ പരിശീലനം നല്‍കുന്നു. പ്രവേശന ഫീസ് 135 രൂപ. ആധാർ, തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് സഹിതം പരിശീലനാർഥികൾക്ക് പരിശീലനത്തിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ ജനുവരി മൂന്നിന് വൈകുന്നേരം നാല് മണിക്ക് മുമ്പായി dd-dte-pkd.dairy@kerala.gov.in, dtcalathur@gmail.com എന്നീ ഇ-മെയിലുകള്‍ വഴിയോ 04922 226040, 7902458762 എന്നീ ഫോൺ നമ്പറുകൾ മുഖേനയോ രജിസ്റ്റർ ചെയ്യേണ്ടതാണ്.
3. സംസ്ഥാനത്ത് വീണ്ടും മഴ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പിൽ പറയുന്നത്. സംസ്ഥാനത്ത് മഴയ്ക്ക് ശമനം എന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ റിപ്പോർട്ടുകൾ. കൂടാതെ താപനിലയും ഉയരുന്ന സാഹചര്യമായിരുന്നു. ഇതിന്റെയടിസ്ഥാനത്തിൽ ഇന്നും നാളെയും ഉയർന്ന താപനില മുന്നറിയിപ്പും കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിരുന്നു. അതേസമയം ഇന്ന് ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി പ്രദേശം, മാലിദ്വീപ് പ്രദേശം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ തെക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും അറിയിപ്പിൽ പറയുന്നു.