സംസ്ഥാന ക്ഷീരക൪ഷക സംഗമം ഈ മാസം 25, 26, 27, 28 തീയതികളിൽ കനകക്കുന്നിൽ നടക്കും. ആദ്യമായാണ് തിരുവനന്തപുരത്ത് ക്ഷീരസംഗമം നടത്തുന്നത്.ക്ഷീരമേഖലയെ പരിചയപ്പെടുത്തുന്ന പ്രദർശനങ്ങളും സെമിനാറുകളും സംഗമത്തിൻ്റെ ഭാഗമായി നടക്കും.ക്ഷീരവ്യവസായ മേഖലയുടെ സാധ്യതകളും മേളയിൽ അറിയാം ക്ഷീരമേഖലയുടെ സാങ്കേതികത്വങ്ങളെ പരിചയപ്പെടുത്തുന്ന കേരള ഡയറി എക്സ്പോയുടെ മൂന്നാം പതിപ്പ് ക്ഷീരസംഗമത്തിൻ്റെ പ്രധാന ആക൪ഷണമാണ്. 150-ഓളം സ്റ്റാളുകൾ എക്സ്പോയുടെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്.
മേയ൪ കെ.ശ്രീകുമാ൪ 25-ന് വൈകീട്ട് വിളംബരജാഥ ഫ്ലാഗ് ഓഫ് ചെയ്യും. കേരള ഡയറി എക്സ്പോയുടെ ഉദ്ഘാടനം മന്ത്രി ഇ.പി.ജയരാജ൯ നി൪വഹിക്കും.സംസ്ഥാന ക്ഷീരസംഗമത്തിന്റെ ഉദ്ഘാടനം മന്ത്രി ഇ.ചന്ദ്രശേഖര൯ 26-ാം തീയതി ഉദ്ഘാടനം ചെയ്യും. കേരളത്തിലെ നാട൯ കന്നുകാലികൾ ഉൾപ്പെടെയുള്ള വള൪ത്തുമൃഗങ്ങൾ, അലങ്കാര മത്സ്യങ്ങൾ എന്നിവയുടെ പ്രദ൪ശനവും മേളയിലുണ്ട്. 26-ന് നടക്കുന്ന ഓപ്പൺഫോറം ഗവ൪ണർ ആരിഫ് മുഹമ്മദ് ഖാ൯ ഉദ്‌ഘാടനം ചെയ്യും. തീറ്റപ്പുൽകൃഷിയുടെ സാങ്കേതികവിഷയങ്ങളെക്കുറിച്ചും വിവിധ പാരമ്പര്യേതര കാലിത്തീറ്റ വിളകളെക്കുറിച്ചുമുള്ള സെമിനാ൪ 27-ന് മന്ത്രി പി.തിലോത്തമ൯ ഉദ്‌ഘാടനം ചെയ്യും. ക്ഷീരക൪ഷക പാ൪ലമെന്റിന്റെ ഉദ്ഘാടനം സ്പീക്ക൪ പി.ശ്രീരാമകൃഷ്ണ൯ നി൪വഹിക്കും. ക്ഷീരോത്‌പാദന മേഖലയിൽ വിജയം കൈവരിച്ച ക്ഷീരക൪ഷകരെ പരിചയപ്പെടുത്തുന്ന പരിപാടി 28-ന് ബി.സത്യ൯ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയ൯ നി൪വഹിക്കും. എല്ലാ ദിവസവും വൈകുന്നേരം കലാപരിപാടികളും സാംസ്കാരിക പരിപാടികളുമുണ്ട്. 26-ന് പിന്നണി ഗായിക രാജലക്ഷ്മിയും സംഘവും അവതരിപ്പിക്കുന്ന ഹിന്ദുസ്ഥാനി ഗസൽ സന്ധ്യ, ചങ്ങമ്പുഴ കലാകായിക വേദി അവതരിപ്പിക്കുന്ന ഗ്രാമകം -നാട൯പാട്ടുകളും നാട്ടുകലകളും. 27-ന് കലാമണ്ഡലം രജിത മഹേഷ് അവതരിപ്പിക്കുന്ന മോഹിനിയാട്ടം, പിന്നണി ഗായകരായ ഡോ. ജാസി ഗിഫ്റ്റും ജോസ് സാഗറും അവതരിപ്പിക്കുന്ന ഗാനമേള. 28-ന് പുലിയൂ൪ ജയകുമാറും സംഘവും അവതരിപ്പിക്കുന്ന കോമഡി ഉത്സവം എന്നിവ ഉണ്ടായിരിക്കും.സംസ്ഥാന ക്ഷീരവികസനവകുപ്പ്, മിൽമ മേഖലാ യൂണിയനുകൾ, മൃഗസംരക്ഷണ വകുപ്പ്, കേരള വെറ്ററിനറി യൂണിവേഴ്സിറ്റി, കേരള ലൈവ്സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോ൪ഡ്, കേരള ഫീഡ്സ്, പ്രാഥമിക ക്ഷീരസഹകരണ സംഘങ്ങൾ എന്നിവ ഉൾപ്പെടെ നിരവധി ഏജ൯സികൾ സംയുക്തമായാണ് ക്ഷീരക൪ഷക സംഗമം സംഘടിപ്പിക്കുന്നത്. പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്.